|    Oct 23 Sun, 2016 1:29 pm
FLASH NEWS

രോഗിയുടെ അനുഭവം ഡോക്ടറുടെയും

Published : 6th March 2016 | Posted By: sdq

DR VANAJA PRADEEP

ഡോ. വനജ പ്രദീപ്

മുന്തിരിക്കുലകള്‍ പോലെ ദേഹമാസകലം മാംസപിണ്ഡങ്ങള്‍ (ന്യൂറോ ഹൈഡ്രോമ) തൂങ്ങിനില്‍ക്കുന്ന ആ വൃദ്ധന്‍ തന്റെ രോഗത്തെക്കുറിച്ചു പറയാനായിരുന്നില്ല ഞാന്‍ ജോലിചെയ്യുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിയത്. യുവതിയായ മകള്‍ക്ക് അണ്ഡാശയത്തിലുണ്ടായ മുഴ കാന്‍സറാണെന്ന തിരിച്ചറിഞ്ഞതിന്റെ ആധിയിലായിരുന്നു ആ പിതാവ്. തീരെ ദരിദ്രമായ അഞ്ചംഗ കുടുംബത്തിലെ മൂത്ത മകന്‍ കൂലിപ്പണി ചെയ്തു ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു വീട്ടുചെലവിനും മകളുടെ ചികില്‍സയ്ക്കും ഉണ്ടായിരുന്നത്. മകന് ഭാര്യയും രണ്ട് പിഞ്ചു മക്കളുമുണ്ടായിരുന്നു.
ഇരുപത്തിനാലുകാരിയായ സുബൈദയുടെ ശരീരത്തില്‍ കാന്‍സര്‍ ഏറക്കുറേ ആധിപത്യം പുലര്‍ത്തിത്തുടങ്ങിയിരുന്നു. മണ്ണാര്‍ക്കാട്ടു നിന്ന് ആഴ്ച തോറും അവളെ സഹോദരനും വൃദ്ധനായ പിതാവും പ്രയാസപ്പെട്ട് ആശുപത്രിയിലെത്തിച്ചു. നാട്ടുകാരുടെ സഹായവും ഡോക്ടര്‍മാരുടെ സഹകരണവും അവര്‍ക്കു ലഭിച്ചിരുന്നു. ഇതിനു പുറമെ സര്‍ക്കാരിനുള്ള മൂന്നു ശതമാനം നികുതി മാത്രം അധികമായി വാങ്ങി മരുന്നു നല്‍കുന്ന ഞങ്ങളുടെ ആശുപത്രിയുടെ രീതിയും അവര്‍ക്ക് ഏറെ സഹായകമായി. മറ്റുള്ളവര്‍ ഇന്‍ജക്ഷനുകള്‍ ഉള്‍െപ്പടെയുള്ളവയ്ക്ക് നൂറു ശതമാനം ലാഭമെടുത്ത് ഇരട്ടി വിലയ്ക്ക് വില്‍പന നടത്തുമ്പോഴാണ് ഇവിടെ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്നത്. എന്നിട്ടും പലപ്പോഴും മരുന്നു വാങ്ങാന്‍ അവര്‍ക്ക് പണം തികയാതെ വന്നു. അപ്പോഴെല്ലാം മരുന്നു കമ്പനികള്‍ തരുന്ന സാംപിളുകള്‍ അവര്‍ക്കു നല്‍കിയാണ് ചികില്‍സ മുടങ്ങാതെ കൊണ്ടുപോയിരുന്നത്.
ചികില്‍സയുടെ അവസാനഘട്ടത്തില്‍ ശസ്ത്രക്രിയയിലൂടെ അണ്ഡാശയം നീക്കം ചെയ്ത് അവരെ മടക്കി അയച്ചു. ഇതോടെ മറ്റു രോഗികളെ പോലെ സുബൈദയും പിന്നീട് ഓര്‍മകളില്‍ മാത്രമായി ഒതുങ്ങി.
പിന്നീടൊരിക്കല്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സുബൈദയുടെ സഹോദരന്‍ എന്റെ പരിശോധനാമുറിയിലെത്തിയത്. അദ്ദേഹത്തിന്റെ വലതു തുടയിലുള്ള കല്ലിപ്പ് കാന്‍സറാണെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. സഹോദരിയുടെ ചികില്‍സയ്ക്കായുള്ള ഓട്ടത്തിലും കുടുംബം പുലര്‍ത്താനുള്ള അത്യധ്വാനത്തിനുമിടയില്‍ കാലിനു ബാധിച്ച വേദന ഗൗരവത്തിലെടുക്കാനോ ഡോക്ടറെ കാണാനോ സബൈദയുടെ സഹോദരനു കഴിഞ്ഞിരുന്നില്ല. രോഗം കാന്‍സറാണെന്നു വ്യക്തമായപ്പോഴാവട്ടെ സമയം ഏറെ വൈകിയിരുന്നു.
കുടുംബത്തിന്റെ ഏക അത്താണിയായ ആ ഇരുപത്തൊമ്പതുകാരന്‍ നടക്കാന്‍ പോലുമാവാതെ തീവ്രവേദനയുടെ പിടിയിലായതോടെ ഏറ്റവും ഇളയ അനുജനായ കൗമാരക്കാരന്റെ ചുമലിലായി മുഴുവന്‍ ജീവിതഭാരവും. വലിയ കുടുംബത്തിന്റെ സംരക്ഷണം, രണ്ടു സഹോദരങ്ങളുടെയും ചികില്‍സ, വൃദ്ധനായ പിതാവിനുള്ള ചികില്‍സ എല്ലാം ആ കുഞ്ഞു ചുമലിലായി. സഹോദരിയുടെ ചികില്‍സയ്ക്ക് സഹായം നല്‍കിയ നാട്ടുകാര്‍ സഹോദരനെയും സഹായിച്ചു. കീമോതെറാപ്പി ആവര്‍ത്തിച്ചു. പലപ്പോഴും സാംപിള്‍ മരുന്നുകളാണു നല്‍കിയത്. ഏറെ പരിമിതികള്‍ക്കിടയില്‍ നിന്ന് രണ്ടു വര്‍ഷത്തോളം ചികില്‍സ തുടര്‍ന്നു. പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയും ചികില്‍സയുമൊന്നും ഫലം കണ്ടില്ല. ഭാര്യയെയും പിഞ്ചുമക്കളെയും അനാഥരാക്കി അദ്ദേഹം മരണത്തിനു കീഴടങ്ങി.
കാലങ്ങള്‍ പിന്നെയും കഴിഞ്ഞു. ഒരു ദിവസം സുബൈദ വീണ്ടും എന്റെ മുന്നിലെത്തി. വയറുവേദനയും ഛര്‍ദ്ദിയുമായിരുന്നു പ്രശ്‌നം. എന്‍ഡോസ്‌കോപ്പിയും തുടര്‍പരിശോധനയും നടത്തിയതോടെ ആ സത്യം തെളിഞ്ഞു. സുബൈദയെ വീണ്ടും കാന്‍സര്‍ ആക്രമിച്ചിരിക്കുന്നു. നേരത്തേയുള്ള കാന്‍സര്‍ പൂര്‍ണമായും മാറിയ ശേഷമാണ് ഇത്തവണ മറ്റൊരു ഭാഗത്ത്, ആമാശയത്തില്‍ രോഗം ബാധിച്ചത്. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കിയ ആ ശരീരത്തിലേക്ക് വീണ്ടും കാന്‍സര്‍ കോശത്തെ നശിപ്പിക്കുന്ന മരുന്നുകള്‍ കയറ്റി. ഇളയ സഹോദരനും പിതാവുമായിരുന്നു അപ്പോഴെല്ലാം കൂടെ വന്നിരുന്നത്. ”ഡോക്ടറെ ഇതും നേരത്തേതു പോലെ മാറില്ലേ” എന്ന് അവള്‍ എപ്പോഴും എന്നോടു ചോദിക്കുമായിരുന്നു. നാട്ടുകാര്‍ വീണ്ടും ആ കുടുംബത്തെ സഹായിച്ചു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഞാനും സഹപ്രവര്‍ത്തകരും ആശ്വാസമേകി. പക്ഷേ ഇത്തവണ കാന്‍സറിനെ അതിജീവിക്കാന്‍ സുബൈദയ്ക്കായില്ല. നേരിയ ആശ്വാസം കാണപ്പെട്ടതിനിടെ പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചു, ശരീരത്തില്‍ കഴലകള്‍ പ്രത്യക്ഷപ്പെട്ടു, മഞ്ഞപ്പിത്തം ബാധിച്ചു. അത് ലിവറിലേക്കും പടര്‍ന്നുകയറി. മൂത്ത സഹോദരന്റെ മരണം അവരെ ഏറെ തകര്‍ത്തിരുന്നു. രണ്ടു മാസത്തിനകം സുബൈദയും ഈ ലോകത്തോടു വിടപറഞ്ഞു.
ചികില്‍സക എന്ന നിലയില്‍ മാത്രമല്ല രോഗിയെന്ന രീതിയിലും കാന്‍സര്‍ എന്താണെന്ന് അനുഭവിച്ചയാളാണ് ഞാന്‍. കാന്‍സര്‍ ഒരിക്കല്‍ എന്നെയും പിടികൂടിയിരുന്നു. യൂട്രസിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. പണം, സഹായികള്‍, ഡോക്ടറായ ഭര്‍ത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണ എന്നിവയെല്ലാം വേണ്ടുവോളമുണ്ടായിരുന്നിട്ടും രോഗത്തിന്റെ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്തൊക്കെ സൗകര്യങ്ങളും പണവുമുണ്ടെങ്കിലും കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുടെ പ്രയാസങ്ങളും രോഗത്തിന്റെ അസ്വസ്ഥതകളും ആര്‍ക്കും പങ്കിടാന്‍ സാധിക്കില്ലല്ലോ.
ചികില്‍സിക്കാന്‍ പണവും മറ്റ് സൗകര്യങ്ങളുമില്ലാത്ത കാന്‍സര്‍ രോഗികളുടെ പ്രയാസം എത്രയധികമാണെന്ന് അന്നത്തെ രോഗകാലം എനിക്കു മനസ്സിലാക്കി തന്നു. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നത് അറിഞ്ഞുകൊണ്ട്, ശരീരത്തില്‍ അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അക്കാലത്ത് എന്റെ ജീവിതം. പാലിയേറ്റീവ് കെയറിലൂടെയും ജോലി ചെയ്യുന്ന ആശുപത്രിയിലൂടെയും പാവപ്പെട്ട രോഗികളോടു ചേര്‍ന്നുനില്‍ക്കുന്നതിനാലാവാം ദൈവം എന്റെ രോഗം മാറ്റിത്തന്നു. കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഞാന്‍ പൂര്‍വസ്ഥിതിയിലായി.
അതിനു ശേഷം വ്യക്തമായി പറഞ്ഞാല്‍ ഞായറാഴ്ചകളില്‍ പോലും ഞാന്‍ അവധിയെടുത്ത് വീട്ടിലിരിക്കാറില്ല. രോഗികള്‍ക്കു വേണ്ടിയുള്ളതാണ് എന്റെ എല്ലാ ദിവസങ്ങളും. എന്നെ കണ്ടില്ലെങ്കില്‍ എന്തുപറ്റിയെന്ന് അന്വേഷിക്കുന്ന എന്റെ രോഗികളുടെ പ്രാര്‍ഥന കാരണമാവാം ഞാനിപ്പോഴും ജീവിക്കുന്നത്. വേദന അനുഭവിക്കുന്ന രോഗിയുടെ കണ്ണീരിനും ദൈവത്തിനുമിടയില്‍ മതിലുകളൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ി

ഡോ. വനജ പ്രദീപ്, ഡിഎംസിഎച്ച്, ബിസിസിപിഎം, പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഓങ്കോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. പാലിയേറ്റീവ് കെയര്‍ ചികില്‍സകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day