|    Dec 6 Tue, 2016 5:37 pm
FLASH NEWS

രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളില്‍ മതപരാമര്‍ശങ്ങള്‍ നിരോധിക്കാനാവില്ല

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരുടെ പ്രസംഗത്തില്‍ നിന്ന് മതപരമായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നതിനുപകരം അതിനെ സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് നല്ലതെന്ന് സുപ്രിംകോടതി. രാഷ്ട്രീയപ്രസംഗങ്ങളില്‍ പറയാവുന്നത്, പറയാന്‍ പാടില്ലാത്തത് എന്നിങ്ങനെ വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കാന്‍ സാധ്യമല്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
1995ലെ ഹിന്ദുത്വം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഈ അഭിപ്രായപ്രകടനം നടത്തിയത്. രാഷ്ട്രീയപ്രസംഗങ്ങളില്‍ മതം പറയാന്‍ പാടില്ലെന്ന് ടീസ്ത സെറ്റല്‍വാദിനുവേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മതം രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണോ വേണ്ടയോ എന്ന കാര്യം ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിച്ചു കാണാനാവില്ലെന്ന നിലപാടാണ് ഇന്നലെ കോടതിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവര്‍ സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിയോ അയാളുടെ പ്രതിനിധിയോ മറ്റോ വോട്ട് ചോദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിന്റെ ലംഘനമാണോ അല്ലയോ എന്ന കാര്യംമാത്രമാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നതെന്ന് കോടതി ആവര്‍ത്തിച്ചു. ‘
ഹിന്ദുത്വം’ സംബന്ധിച്ച 1995ലെ വിധിയിലെ പരാമര്‍ശങ്ങള്‍ തല്‍ക്കാലം പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. ഇതുസംബന്ധിച്ച കോടതിക്കു മുമ്പിലുള്ള നിര്‍ദേശം പരിശോധിക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഹിന്ദുത്വ എന്ന പദത്തിന്റെ താത്വിക അവലോകനങ്ങളിലേക്കോ, ഹിന്ദുത്വ എന്നാല്‍ ഹിന്ദുമതം ആണോയെന്നും ഹിന്ദുത്വം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റുമോയെന്നും അല്ല ഇപ്പോള്‍ പരിശോധിക്കുന്നത്. മറിച്ച് മതനേതാക്കളും സ്ഥാനാര്‍ഥികളും തമ്മിലുള്ള ബന്ധവും ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിനു കീഴില്‍ ഇതു നിയമവിരുദ്ധമാണോ എന്നുമാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.
മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ വംശത്തിന്റെയോ പേരില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയാല്‍ സ്ഥാനാര്‍ഥികളുടെ ഫലം അസാധുവാകുമെന്നു വ്യക്തമാക്കുന്നതാണ് 123 (3) വകുപ്പ്. ഇതുസംബന്ധിച്ച 20 വര്‍ഷത്തിലേറെ പഴക്കമുള്ള ഹരജിയിലാണ് കോടതി നടപടി. 1987ല്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനാ നേതാവ് ബാല്‍താക്കറെയും ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയും ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം എന്നീ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയതാണ് കേസിനാധാരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day