|    Dec 11 Sun, 2016 3:22 pm
FLASH NEWS

രണ്ടാം മാറാട് കേസ്: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Published : 11th November 2016 | Posted By: SMR

കൊച്ചി: രണ്ടാം മാറാട് കലാപം സംബന്ധിച്ച ഗൂഢാലോചനയും ആസൂത്രണവും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
രണ്ടാം മാറാട് കലാപത്തില്‍ ദേശസുരക്ഷയ്ക്കു ഭീഷണിയാവുന്ന രീതിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദേശം. അന്വേഷണം നടത്താന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2003 മെയ് രണ്ടിനാണ് കലാപം നടന്നത്. ബാഹ്യശക്തികളുടെ ഇടപെടലും രാഷ്ട്രീയസ്വാധീനവും സംഭവത്തിനു കാരണമായിട്ടുള്ളതായി ഹരജിക്കാരന്‍ സംശയിക്കുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നുമായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ ഏകാംഗ കമ്മീഷനും ശരിയായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുമ്പ് നല്‍കിയ ഹരജികള്‍, ഫലപ്രദമായ അന്വേഷണം നടക്കുന്നതായുള്ള സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് സിബിസിഐഡി നടത്തുന്ന അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടാവുമെന്നും പുരോഗതിയില്ലെന്നും ഹരജിക്കാരന്‍ തന്നെ സംശയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നു സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം കൈമാറാനുള്ള കോടതി ഉത്തരവ്.
കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു മുമ്പ് സിബിഐക്കുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്ത് പത്തിന് സിബിഐ നിലപാട് മാറ്റുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാം മാറാട് കൂട്ടക്കൊലയ്ക്കു മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദബന്ധം ഉണ്ടെന്നതിനോ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.
കൂട്ടക്കൊല നടന്ന കാലയളവില്‍ നടന്ന ഭൂമി ഇടപാടുകള്‍, പ്രദേശവാസികളുടെ രണ്ടുലക്ഷം രൂപയ്ക്ക് മേലുള്ള ബാങ്കിടപാടുകള്‍ എന്നിവയെല്ലാം പരിശോധിച്ചതില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക