|    Dec 4 Sun, 2016 7:47 pm

രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published : 30th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലുടക്കി പ്രതിപക്ഷം ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. രാജ്യസഭയില്‍ നോട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി. കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏതുതരത്തിലുള്ളതാണെന്ന്  മനസ്സിലാക്കാന്‍ പ്രധാനമന്ത്രി സഭയിലെത്തി ചര്‍ച്ച കേള്‍ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ് വാദിപാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളും ഈ ആവശ്യത്തെ പിന്തുണച്ചു.
അതേസമയം, നോട്ട് വിഷയത്തില്‍ രാജ്യസഭയില്‍ തുടങ്ങിയ ചര്‍ച്ച ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനിടയ്ക്ക് എപ്പോഴെങ്കിലും പ്രധാനമന്ത്രി എത്തി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാവാതെ സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണെന്ന് നായിഡു ആരോപിച്ചു, ഇതോടെ പ്രതിഷേധം രൂക്ഷമാക്കി പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷത്തെ ബിജെപി അംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. ചോദ്യോത്തര വേളയിലും ബഹളം തുടര്‍ന്നതോടെ സഭ ഉച്ചവരെ പിരിയുകും പിന്നീട് രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ രാജ്യസഭ ഇന്നലത്തേക്കു പിരിഞ്ഞു.
ലോക്‌സഭയില്‍ നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ഉച്ചയ്ക്കു മുമ്പായി സഭ രണ്ടുതവണ പിരിഞ്ഞു. കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയപ്പോള്‍ എഐഎഡിഎംകെ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു. ഐടി നിയമ ഭേദഗതി ബില്ല് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിക്കാതെയാണ് ബില്ല് ഇന്നത്തെ ബിസിനസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ പിരിച്ചു വിട്ടു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ബഹളം രൂക്ഷമായതോടെ സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം സഭ ചേര്‍ന്നപ്പോള്‍ ആദായനികുതി ഭേദഗതി ബില്ല് പാസാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day