|    Oct 24 Mon, 2016 2:22 pm
FLASH NEWS

യൂറോ കപ്പ്: അല്‍ബേനിയയെ ഫ്രാന്‍സ് 2-0നു തകര്‍ത്തു, രണ്ടടിച്ച് ഫ്രാന്‍സ് പറന്നു, പ്രീക്വാര്‍ട്ടറിലേക്ക്

Published : 17th June 2016 | Posted By: mi.ptk

Saint-Pierre-born-Payet-kic

മാഴ്‌സെ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സ് യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം കൂടിയാണ് ഫ്രാന്‍സ്. ഗ്രൂപ്പ് എയില്‍ അല്‍ബേനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്തത്. രണ്ടാം കളിയിലും തോല്‍വിയേറ്റുവാങ്ങിയ അല്‍ബേനിയ ഇതോടെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവലിന്റെ വക്കിലെത്തി. ആദ്യ കളിയിലേതുപോലെ ഈ മല്‍സരത്തിലും ജയത്തിനായി ഫ്രാന്‍സിന് അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 90ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് അന്റോണി ഗ്രീസ്മാന്‍ വലകുലുക്കിയപ്പോള്‍ ഇഞ്ചുറിടൈമില്‍ ദിമിത്രി പയെറ്റിന്റെ ഗോള്‍ ഫ്രാന്‍സിന്റെ ജയത്തിനു മാറ്റ്കൂട്ടി.പോഗ്ബയും ഗ്രീസ്മാനുമില്ലാതെഫ്രാന്‍സ്തികച്ചും അപ്രതീക്ഷിത ലൈനപ്പാണ് അല്‍ബേനിയക്കെതിരേ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം പോള്‍ പോഗ്ബയെയും ഗ്രീസ്മാനെയും ഒഴിവാക്കിയ അദ്ദേഹം പകരം ആന്റണി മര്‍ഷ്യാല്‍, കിങ്‌സ്‌ലി കോള്‍മാന്‍ എന്നിവര്‍ ടീമിലുള്‍പ്പെടുത്തി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ഫ്രാന്‍സ് ആദ്യ മുന്നേറ്റം നടത്തി. പയെറ്റിന്റെ ഫ്രീകിക്കില്‍ ഒലിവര്‍ ജിറൂഡിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു. തുടര്‍ന്നും ഫ്രാന്‍സ് ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ചപ്പോള്‍ പ്രതിരോധിച്ചു നില്‍ക്കാനാണ് അല്‍ബേനിയ ശ്രമിച്ചത്. 19ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ മര്‍ഷ്യാലിന്റെ ഗോള്‍നീക്കം അല്‍ബേനിയ വിഫലമാക്കുകയായിരുന്നു. 25ാം മിനിറ്റിലാണ് അല്‍ബേനിയക്ക് ആദ്യ ഗോളവസരം ലഭിച്ചത്. വലതുവിങില്‍ നിന്ന് ഹൈസാജ് നല്‍കിയ ക്രോസ് സഹതാരം സഡിക്കു ഹെഡ്ഡ് ചെയ്യുന്നതിനു മുമ്പ് തന്നെ ഫ്രഞ്ച് ഗോളി ഹ്യൂ ഗോ ലോറിസ് പിടിയിലൊതുക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ ഫ്രഞ്ച് വിജയനൃത്തംഒന്നാംപകുതിയില്‍ ഗോളൊന്നും നേടാനാവാതെ കളംവിട്ട ഫ്രാന്‍സ് രണ്ടാംപകുതിയില്‍ വിജയം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റിനകം ഫ്രാന്‍സിന് ലീഡ് നേടാന്‍ അവസരം. ജിറൂഡിന്റെ ക്രോസ് മറ്റിയുഡിയുടെ കൈക്കുഴയില്‍ തട്ടിത്തെറിച്ചപ്പോള്‍ കോമാന്‍ പരീക്ഷിച്ച ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു. 53ാം മിനിറ്റി ല്‍ അല്‍ബേനിയക്ക് പോസ്റ്റ് ഗോള്‍ നിഷേധിച്ചപ്പോള്‍ 67ാം മിനിറ്റി ല്‍ ഫ്രാന്‍സിനെയും പോസ്റ്റ് ചതിച്ചു. ഒടുവില്‍ 90ാം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ പിറന്നു. വലതുമൂലയില്‍ നിന്ന് ആദില്‍ റെമി തൊടുത്ത ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗ്രീസ്മാന്‍ ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരു ന്നു. ഇഞ്ചുറിടൈമില്‍ കൗണ്ടര്‍അറ്റാക്കിലൂടെ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. രണ്ടു ഡിഫന്റര്‍മാര്‍ക്കിടയിലൂടെ പയെറ്റ് തൊടുത്ത വലംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു.റുമാനിയയെ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിനരികെപാരിസ്: ഗ്രൂപ്പ് എയുടെ രണ്ടാംറൗണ്ടിലെ ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും റുമാനിയയും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവച്ചു. ഈ സമനിലയോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിനു തൊട്ടരികിലെത്തി. 18ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബോഡന്‍ സ്റ്റാന്‍കു റുമാനിയക്കു ലീഡ് നേടിക്കൊടുത്തിരുന്നു. 57ാം മിനിറ്റില്‍ അദ്മിര്‍ മെഹ്മദിയുടെ ഗോളില്‍ സ്വിസ് സമനില പിടിച്ചുവാങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day