|    Oct 24 Mon, 2016 8:58 am
FLASH NEWS

രണ്ടിടത്ത് വാഹനാപകടം; 7 മരണം

Published : 8th October 2016 | Posted By: SMR

കട്ടപ്പന/ തൃപ്പൂണിത്തുറ: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം പുഷ്പഗിരി ജങ്ഷനില്‍ ബസ്സും ടവേര കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേരും തൃപ്പൂണിത്തുറയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവും ഭാര്യാമാതാവും ഉള്‍പ്പെടെ രണ്ടു പേരുമാണ് മരിച്ചത്.
കട്ടപ്പനയിലെ അപകടത്തില്‍ കാഞ്ഞിരപ്പള്ളി ടൗണില്‍ റേഷന്‍കട നടത്തുന്ന കൊച്ചുപറമ്പില്‍ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (72), മകന്‍ ഷാജു (45), മകള്‍ ജെയ്‌നമ്മ (33), ഷാജുവിന്റെ മകന്‍ ഇവാന്‍ (ഒന്നര), കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കയം നെടുംപ്ലാക്കില്‍ ടിജോ (22) എന്നിവരാണ് മരിച്ചത്. അച്ചാമ്മയുടെ മകന്‍ ബിജു മാത്യു (43), ഷാജുവിന്റെ ഭാര്യ റിന്‍സി (36), മക്കളായ ക്രിസ്‌റ്റോ (10), കെവിന്‍ (8), കെല്‍വിന്‍ (3), ജെയ്‌നമ്മയുടെ മകള്‍ സെറ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച ഷാജുവിന് വാഴവര കൗന്തിയില്‍ തോട്ടമുണ്ട്. ഇവിടെയെത്തിയതായിരുന്നു കുടുംബം. രാവിലെ മുരിക്കാശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. സ്വകാര്യ ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ടവേരയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടവേര പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ബസ്സിലെ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
തൃപ്പൂണിത്തുറ അലയന്‍സ് ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഇരുമ്പനം തൃക്കത്ര ക്ഷേത്രത്തിനു സമീപം അമ്പിളി നിവാസില്‍ മുരളീധരന്‍ നായരുടെ മകന്‍ രാജേഷ് (43), ഭാര്യാമാതാവ് ഏരൂര്‍ പോട്ടയില്‍ ക്ഷേത്രത്തിനു സമീപം ചന്ദ്രപ്രഭയില്‍ പരേതനായ രവീന്ദ്രന്‍ നായരുടെ ഭാര്യ സുജാത (52) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുജിത (36), മക്കളായ ഗൗതം (12), അനഘ (14) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജേഷിന്റെ മകന്‍ ഗൗതമിന് തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ പുറപ്പെട്ടതായിരുന്നു കുടുംബം. രാജേഷാണ് കാര്‍ ഓടിച്ചിരുന്നത്. അലയന്‍സ് ജങ്ഷനിലെത്തിയപ്പോള്‍ പേട്ട ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ടിപ്പര്‍ലോറി കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day