|    Dec 10 Sat, 2016 11:56 pm

രോഗിയുടെ രക്ത സാംപിളില്‍ പേരുമാറിയ സംഭവം: പോലിസ് അന്വേഷിക്കും

Published : 1st December 2016 | Posted By: SMR

ആര്‍പ്പുക്കര: രോഗിയുടെ രക്തസാംപിളില്‍ പേരുമാറി പരിശോധനയ്ക്കു കൊടുത്തുവിട്ട സംഭവത്തില്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തുമെന്നു പോലിസ്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷം മതി അന്വേഷണമെന്നും അല്ലെങ്കില്‍ ചികില്‍സയെ ബാധിക്കുമെന്ന ഭയപാടാണ് ഇപ്പോള്‍ അന്വേഷിക്കാത്തതെന്നും പോലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തിരുവല്ല ഓതറ സ്വദേശി കുഞ്ഞുമോന്റെ മൂന്നര വയസ്സുള്ള ക്രിസ്റ്റി എന്ന കുട്ടിയുടെ രക്ത സാംപിളിലാണ് മാറ്റം സംഭവിച്ചത്. പകരം ഇതേ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റൊരു കുട്ടിയുടെ രക്ത സാംപിള്‍ മാറി നല്‍കുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ രക്ത സാംപിള്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സാംപിള്‍ മാറിയ വിവരം അറിയുന്നത്. ഉടന്‍ കുട്ടിയുടെ പിതാവ് ആശുപത്രിയിലുള്ള ബന്ധുക്കള്‍ മുഖാന്തരം ഡോക്ടറെയും യൂനിറ്റ് ചീഫിനെയും വിവരം ധരിപ്പിച്ചപ്പോള്‍ നിങ്ങള്‍ കുട്ടിക്കു വിഷം കൊടുത്ത ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും നിങ്ങള്‍ക്കെതിരേ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ 28ന് വൈകീട്ട് ക്രിസ്റ്റി പാരാസെറ്റാമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രക്ത പരിശോധനക്ക് സാംപിള്‍ എടുത്തു. ഒരു പരിശോധന കുട്ടികളുടെ ആശുപത്രിയിലും മറ്റൊരു പരിശോധന കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിലേക്കുമാണ് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിയുടെ പിതാവ് രക്ത സാംപിളുമായി സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റൊരു കുട്ടിയുടെ പേരുള്ള രക്തസാംപിളാണ് തന്ന് അയച്ചതെന്ന് അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ അത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വകുപ്പുമേധാവിയും ഇതേ നിഷേധ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗര്‍ പോലിസിലും രേഖാമൂലം പരാതി നല്‍കി. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറായില്ല. രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം അന്വേഷണം നടത്താമെന്ന് ഗാന്ധിനഗര്‍ പോലിസ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക