|    Oct 27 Thu, 2016 8:26 pm
FLASH NEWS

യോഗ ഒരു നിയോഗം

Published : 5th December 2015 | Posted By: swapna en

എ പി വിനോദ്
92 വയസ്സിന്റെ നിറവിലും യോഗ പ്രകൃതിചികില്‍സയുടെ ഉപാസകനായ എം കെ രാമന്‍ മാസ്റ്ററുടേത് അര്‍പ്പിത ജീവിതമാണ്. യോഗയെ കച്ചവടവല്‍ക്കരിക്കുന്ന ആധുനികകാലത്ത് വേറിട്ട ശബ്ദമാണ് ഈ ആചാര്യന്റേത്. യോഗാഭ്യാസം സന്ന്യാസികള്‍ക്കും ബ്രഹ്മചാരികള്‍ക്കും മാത്രമുള്ളതാണെന്ന ധാരണയുണ്ടായിരുന്ന കാലത്താണ് സാധാരണക്കാരന് യോഗമാര്‍ഗം ഉപദേശിക്കാന്‍ രാമന്‍മാസ്റ്റര്‍ കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം മന്നംപുറത്തു കാവിനു സമീപം ‘കാവില്‍ ഭവന്‍’ എന്ന പേരില്‍ സംസ്ഥാനത്ത് ആദ്യമായി യോഗ പ്രകൃതിചികില്‍സാകേന്ദ്രം തുടങ്ങുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ആയിരക്കണക്കിനു ശിഷ്യന്മാരുള്ള രാമന്‍ മാസ്റ്റര്‍ ഇപ്പോഴും യോഗയെക്കുറിച്ചു പറയുമ്പോള്‍ വാചാലനാവും. ബാബാ രാംദേവിനെപ്പോലുള്ള സ്വാമിമാര്‍ യോഗയെ കച്ചവടമാക്കുകയാണെന്നു പറയാന്‍ ഈ യോഗഗുരുവിനു മടിയില്ല. ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ കൈയും കാലും ഉയര്‍ത്തിക്കാണിക്കേണ്ട അഭ്യാസമല്ല ഇത്. മനസ്സും ശരീരവും ഒന്നിക്കുമ്പോഴേ യോഗാസനം സാധ്യമാവൂ. യോഗ ഒരു ജീവിതരീതിയാക്കിയാല്‍ അസുഖങ്ങളില്‍നിന്നു മോചനം നേടാം. തെറ്റായ ആഹാരരീതിയാണ് മനുഷ്യനെ രോഗികളാക്കുന്നത്. കാട്ടില്‍ ജീവിക്കുന്ന എല്ലാ മൃഗങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നതിന് അവരുടേതായ രീതിയില്‍ വ്യായാമം ചെയ്യുന്നുണ്ട്. പൂച്ചയും പട്ടിയുമൊക്കെ ശരീരം നിവര്‍ത്തിക്കിടക്കുന്നത് ഇതിനുദാഹരണമാണ്. രോഗം വന്നാല്‍ അതു മാറുന്നതു വരെ മൃഗങ്ങള്‍ ഭക്ഷണത്തോട് താല്‍പ്പര്യം കാണിക്കാറില്ല. ശരിയായ ശ്വസനവും വ്യായാമവും ആഹാരരീതിയുമുണ്ടെങ്കില്‍ ആരോഗ്യവാനായി ആര്‍ക്കും ജീവിക്കാന്‍ സാധിക്കുമെന്നതാണ് യോഗയുടെ സന്ദേശമെന്ന് രാമന്‍ മാസ്റ്റര്‍ പറയുന്നു. യോഗയ്ക്കു ജാതിയോ മതമോ ഇല്ല. ദുര്‍മേദസ്സുകളെയും ദുശ്ശീലങ്ങളെയും ഒഴിവാക്കി മനസ്സിനെ നിയന്ത്രിക്കുകയാണ് യോഗ അഭ്യസിക്കുന്നയാള്‍ ആദ്യം ചെയ്യേണ്ടത്.

യോഗ പ്രകൃതിചികില്‍സാകേന്ദ്രത്തിന്റെ ആരംഭം
സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ സിലബസോടു കൂടി യോഗ പ്രകൃതിചികില്‍സ പഠനകേന്ദ്രം ആരംഭിച്ചത് 1956ല്‍ നീലേശ്വരം മന്നംപുറത്തു കാവിനു സമീപമാണ്. ശിവാനന്ദസരസ്വതി സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി ഉത്തരേന്ത്യയിലെ ഋഷികേശില്‍ നിന്നാണ് 22ാം വയസ്സില്‍ രാമന്‍ മാസ്റ്റര്‍ യോഗ പഠിക്കുന്നത്. യോഗപഠനം ഒരു ഭ്രാന്ത് തന്നെയായിരുന്നു മാസ്റ്റര്‍ക്ക്. യോഗയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍നിന്ന് യോഗയുടെ സത്ത മനസ്സിലാക്കുകയും ചെയ്തു.

നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ സ്‌കൂളിലെ ഗണിതാധ്യാപകനായിരുന്ന രാമന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കു യോഗ പറഞ്ഞുകൊടുത്തു. നീലേശ്വരത്തെ ഒരു ജിംനേഷ്യത്തിന് അനുബന്ധമായാണ് ആദ്യം യോഗ പരിശീലനകേന്ദ്രം തുടങ്ങിയത്. തുടര്‍ന്നാണ് ഇതൊരു ചികില്‍സാരീതിയായി അവതരിപ്പിക്കുന്നത്. ചിട്ടയോടെയുള്ള യോഗയും ആഹാരക്രമവും രോഗം മാറ്റുമെന്നു മാസ്റ്റര്‍ കണ്ടെത്തി. യോഗ പഠിക്കാന്‍ ആളുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നീലേശ്വരം പാലായിലേക്കു കേന്ദ്രം മാറ്റുകയായിരുന്നു.

യോഗ ഒരു ജീവിതരീതി
രാമന്‍ മാസ്റ്റര്‍ക്ക് യോഗ ഒരു ജീവിതരീതിയാണ്. അതുകൊണ്ടുതന്നെ ചിട്ടയായ ഭക്ഷണക്രമങ്ങളും യോഗാഭ്യാസങ്ങളും 92ാം വയസ്സിലും അനുഷ്ഠിക്കുന്നുണ്ട്. ഒരു വീഴ്ചയെത്തുടര്‍ന്ന് ശാരീരികാവശതകള്‍ക്കിടയിലും യോഗ അഭ്യസിക്കാനും അഭ്യസിപ്പിക്കാനും ഈ ഗുരുവിനു കഴിയുന്നത് ഇതു ജീവിതക്രമത്തിന്റെ ഭാഗമായതിനാലാണ്. ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്കനുസരിച്ചാണ് ഇവിടെ യോഗ നിര്‍ദേശിക്കുന്നത്. പല്ലുതേപ്പും കുളിയുമെല്ലാം ചടങ്ങുകളായി മാറുന്ന ഇക്കാലത്ത് പല്ലിന്റെ ആരോഗ്യത്തിന് കൈവിരല്‍ ഉപയോഗിച്ചുകൊണ്ട് മോണയില്‍ അമര്‍ത്തി തേച്ചാലെ ദന്തരോഗങ്ങള്‍ വരാതിരിക്കൂ എന്നാണ് മാഷ്‌ക്കു പറയാനുള്ളത്. കുളിക്കുമ്പോള്‍ ശരീരം അമര്‍ത്തിത്തേക്കണം. മലബന്ധമുണ്ടായാല്‍ എനിമ ചെയ്താല്‍ മതി. ആരും പഠിപ്പിച്ചിട്ടല്ലല്ലോ ആന എനിമ ചെയ്യുന്നത്. പ്രകൃതിയില്‍ നിയതമായ ജീവിതരീതിയുണ്ട്. ഇതനുഷ്ഠിക്കണം- മാസ്റ്റര്‍ ഉപദേശിക്കുന്നു.

യോഗ പഠനത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനു രാമന്‍ മാസ്റ്റര്‍ രചിച്ച ‘യോഗമാര്‍ഗം’ അഷ്ഠാംഗഹൃദയത്തിലെ യോഗാഭ്യാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായി വിവരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെയും കര്‍മേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ശുദ്ധിക്കാവശ്യമായ ക്രിയയും യോഗാഭ്യാസമുറകളും വിശദീകരിക്കുന്ന പുസ്തകത്തില്‍ ഓരോ യോഗാഭ്യാസത്തിന്റെയും ശ്വസനക്രിയകള്‍ എടുത്തുപറയുന്നുണ്ട്. ജ്ഞാനമാര്‍ഗം എന്ന മറ്റൊരു പുസ്തകം കൂടി മാസ്റ്റര്‍ രചിച്ചിട്ടുണ്ട്.

നടുവേദനകൊണ്ടു നിവര്‍ന്നുനില്‍ക്കാന്‍ പറ്റാത്ത കൂലിത്തൊഴിലാളി മുതല്‍ മുട്ടുവേദനകൊണ്ട് പൊറുതിമുട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ ഈ കേന്ദ്രം അനുഗ്രഹമായി. ഇവിടെ 10 ദിവസത്തെ ചികില്‍സയ്‌ക്കെത്തിയ പലരും യോഗ, ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ ചികില്‍സയ്‌ക്കെത്തിയിരുന്നു.

പ്രകൃതിചികില്‍സയുടെ പുതിയ വകഭേദം
പ്രകൃതിജീവനവും പ്രകൃതിചികില്‍സയും ഫാഷനായി മാറുമ്പോള്‍ പാലായിലെ കാവില്‍ ഭവന്‍ യോഗ പ്രകൃതിചികില്‍സാകേന്ദ്രം വ്യത്യസ്തമാവുകയാണ്. ഇവിടെ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കണം. ശരീരശുദ്ധിക്കു ശേഷം യോഗ ചെയ്യണം. ചായയോ കാപ്പിയോ ഇവിടെ കിട്ടില്ല. പകരം ശര്‍ക്കരയിട്ട മല്ലിക്കാപ്പി ലഭിക്കും. പഴങ്ങളും എണ്ണ കലരാത്ത വിഭവങ്ങളും ഉള്‍പ്പെടുന്ന ലഘുഭക്ഷണം. ഉച്ചയ്ക്കു വേവിക്കാത്തതും വേവിച്ചതുമായ പച്ചക്കറികളും തവിടുകളയാത്ത അരിയുടെ ചോറും. അത്താഴം വൈകുന്നേരം പേരിനു മാത്രം. ഇത് ശരീരപ്രകൃതിയനുസരിച്ചു പഴങ്ങളോ പച്ചക്കറികളോ ആയിരിക്കും. ആവിക്കുളി, മണ്ണുചികില്‍സ, നട്ടെല്ല് സ്‌നാനം തുടങ്ങിയവയെല്ലാം രോഗികളുടെ പ്രകൃതിയനുസരിച്ചു നിശ്ചയിക്കും. 160 അംഗ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പി രാമചന്ദ്രന്‍ ചെയര്‍മാനും വി നാരായണന്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ്.

രാമന്‍ മാസ്റ്റര്‍ യോഗയുടെ പര്യായം
കര്‍മപൂരണമാണ് ജീവിതസാക്ഷാല്‍ക്കാരമെന്നു വിശ്വസിക്കുന്ന രാമന്‍ മാസ്റ്റര്‍ അവിവാഹിതനാണ.് രാമന്‍ മാസ്റ്ററുടെ സമ്പാദ്യമെല്ലാം കാവില്‍ ഭവന്‍ യോഗ പ്രകൃതിചികില്‍സാകേന്ദ്രത്തിനു നല്‍കുകയായിരുന്നു. യോഗകേന്ദ്രത്തിനടുത്ത് ഒരു കൊച്ചുവീട്ടില്‍ ഏകാകിയായി താമസിക്കുകയാണിദ്ദേഹം. പതിനായിരങ്ങളെയാണ് യോഗയുടെ ആദ്യപാഠങ്ങള്‍ ഇദ്ദേഹം പഠിപ്പിച്ചത്. ശിഷ്യന്മാര്‍ ഇപ്പോഴും രാമന്‍ മാസ്റ്ററെ കാണാനെത്തും. നിറഞ്ഞ പുഞ്ചിരിയോടെ ആധുനിക ജീവിതത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ശിഷ്യന്മാര്‍ക്കു മുന്നില്‍ വാചാലനാവും. കറി പൗഡറുകളും ബേക്കറിയും കൃത്രിമ ഭക്ഷണവും ഉപേക്ഷിക്കാത്തിടത്തോളം കാലം രോഗികള്‍ പെരുകിക്കൊണ്ടിരിക്കുമെന്നാണ് മാസ്റ്റര്‍ക്ക് പറയാനുള്ളത്.ചെന്നൈയില്‍ സ്ഥിരതാമസക്കാരായ പോര്‍ട്ട്ട്രസ്റ്റില്‍ നിന്നു വിരമിച്ച 62കാരനായ ചന്ദ്രശേഖരനും ഭാര്യ മാലതിയും 10 കൊല്ലമായി മുട്ടുവേദനകൊണ്ടു വിവിധ ആശുപത്രികളില്‍ ഇവര്‍ ചികില്‍സ തേടിയിരുന്നു. ചെന്നൈയിലെ ഒരു പ്രമുഖ ആശുപത്രിയില്‍നിന്നു മുട്ട് മാറ്റിവയ്ക്കാനാണ്  നിര്‍ദേശിച്ചത്. ഇക്കാലത്താണ് സുഹൃത്തുക്കളില്‍നിന്നു കാവില്‍ ഭവന്‍ പ്രകൃതിചികില്‍സാകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ഇവിടത്തെ അഞ്ചുദിവസത്തെ ചികില്‍സകൊണ്ടുതന്നെ രോഗത്തിനു കാര്യമായ ഭേദമുണ്ടായെന്നും ഈ ചികില്‍സാരീതി പുതിയ അനുഭവമാണെന്നും ഇവര്‍ പറയുന്നു. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day