|    Oct 25 Tue, 2016 11:05 pm
FLASH NEWS

രോഗം മാറാതെ സമൂഹം

Published : 29th November 2015 | Posted By: G.A.G

ഷിനില  മാത്തോട്ടത്തില്‍


aids-cover

aids-blurb
ര്‍ത്താവില്‍ നിന്നാണ് ആശയ്ക്ക് എച്ച്‌ഐവി പകര്‍ന്നുകിട്ടുന്നത്. രോഗം ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനു ശേഷം മാത്രമാണ് തനിക്കും എച്ച്‌ഐവി ബാധിച്ചതായി അവര്‍ തിരിച്ചറിയുന്നത്. സ്വന്തം തെറ്റുകൊണ്ടല്ല അസുഖം ബാധിച്ചതെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ കൈയൊഴിഞ്ഞു. രോഗം സൃഷ്ടിച്ച ആഘാതവും ഒറ്റപ്പെടലും അവളെ വല്ലാതെ തളര്‍ത്തി.  തനിക്കു മാത്രമല്ല, തന്റെ കുഞ്ഞിനും രോഗം ബാധിച്ചുവെന്നത് ഏറെ ഞെട്ടലോടെയാണ് അവള്‍ തിരിച്ചറിഞ്ഞത്. ഭര്‍ത്താവോ പോയി, ഈ നശിച്ച അസുഖവും പേറിയുള്ള ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നായിരുന്നു പിന്നീടുള്ള ചിന്ത.
അന്ധകാരം ബാധിച്ച ജീവിതത്തില്‍ ആശയ്ക്കു മുമ്പില്‍ പ്രത്യാശയുമായെത്തിയത് എയ്ഡ്‌സ് കൗണ്‍സിലര്‍മാരായിരുന്നു. അവര്‍ തുറന്നുകൊടുത്ത പുതിയൊരു ലോകമാണ് പിന്നീട് അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. ആത്മവിശ്വാസത്തോടെ അവളെ ജീവിതത്തിലേക്കു കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കൗണ്‍സലര്‍മാര്‍ക്ക് സാധിച്ചു.
അവരുടെ കൂടി ശ്രമഫലമായി ആശ ഒരു ജോലി സ്വന്തമാക്കി. കാര്യങ്ങളൊക്കെ ഒന്നൊതുങ്ങി എന്നു കരുതിയിരിക്കുമ്പോഴാണ് പുതിയൊരു വെല്ലുവിളി ജീവിതത്തിലേക്കു കടന്നുവന്നത്. കുഞ്ഞിന്റെ വിദ്യാഭ്യാസനിഷേധത്തിന്റെ രൂപത്തിലായിരുന്നു അത്. ഒന്നാം തരം കഴിഞ്ഞ് അടുത്ത ക്ലാസിലേക്ക് മറ്റൊരു സ്‌കൂളില്‍ ചേര്‍ത്താനിരിക്കെ അഡ്മിഷന്‍ നല്‍കാനാവില്ലെന്നു പറഞ്ഞ് സ്‌കൂള്‍ അധികൃതരും പിടിഎയും രംഗത്തെത്തി. അവരുടെ ചോദ്യം ഇതൊക്കെയായിരുന്നു: അസുഖം ബാധിച്ച ഈ അമ്മയും കുഞ്ഞും എത്ര കാലം ജീവിക്കും? അസുഖം ബാധിച്ച കുട്ടിയുടെ കൂടെ കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും തൊടുമ്പോഴും ഞങ്ങളുടെ കുട്ടികള്‍ക്കും അസുഖം ബാധിച്ചാലോ? അതിലുപരി അബദ്ധത്തില്‍ വീണു മുറിവോ മറ്റോ സംഭവിച്ച് മറ്റ് കുട്ടികള്‍ അതില്‍ തൊടാനിടയായാലോ? പത്തു വര്‍ഷത്തിനു ശേഷവും ആ ചോദ്യങ്ങള്‍ ആശയുടെ കാതില്‍ മുഴങ്ങുന്നു.
അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം, സമൂഹം ആ രീതിയിലാണ് എയ്ഡ്‌സിനെക്കുറിച്ച് ധരിച്ചുവച്ചിരുന്നത്. ഒരു വര്‍ഷക്കാലം ആ കുഞ്ഞിനു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. സംഭവം ആശയെ മാനസികമായി തളര്‍ത്തി. പക്ഷേ, തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ അവര്‍ നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങി. ഒടുവില്‍ ജില്ലാ കലക്ടറെയും കണ്ട് സംശയം ദൂരീകരിച്ചതിനു ശേഷമാണ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചത്. പത്തു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ആ കുഞ്ഞും സാധാരണ കുട്ടികളെപ്പോലെ ജീവിക്കുന്നു. അസുഖം ബാധിച്ചവര്‍ക്ക് കരുത്തേകിയും ആത്മവിശ്വാസം പകര്‍ന്നുനല്‍കിയും ആശയും ജീവിക്കുന്നു.
vihaan
ആശ ഒറ്റപ്പെട്ട സംഭവമല്ല
ആശയുടെ കുഞ്ഞിന് എച്ച്‌ഐവി പോസിറ്റീവ് ആയിരുന്നു. എച്ച്‌ഐവി ബാധിതരായ മാതാപിതാക്കളുടെ എച്ച്‌ഐവി നെഗറ്റീവ് ആയ കുട്ടിയുടെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ആ കുഞ്ഞുങ്ങളും ഫലത്തില്‍ അസുഖബാധിതര്‍ക്കു നേരിടേണ്ടിവരുന്ന അതേ വിവേചനത്തിനും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ള വേര്‍തിരിവും ഒറ്റപ്പെടുത്തലും അത്രകണ്ട് ആ കുഞ്ഞിനെ വിഷാദത്തിലാക്കിയിരിക്കും. സ്‌കൂളുകളിലും മറ്റും എച്ച്‌ഐവി ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഹാജരാക്കേണ്ട
അവസ്ഥയുണ്ടെന്ന് ആശ പറയുന്നു. ഇത്തരം നിരവധി അനുഭവങ്ങള്‍ ആശയുടെ ഓര്‍മയിലുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ 1920കളില്‍ ചിമ്പാന്‍സികളില്‍ നിന്നാണ് ആദ്യമായി എച്ച്‌ഐവി വൈറസ് മനുഷ്യനിലേക്ക് പകര്‍ന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇതിന്റെ ഒരു നൂറ്റാണ്ട് മുമ്പുതന്നെ എച്ച്‌ഐവി മനുഷ്യനില്‍ എത്തിയിരുന്നതായും ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിമ്പാന്‍സികളെ വേട്ടയാടി ഭക്ഷിച്ചതിലൂടെയോ അല്ലെങ്കില്‍ വേട്ടയ്ക്കിടെ അസുഖം ബാധിച്ച ചിമ്പാന്‍സികളുടെ രക്തം മുറിവുകളില്‍ പതിച്ചതോ ആവാം രോഗകാരണം.
ഇന്നത്തെ തോതില്‍ എച്ച്‌ഐവി പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ചത് എഴുപതുകളോടെയാണ്. കാലഫോര്‍ണിയയിലെയും ന്യൂയോര്‍ക്കിലെയും സ്വവര്‍ഗപ്രേമികളായ യുവാക്കളെ രോഗം ബാധിച്ചിരുന്നു. 1981ലാണ് അമേരിക്കന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞ, ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ട കേസ് ഉണ്ടായത്. ഈ പതിറ്റാണ്ടില്‍ തന്നെ വടക്കേ അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നീ വന്‍കരകളിലെല്ലാം എച്ച്‌ഐവി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇക്കാലയളവില്‍ ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
അതേസമയം, എച്ച്‌ഐവിയുടെ ഏറ്റവും പഴ
യ തെളിവ് ലഭിച്ചിരിക്കുന്നത് 1959ല്‍ ബെല്‍ജിയന്‍ കോംഗോയിലെ ഇപ്പോഴത്തെ കിന്‍ഷാസ നഗരത്തിലെ ഒരു പുരുഷന്റെ രക്തസാംപിളില്‍ നിന്നാണെന്ന് അടുത്തിടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. ചെറിയതോതിലുള്ള ജനിതക വ്യത്യാസങ്ങളാല്‍ എച്ച്‌ഐവി അണുക്കളിലും വിവിധയിനം വകഭേദങ്ങളുണ്ട്. പ്രധാനമായും നാലിനങ്ങളാണുള്ളത്.

കൂടുതല്‍ രോഗികള്‍ ദക്ഷിണേന്ത്യയില്‍
എച്ച്‌ഐവി ബാധിതരുടെ എണ്ണം രാജ്യത്ത് കുറഞ്ഞുവരുന്നു എന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നു. അതേസമയം, കൗമാരക്കാരുടെയും യുവാക്കളുടെയും ഇടയിലെ എച്ച്‌ഐവി ബാധ വര്‍ധിക്കുകയാണ്. 2011ല്‍ നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍
ഓര്‍ഗനൈസേഷന്‍ (നാകോ) പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 21 ലക്ഷം എയ്ഡ്‌സ് ബാധിതരാണുള്ളത്. ഇന്ത്യയില്‍ ആകമാനം പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ 57 ശതമാനം കുറവുണ്ടായെങ്കിലും ആഗോളതലത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

സ്ത്രീകളില്‍ നിന്നു പുരുഷന്മാരിലേക്ക്
സ്വവര്‍ഗരതിയിലൂടെയും ലൈംഗികത്തൊഴിലാളികള്‍ വഴിയുമുള്ള എച്ച്‌ഐവി ബാധയ്ക്ക് കുറവു വന്നെങ്കിലും മയക്കുമരുന്നു കുത്തിവയ്ക്കുന്ന സിറിഞ്ചുകളിലൂടെയുള്ള പകര്‍ച്ചയുടെ തോത് മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്‍മാരാണ് എച്ച്‌ഐവി ബാധിതരില്‍ കൂടുതല്‍. ഇന്ത്യയിലെ എച്ച്‌ഐവി ബാധിതരുടെ ആകെ എണ്ണത്തിന്റെ 50 ശതമാനം പേരും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബാധിതരുള്ളത്.
എച്ച്‌ഐവി/എയ്ഡ്‌സിനെക്കുറിച്ച് സമ്പൂര്‍ണ ബോധവല്‍ക്കരണം നേടിയ കേരളത്തിലെ ആദ്യത്തെ ജില്ല പാലക്കാടാണ്. ആന്റി റിട്രോവിറല്‍ തെറാപ്പി (എആര്‍ടി- എച്ച്‌ഐവി ബാധിതര്‍ക്ക് അസുഖം മൂര്‍ച്ഛിക്കാതിരിക്കാന്‍ നല്‍കുന്ന പ്രതിരോധ ചികില്‍സ)യില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കു പ്രകാരം കേരളത്തില്‍ നിലവില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം 26,000 വരും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ദിനംപ്രതി ഓരോ ജില്ലയിലും പുതിയ എച്ച്‌ഐവി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടത്രേ. മുമ്പ് പുരുഷന്‍മാരില്‍ നിന്നു സ്ത്രീകളിലേക്കായിരുന്നു എച്ച്‌ഐവി കൂടുതലായും പടര്‍ന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ സ്ത്രീകളില്‍ നിന്നു പുരുഷന്‍മാരിലേക്കുള്ള എച്ച്‌ഐവി ബാധയിലും വര്‍ധനവുണ്ടായിട്ടുണ്ട്.

അനാവശ്യ ഭയം
രോഗിയുടെ രക്തം മറ്റൊരാളുടെ രക്തവുമായി കലരാനിടയായാലേ എയ്ഡ്‌സ് പകരൂ. അടുത്തിരുന്നതുകൊണ്ടോ തൊട്ടതുകൊണ്ടോ എയ്ഡ്‌സ് പകരില്ല. എച്ച്‌ഐവി ബാധിതര്‍ മറ്റുള്ളവരിലേക്കും അസുഖം പകര്‍ത്താനുള്ള മനോഭാവമുള്ളവരാണെന്ന് കുറച്ചു കാലം മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫ്രൂട്ടിയില്‍ എച്ച്‌ഐവി ബാധിച്ചയാളുടെ രക്തമുണ്ടെന്നതും സിനിമാ തിയേറ്ററുകളില്‍ എച്ച്‌ഐവി അണുക്കളുള്ള സിറിഞ്ചുകള്‍ കുത്തിവച്ചിട്ടുണ്ട് എന്നതൊക്കെയുള്ള പ്രചാരണം ഇതില്‍ പെടും. എന്നാല്‍, കൗണ്‍സലര്‍മാരും ഡോക്ടര്‍മാരും മനശ്ശാസ്ത്ര വിദഗ്ധരും ഒരേ സ്വരത്തില്‍ പറയുന്നത്, ഇത്രയും കാലത്തെ അനുഭവത്തില്‍ എച്ച്‌ഐവി ബാധിതരില്‍ അങ്ങനെയൊരു മനോഭാവം കണ്ടിട്ടില്ലെന്നാണ്. ചുറ്റുപാടുമുള്ളവര്‍ ഒറ്റപ്പെടുത്തിയും വെറുപ്പു കാണിച്ചും അവരെ ഉപദ്രവിക്കാതെ തങ്ങളിലൊരാളായി പരിഗണിക്കുകയാണ് വേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day