|    Dec 9 Fri, 2016 5:05 pm
FLASH NEWS

യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേയുള്ള ആക്രമണത്തില്‍ ഡിജിപി ഇടപെടുന്നു

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ നടക്കുന്ന ആക്രമണത്തില്‍ ഡിജിപി ഇടപെടുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇരു വിഭാഗത്തെയും ആളുകളെ വിളിച്ചുചേര്‍ത്തു സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടിയെടുക്കാന്‍ കഴക്കൂട്ടം പോലിസിന് ഡിജിപിയില്‍ നിന്നും കത്ത് ലഭിച്ചു. യൂബര്‍ ടാക്‌സി അധികൃതര്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇടപെടല്‍. നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സിക്കെതിരേ പരമ്പരാഗത ഡ്രൈവര്‍മാരുടെ എതിര്‍പ്പ് അക്രമത്തിലേക്കു തിരിയുകയാണ്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അടിച്ചുപൊളിക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ വിരട്ടി ഇറക്കിവിടുകയും തമ്പാനൂരിലും എയര്‍പോര്‍ട്ടിലും ടെക്‌നോ പാര്‍ക്കിലും ഡ്രൈവര്‍മാരെ വളഞ്ഞിട്ട് തല്ലുകയും ചെയ്ത സംഭവവുമുണ്ടായി.  കേസെടുക്കാന്‍ പോലും പോലിസ് തയ്യാറാവുന്നില്ലെന്നാണു യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പരാതി. മര്‍ദനമേറ്റതിനു പരാതിപ്പെടാന്‍ സ്റ്റേഷനിലെത്തിയ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ കഴക്കൂട്ടം, വലിയതുറ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിരട്ടിയോടിച്ചതായും ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം കഴക്കൂട്ടത്ത് മൂന്ന് വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ഒരു കേസ് മാത്രമാണ് പോലിസ് എടുത്തത്. ഇതിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള  പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാനും പോലിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. കേസെടുക്കുന്നതിനു പകരം ഒത്തുതീര്‍പ്പിനാണ് പോലിസ് ആദ്യം ശ്രമിച്ചത്. ഓട്ടോ, ടാക്‌സി സ്റ്റാന്റുകള്‍ക്ക് 200 മീറ്റര്‍ അകലെ നിന്നു മാത്രമേ ഓണ്‍ലൈന്‍ ടാക്‌സികള്‍ യാത്രക്കാരെ കയറ്റാവൂവെന്നാണ് പോലിസിന്റെ നിര്‍ദേശം. അംഗീകൃതമല്ലാത്ത 25ലധികം ഓട്ടോ, ടാക്‌സി സ്റ്റാന്റുകള്‍ ഈ ഭാഗത്തുണ്ട്. ഇവിടെയെല്ലാം ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു നിരോധനമേര്‍പ്പെടുത്താനാണ് പോലിസ് ശ്രമിക്കുന്നത്. തമ്പാനൂര്‍ റെയി ല്‍വേ സ്റ്റേഷനിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അപ്രഖ്യാപിത വിലക്കാണ്. ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച യാത്രക്കാരനും ഡ്രൈവര്‍ക്കും അടികിട്ടിയ സംഭവവുമുണ്ട്. പോലിസ് ഈ ആക്രമണത്തിനെതിരേ നടപടിയെടുത്തില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day