|    Oct 21 Fri, 2016 2:41 pm
FLASH NEWS

രഹസ്യം ചോര്‍ന്നു: സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ പുറത്തായി; ഫ്രഞ്ച് പ്രതിരോധ കമ്പനി പ്രതിക്കൂട്ടില്‍

Published : 25th August 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: അത്യാധുനിക ഇന്ത്യന്‍ അന്തര്‍വാഹിനിയായ സ്‌കോര്‍പീനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു. റിസ്ട്രിക്റ്റഡ് സ്‌കോര്‍പീന്‍ ഇന്ത്യ എന്ന പേരിലുള്ള രേഖകള്‍ പുറത്തായ വിവരം ആസ്‌ത്രേലിയന്‍ പത്രമാണ് വെളിപ്പെടുത്തിയത്. അടിയന്തര യുദ്ധസാഹചര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മുംബൈ മസഗാവ് കപ്പല്‍ശാലയില്‍ നിര്‍മാണത്തിലുള്ള അന്തര്‍വാഹിനികളാണ് ഇവ.
ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പന ചെയ്ത സാങ്കേതികവിദ്യയും പ്രവര്‍ത്തനരീതിയും അടങ്ങുന്ന 22,400 പേജുകളാണ് ചോര്‍ന്നത്. 350 കോടി ഡോളര്‍ ചെലവില്‍ ആറു സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി നിര്‍മിക്കുന്നത്. ഡിസിഎന്‍എസിന്റെ കരാറുകാരിലൊരാളും മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനുമാണ് 2011ല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ഇവ തെക്കുകിഴക്കന്‍ ഏഷ്യയിലെ കമ്പനികളില്‍ എത്തിയെന്നും പിന്നീടാണ് ആസ്‌ത്രേലിയയിലെ ഒരു കമ്പനിക്ക് ലഭിച്ചതെന്നും റിപോര്‍ട്ട് പറയുന്നു.
ചോര്‍ന്നവയില്‍  നാലായിരത്തോളം പേജുകള്‍ ശത്രുകപ്പലുകള്‍ക്കെതിരേ തൊടുക്കുന്ന ടോര്‍പിഡോകളുടെ പ്രവര്‍ത്തനരീതിയെ കുറിച്ചുള്ളതാണ്. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമാണ് അന്തര്‍വാഹിനിയുടെ  വിസ്തൃതി. 31 നാവികരാണ് പ്രവര്‍ത്തനം നിയന്ത്രിക്കുക.
ആറു മിസൈലുകളും ശത്രുകപ്പല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബുകളും വഹിക്കുന്ന ടോര്‍പിഡോകളുമാണ് പ്രധാന പ്രത്യേകത. ശത്രുരാജ്യത്തിന്റെ മിസൈലുകളും കപ്പലുകളും കണ്ടെത്താനായുള്ള അത്യാധുനിക ഡിറ്റക്റ്ററുകളും ഇവയിലുണ്ടാവും. ടോര്‍പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗത്തില്‍ അന്തര്‍വാഹിനിയില്‍ നിന്നു പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയില്‍ എത്ര ആഴത്തില്‍ കിടക്കാം എന്നിവയ്ക്കു പുറമേ സെന്‍സറുകള്‍, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടും.
പ്രൊജക്റ്റ് 75 എന്ന പദ്ധതിയുടെ ഭാഗമായി ഐഎന്‍എസ് കാല്‍വരി എന്ന അന്തര്‍വാഹിനി ഉള്‍പ്പെടെ ആറു സ്‌കോര്‍പീനുകള്‍ നിര്‍മിക്കാനാണ് ഡിസിഎന്‍എസുമായി ഇന്ത്യ കരാറൊപ്പിട്ടത്. ഈ ശ്രേണിയില്‍പ്പെട്ട അന്തര്‍വാഹിനിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്നിരുന്നു. ഇതു നാവികസേനയ്ക്ക് ഉടന്‍ കൈമാറാനിരിക്കെയാണ് സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത്.
രഹസ്യവിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ലഭിച്ചാല്‍ അത് ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങള്‍ക്കു തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് പ്രതിരോധ മന്ത്രാലയം. ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാരും ഫ്രഞ്ച് കമ്പനിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാവികസേനയോട് അടിയന്തര റിപോര്‍ട്ട് തേടി. നാവികസേനാ മേധാവിക്കാണ് അന്വേഷണ ചുമതല. പുറത്തായ വിവരങ്ങള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതാണോയെന്നു കണ്ടെത്തുകയാണ് ആദ്യ നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
അതേസമയം, തങ്ങളില്‍ നിനിന്ന് നിര്‍ണായക വിവരങ്ങള്‍ ചോരില്ലെന്നാണ് ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ അവകാശവാദം. ഇന്ത്യയില്‍നിന്നു തന്നെയാവും വിവരങ്ങള്‍ ചോര്‍ന്നതെന്നും വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ പ്രതികൂലമായി ബാധിച്ചതായും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, കമ്പനിയുടെ ആരോപണം നാവികസേനയും പ്രതിരോധ മന്ത്രാലയവും  നിഷേധിച്ചു.
പിന്നില്‍ സാമ്പത്തികയുദ്ധം?
മുംബൈയിലെ മസ്ഗാവ് കപ്പല്‍ശാലയില്‍ ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് അത്യാധുനിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യവിവരങ്ങള്‍ അടങ്ങിയ 22,400 പേജുകള്‍ ചോര്‍ന്നതിനു പിന്നില്‍ കരാര്‍ കമ്പനികളുടെ സാമ്പത്തിക യുദ്ധമാണെന്നു സൂചന.
12 അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിന് ഡിസിഎന്‍എസ് ആസ്‌ത്രേലിയയുമായി 3800 കോടി ഡോളറിന്റെ കരാര്‍ അടുത്തിടെ ഒപ്പിട്ടിരുന്നെങ്കിലും ഇതിന്റെ രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ല. വാശിയേറിയ പോരാട്ടത്തിനു ശേഷമാണ് കമ്പനിക്ക് ആസ്‌ത്രേലിയന്‍ കരാര്‍ ലഭിച്ചത്. കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ പൊളിക്കുന്നതിന് എതിരാളികള്‍ എന്തിനും  മുതിരുമെന്നാണ് ഡിസിഎന്‍എസ് വക്താവിന്റെ പ്രതികരണം. നിര്‍ണായക രഹസ്യങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്കു ലഭിച്ചെന്ന് ബോധ്യപ്പെട്ടാല്‍ 350 കോടി ഡോളറിന്റെ പദ്ധതി ഇന്ത്യ ഉപേക്ഷിച്ചേക്കും.
കാലപ്പഴക്കം ചെന്ന 13 അന്തര്‍വാഹിനികളാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്. ഇതില്‍ പകുതിക്കു മാത്രമേ മുഴു സമയ പ്രവര്‍ത്തനക്ഷമതയുള്ളൂ. ഈ പ്രതിസന്ധി മറികടക്കാനാണ് 2005ല്‍ ആറു സ്‌കോര്‍പീന്‍ അന്തര്‍വാഹിനി നിര്‍മാണത്തിന് കരാറുണ്ടാക്കിയത്. 2012ല്‍ ആദ്യത്തേത് നീറ്റിലിറക്കാനായിരുന്നു പദ്ധതിയെങ്കിലും കഴിഞ്ഞ വര്‍ഷമേ സാധ്യമായുള്ളൂ. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ള കാല്‍വരി എന്ന ഈ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനിക്ക് 1550 ടണ്‍ ഭാരമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day