|    Oct 26 Wed, 2016 7:59 am
FLASH NEWS

രോഗി ഉണര്‍ന്നിരിക്കെ വേദന രഹിതമായ അപൂര്‍വ തലച്ചോര്‍ ശസ്ത്രക്രിയ

Published : 28th June 2016 | Posted By: SMR

ആലുവ: രാജഗിരി ആശുപത്രിയില്‍ നടന്ന അത്യപൂര്‍വമായ അവേയ്ക്ക് ക്രേനിയോട്ടമി ശസ്ത്രക്രിയ വിജയകരം. രോഗിയെ മയക്കി കിടത്താതെ തന്നെ തലച്ചോറിലെ കൈ കാലുകളുടെ പ്രവര്‍ത്തനം അല്ലെങ്കില്‍ സംസാര ശേഷി എന്നിവയെ നിയന്ത്രിക്കുന്ന ഭാഗത്ത് ഉണ്ടാവുന്ന ട്യൂമര്‍ വേദന രഹിതവും ശാസ്ത്രീയവുമായി നീക്കം ചെയ്യുന്നതിനാണ് അവേയ്ക്ക് ക്രേനിയോട്ടമി ശസ്ത്രക്രിയ ഉപകരിക്കുന്നത്. ഈ അവസരത്തില്‍ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താനും സാധിക്കും.
സംഭാഷണം ഇടയ്ക്കുവച്ച് തടസ്സപ്പെടുന്ന സ്പീച്ച് അറസ്റ്റ് സംഭവിക്കുന്ന അപൂര്‍വമായ അപസ്മാര രോഗവുമായി ആലുവയിലെ രാജഗിരി ആശുപത്രിയിലെത്തിയ 57കാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ന്ന് എംആര്‍ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനയില്‍നിന്നും ഇദ്ദേഹത്തിന്റെ തലച്ചോറില്‍ ഒരു മുഴ കണ്ടെത്തുകയായിരുന്നു. സംസാര ശേഷിയുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്ന ബ്രോക്കാസ് ഏരിയയ്ക്ക് സമീപം കണ്ടെത്തിയ മുഴ അനിയന്ത്രിതമായി വളരുന്നതായി സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കി.
ഇത്തരം മുഴകള്‍ നീക്കംചെയ്യുമ്പോള്‍ രോഗിയുടെ സംസാരശേഷി പൂര്‍ണമായും നഷ്ടമായേക്കാവുന്ന ഗുരുതര സാഹചര്യമുണ്ട്. അതിനാല്‍ സംസാരശേഷി ഉദ്ഭവിക്കുന്ന ഭാഗം ഏതെന്ന് മനസ്സിലാക്കി അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ശസ്ത്രക്രിയ പുരോഗമിക്കുമ്പോള്‍ തലച്ചോറിന്റെ ഉപരിഭാഗത്ത് വൈദ്യുതിയാല്‍ ഉത്തേജിപ്പിക്കുമ്പോള്‍ ആ ഭാഗം താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാവുന്നു. അപ്പോള്‍ സംസാരം നിലയ്ക്കും. ഉത്തേജനം നിര്‍ത്തുമ്പോള്‍ ക്ഷണനേരംകൊണ്ട് സംസാരം വീണ്ടെടുക്കുന്നു. ഇതിനോടൊപ്പം ന്യൂറോ നാവിഗേഷന്‍, നൂതനമായ ഫഌറസന്‍സ് മൈക്രോസ്‌കോപ്പ് എന്നിവ ഉപയോഗിച്ച് ട്യൂമര്‍ കൃത്യമായി കണ്ടുപിടിക്കുകയും പൂര്‍ണമായും നീക്കുകയും ചെയ്തു.
ശസ്ത്രക്രിയ പുരോഗമിക്കുമ്പോള്‍ വിദഗ്ധര്‍ രോഗിയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. ശസ്ത്രക്രിയ പൂര്‍ണമായ ഉടന്‍ രോഗിക്ക് സാധാരണപോലെ സംസാരിക്കാനും ബന്ധുക്കളുമായി സംവദിക്കാനും സാധിച്ചു. രോഗി ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡോ. ജഗത് ലാല്‍ ഗംഗാധരന്‍(ന്യൂറോസര്‍ജന്‍), ഡോ. ആനി തോമസ്, ഡോ. സച്ചിന്‍ ജോര്‍ജ്(അനസ്തറ്റിസ്റ്റ്) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day