|    Dec 3 Sat, 2016 7:11 pm
FLASH NEWS

രക്തബന്ധു അല്ലാത്തയാള്‍ക്ക് മജ്ജ ദാനം ചെയ്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: രക്തബന്ധമില്ലാത്ത വ്യക്തിക്കു മജ്ജ ദാനം ചെയ്തു സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും ദാതാവായി എന്‍ജിനീയറിങ് വിദ്യാര്‍ഥി. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങിലെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥി അജയ്കൃഷ്ണനാണു മജ്ജ ദാനം ചെയ്തത്. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. എപ്ലാസ്റ്റിക് അനീമിയ എന്ന വിട്ടുമാറാത്ത രക്തജന്യരോഗം ബാധിച്ച 12 വയസ്സുകാരനാണ് അജയ്‌യുടെ മജ്ജ നല്‍കിയത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷം അജയ് കോളജിലും പോവാന്‍ തുടങ്ങി. ഒരു വര്‍ഷം മുമ്പ് കോളജ് ഫെസ്റ്റിന്റെ സമയത്താണ് ദാത്രി ബ്ലഡ് സ്‌റ്റെം സെല്‍ ഡോണേഴ്‌സ് രജിസ്ട്രിയില്‍ അജയ് പേര് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് രോഗബാധിതനായ ആണ്‍കുട്ടിയുടെ രക്തമൂലകോശവുമായി അജയ്ക്ക് ജനിതക സാമ്യമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ദാത്രി പ്രവര്‍ത്തകര്‍ വിളിക്കുകയായിരുന്നു. ആദ്യം രക്തമൂലകോശ ദാനമാണു നിശ്ചയിച്ചതെങ്കിലും രോഗിയുടെ നില വഷളായതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ മജ്ജ മാറ്റിവയ്ക്കലിന് നിര്‍ദേശിച്ചു. അജയ് സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ പരിശോധന പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ മൂന്നിനു ശസ്ത്രക്രിയ നടത്തി. ജനിതക സാമ്യമുള്ള മൂലകോശ ദാതാവിനെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ 2009ല്‍ രൂപീകരിച്ചതാണു ദാത്രി സ്‌റ്റെം സെല്‍ ഡോണേഴ്‌സ് രജിസ്ട്രി. ഇതുവരെ 204 രക്തമൂല കോശദാനങ്ങള്‍ ദാത്രിയിലൂടെ നടന്നിട്ടുണ്ട്. മൂന്നു ദാനങ്ങളും ദാത്രിയിലൂടെ ആയിരുന്നു. പൂര്‍ണമായി ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രക്തജന്യ രോഗങ്ങള്‍ക്കു രക്തമൂലകോശദാനവും മജ്ജ മാറ്റിവയ്ക്കലുമാണു നിര്‍ദേശിക്കുക. പാറശാല പരുവയ്ക്കല്‍ തെക്കേ പ്ലാന്തോട്ടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നായരുടെയും അജിത ഉണ്ണികൃഷ്ണന്റെയും മകനാണ് അജയ് കൃഷ്ണന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day