|    Dec 7 Wed, 2016 2:06 pm
FLASH NEWS

രാജസ്ഥാനില്‍ 4700 കോടിയുടെ വന്‍ മയക്കുമരുന്ന് വേട്ട

Published : 3rd November 2016 | Posted By: SMR

ജയ്പൂര്‍: ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ). രാജസ്ഥാനിലെ ഉദയ്പൂരിലെ ഫാക്ടറിയിലും രണ്ടു സംഭരണശാലകളിലുമായി നടന്ന റെയ്ഡില്‍ 4,700 കോടി രൂപ വില വരുന്ന നിരോധിത മയക്കുമരുന്നായ മെന്‍ഡ്രാക്‌സ് എന്ന മെത്താക്വലാന്‍ ആണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള ബോളിവുഡ് നിര്‍മാതാവ് അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന 25 ടണ്‍ ടാബ്‌ലെറ്റുകളും രാസവസ്തുക്കളുമാണ് കണ്ടെടുത്തത്. രാജ്യാന്തര വിപണിയില്‍ ഒരു കിലോഗ്രാം ടാബ്‌ലെറ്റിന് 20 ലക്ഷം രൂപയാണ് വില.
ഏകദേശം 23,500 കിലോ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 4,500-4,600 കോടി രൂപയാണ് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ രാജ്യാന്തര വിപണിയിലെ മൂല്യം. ഒരുപക്ഷേ, ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായിരിക്കും ഇതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കലാദ്വാസിലെ ഫാക്ടറിയിലാണ് റെയ്ഡ് നടന്നത്. ഫാക്ടറി ഉടമ രവി ദുദ്‌വാനിയെ ചോദ്യംചെയ്തതില്‍നിന്നാണ് സംഭരണകേന്ദ്രത്തിലെ മയക്കുമരുന്നു ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. റെയ്ഡിന് ശേഷം ഫാക്ടറി മുദ്രവച്ചു. ഇവിടെ സുരക്ഷയ്ക്കായി ബിഎസ്എഫിനെ നിയോഗിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ പൂര്‍ണ കണക്കെടുപ്പ് വരുംദിവസങ്ങളില്‍ നടത്തും.
തിങ്കളാഴ്ചയാണ് ദുദ്‌വാനിയുടെ ബന്ധുകൂടിയായ ബോളിവുഡ് നിര്‍മാതാവ് സുഭാഷിനെ മുംബൈയില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യുന്നതിനായി ഇയാളെ ഉദയ്പൂരില്‍ എത്തിച്ചിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലിസ് പറയുന്നു. ദുബയിലായിരുന്ന സുഭാഷ് മുംബൈയിലെ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. സുഭാഷിന് പുറമെ മറ്റു നാലുപേരെ പോലിസ് പിടികൂടിയിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. രാജ്യത്ത് മെന്‍ഡ്രാക്‌സിന്റെ ഉപഭോഗം കൂടുതലായി നടക്കുന്ന നഗരമാണ് ഉദയ്പൂരെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day