|    Dec 10 Sat, 2016 10:30 am

രഞ്ജി ക്രിക്കറ്റ് ; മാറ്റുരയ്ക്കാന്‍ മഹാരാഷ്ട്രയും ഒഡീഷയും ഇന്നു കൃഷ്ണഗിരിയില്‍

Published : 29th November 2016 | Posted By: SMR

കല്‍പ്പറ്റ: രഞ്ജി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ മഹാരാഷ്ട്രയും ഒഡിഷയുമായുള്ള മല്‍സരത്തിന് ഇന്നു കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടക്കം. രഞ്ജി സീസണില്‍ കൃഷ്ണഗിരിയില്‍ നിശ്ചയിച്ചതില്‍ അവസാനത്തേതാണ് ഇന്ന് ആരംഭിക്കുന്ന ചതുര്‍ദിന മല്‍സരം. ഒക്ടോബര്‍ 27 മുതല്‍ 30 വരെ നടന്ന ആദ്യ മല്‍സരത്തില്‍ ജാര്‍ഖണ്ഡും വിദര്‍ഭയും സമനിലയില്‍ പിരിയുകയായിരുന്നു. ഈ മാസം 24ന് അവസാനിച്ച രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി രണ്ടു വിക്കറ്റിന് ജയിച്ചു. രാജസ്ഥാനായിരുന്നു എതിരാളി. വീറുറ്റതാവും മഹാരാഷ്ട്ര-ഒഡിഷ പോരാട്ടമെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ആസ്വാദകര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാറ്റേന്തിയും പന്തെറിഞ്ഞും പ്രതിഭ തെളിയിച്ചവര്‍ ഉള്‍പ്പെടുന്നതാണ് രണ്ടു ടീമുകളും. സീസണില്‍ ഒഡിഷയുടെയും മഹാരാഷ്ട്രയുടെയും ഏഴാമത്തെ മല്‍സരമാണ് കൃഷ്ണഗിരിയിലേത്. മുന്‍ മല്‍സരങ്ങളില്‍ വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, അസം, കര്‍ണാടക ടീമുകളുമായി സമനിലയില്‍ പിരിഞ്ഞ ഒഡിഷ സൗരാഷ്ട്രയെ 32 റണ്‍സിന് തോല്‍പ്പിക്കുകയുമുണ്ടായി. ഡിസംബര്‍ ഏഴുമുതല്‍ ജാര്‍ഖണ്ഡുമായാണ് ഗ്രൂപ്പില്‍ ഒഡിഷയുടെ അവസാന മല്‍സരം. സീസണില്‍ ജാര്‍ഖണ്ഡുമായുള്ള ആദ്യ കളിയില്‍ ആറു വിക്കറ്റിനു തോറ്റ മഹാരാഷ്ട്ര പിന്നീട് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഡല്‍ഹി, സൗരാഷ്ട്ര, രാജസ്ഥാന്‍ ടീമുകളുമായി സമനില പാലിച്ച മഹാരാഷ്ട്ര വിദര്‍ഭയെ ഒരിന്നിങ്‌സിനും മൂന്നു റണ്‍സിനും അസമിനെ ഇന്നിങ്‌സിനും 32 റണ്‍സിനും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ കര്‍ണാടകയുമായാണ് മഹാരാഷ്ട്രയുടെ ഒടുവിലത്തെ മല്‍സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനകം 12 ശതകവും 16 അര്‍ധശതകവും നേടിയ ക്യാപ്റ്റന്‍ കേദാര്‍ ജാദവ്, 13 സെഞ്ചുറിയും 22 ഹാഫ് സെഞ്ചുറിയും കരസ്ഥമാക്കിയ അങ്കിത് ഭാവ്‌നെ, വൈസ് ക്യാപ്റ്റന്‍ സ്വപ്‌നില്‍ ഗൂഗ്ലേ, സന്‍ഗ്രാം അധികാര്‍, ഹര്‍ഷദ് ഖാദിവാലെ, നിഖില്‍ നായ്ക് എന്നിവരടങ്ങുന്നതാണ് മഹാരാഷ്ട്ര ബാറ്റിങ് നിര. ശീകാന്ത് മുണ്ടേ, ചിരാഗ് ഖുറാന എന്നീവര്‍ ടീമിലെ ഓള്‍ റൗണ്ടര്‍മാരാണ്. രോഹിത് മോട്‌വാനിയാണ് വിക്കറ്റ് കീപ്പര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130ല്‍ പരം വിക്കറ്റ് നേടിയ അനുപമം, അക്ഷയ് ധരേക്കര്‍, സമദ് ഫല്ല എന്നിവര്‍ ബൗളിങ് നിരയിലുണ്ട്. ഗോവിന്ദ പോഡാറാണ് ഒഡിഷ നായകന്‍. സന്ദീപ് പട്‌നായ്ക്, രഞ്ജിത്ത് സിങ്, അഭിലാഷ് മല്ലിക്, അനുരാഗ് സാരംഗി, അരബിന്ദ് സിങ്, വികാസ് പാട്ടി എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍. ഹല്‍ഹദാര്‍ ദാസും എസ് സേനാപതിയും വിക്കറ്റ് കീപ്പര്‍മാരാണ്. ബിപ്‌ലാബ് സാമന്ത്രയും ലഗ്‌നജിത് സാമലും ഓള്‍ റൗണ്ടര്‍മാരുടെ ഗണത്തിലുണ്ട്. ബസന്ത് മൊഹന്തി, ദീപക് ബെഹ്‌റ, സൂര്യകാന്ത് പ്രധാന്‍, ധീരജ് സിങ്, അമിത് ദാസ് എന്നിവര്‍ ബൗളര്‍മാരാണ്. വയനാട്ടിലെത്തിയ രണ്ടു ടീമുകളും ഇന്നു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഖജാഞ്ചി അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day