|    Dec 6 Tue, 2016 5:39 pm
FLASH NEWS

രണ്ടാം മാറാട്: സിബിഐ അന്വേഷണം എതിര്‍ത്തവരില്‍ പ്രധാനി പിണറായി വിജയന്‍

Published : 11th November 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: രണ്ടാം മാറാട് കലാപക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് സിപിഎം തുടക്കം മുതലേ സ്വീകരിച്ചത് ദ്വിമുഖ പ്രീണനതന്ത്രം. ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 2004 ല്‍ പിണറായി വിജയന്‍ രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണ ആവശ്യത്തെ ശക്തമായി എതിര്‍ത്താണ് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. സംഘപരിവാരം ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യം മാറാട് കമ്മീഷന് മുമ്പിലും പുറത്തും ശക്തമായി എതിര്‍ത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത് പുതിയ ആര്‍എസ്എസ്-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണു സൂചന.
2004 ജൂലൈ 16ന് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ മുമ്പാകെ പിണറായി നല്‍കിയ 80 പേജ് വരുന്ന മൊഴിയില്‍ 13 പേജിലും സിബിഐ അന്വേഷണാവശ്യത്തോട് ശക്തമായ എതിര്‍പ്പാണു പ്രകടിപ്പിച്ചത്. 2003ലെ രണ്ടാം മാറാട് കലാപം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് പിണറായി മൊഴി നല്‍കിയത്. ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന വാജ്‌പേയിയുടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിനാല്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നതിനാണ് രണ്ടാം മാറാട് കേസില്‍ ആര്‍എസ്എസ് അത്തരമൊരു അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിണറായി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതായി കമ്മീഷന്‍ അഭിഭാഷകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പിണറായി അക്കാര്യം നിഷേധിക്കുകയും ചെയ്തു. മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2004 ജൂലൈ 7ന് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പാര്‍ട്ടിനിലപാടല്ലെന്നും പിണറായി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാട് സുവ്യക്തമാണ്. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ വര്‍ഗീയതാല്‍പര്യങ്ങള്‍ക്കായി സിബിഐയെ ദുരുപയോഗിക്കുമെന്ന ആശങ്ക കമ്മീഷന്‍ മുമ്പാകെയുള്ള മൊഴിയില്‍ പിണറായി ആവര്‍ത്തിച്ചിരുന്നു. നാടിന്റെ ക്രമസമാധാനച്ചുമതല സിബിഐയെ എല്‍പ്പിക്കാനാവില്ല. സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് മുസ്‌ലിം പ്രീണനത്തിന്റെ ഭാഗമല്ലെന്നും പിണറായി മൊഴിയില്‍ വ്യക്തമാക്കി. സിപിഎം എംപി സുരേഷ് കുറുപ്പും എല്‍ഡിഎഫ് എംപി ഫ്രാന്‍സിസ് ജോര്‍ജും ലോക്‌സഭയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎമ്മിന്റെയോ ഇടതു മുന്നണിയുടെയോ നിലപാടിന്റെ ഭാഗമല്ലെന്നാണ് പിണറായി വ്യക്തമാക്കിയത്.
അതേസമയം, പിന്നീട് അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ പിണറായിയുടെ നിലപാടിനെ നിരാകരിക്കുന്ന സമീപനമാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സര്‍ക്കാര്‍ രണ്ടുതവണ കേന്ദ്രത്തിന് കത്തയച്ചു.
അതിനിടെ രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ചതില്‍ സംഘപരിവാരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ അട്ടിമറിക്കാന്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ നേതാവിന്റെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ നടന്നെന്ന ആരോപണമാണ് 2011ല്‍ പുറത്തുവന്നത്.
രണ്ടാം മാറാട് കേസില്‍ കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ അത് അട്ടിമറിക്കുകയും സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ഒരു അരയസമാജം പ്രവര്‍ത്തകനെക്കൊണ്ട് കോടതിയില്‍ അപേക്ഷ നല്‍കിക്കുകയും ചെയ്തു. കലാപത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് ശ്യാമള നല്‍കിയ ഹരജിയും സംഘപരിവാരം അട്ടിമറിച്ചു.
രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ സ്വാഗതംചെയ്യുന്ന മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും അടക്കമുള്ള പാര്‍ട്ടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തീര്‍ത്തും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നാണ് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയ ലീഗ് നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ അടക്കമുള്ളവരും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഹൈക്കോടതിയില്‍ സ്വീകരിച്ച സമീപനവും സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ്.
ഒമ്പതുപേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കേസില്‍ 63 പേരാണ് ശിക്ഷിക്കപ്പെട്ടത്. 76 പേരെ പ്രത്യേക കോടതി നിരപരാധികള്‍ എന്നു കണ്ട് വെറുതെവിട്ടു. വിചാരണക്കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ട 63 പേരില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 35 പേര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. ശിക്ഷിക്കപ്പെട്ടവരില്‍ 16 പേര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്.
2007 ഫെബ്രുവരിയില്‍ രണ്ടാം മാറാട് കേസില്‍ അന്വേഷണം സാധ്യമല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് അവര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ കത്തില്‍ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 376 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day