|    Dec 8 Thu, 2016 3:36 am
FLASH NEWS

യുപി: വിവാദ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തടഞ്ഞു

Published : 21st November 2016 | Posted By: SMR

ലഖ്‌നോ: മേയര്‍മാരുടെയും നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരുടെയും സാമ്പത്തിക-ഭരണാധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിവാദപരമായ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ രാംനായിക് അനുമതി നല്‍കിയില്ല. ഓര്‍ഡിനന്‍സ,് അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ചിട്ടുണ്ട്. നേരത്തേ ഇതുസംസംബന്ധിച്ച രണ്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല.
ഉത്തര്‍പ്രദേശ് നഗര പ്രാദേശിക സ്വയംഭരണ നിയമം (ഭേദഗതി) ഓര്‍ഡിനന്‍സിന് ഒക്ടോബര്‍ 17നാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒക്ടോബര്‍ 28ന് അനുമതിക്കായി ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തു. ഓര്‍ഡിനന്‍സ് മുനിസിപ്പല്‍ കോര്‍പറേഷന്റെയും മുനിസിപ്പല്‍ കൗണ്‍സിലിന്റെയും സ്വയംഭരണ സ്വഭാവത്തിനും ഭരണ—ഘടനയ്ക്കും എതിരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഓഫിസര്‍മാരെയും ജീവനക്കാരെയും നിയമിക്കാനുള്ള അവകാശം മേയര്‍മാരില്‍ നിന്നും നഗരപാലിക ചെയര്‍മാന്‍മാരില്‍ നിന്നും എടുത്തുമാറ്റി സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ ഡയറക്ടര്‍മാരിലും നിക്ഷിപ്തമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് യുപി നഗരവികസന മന്ത്രി അസംഖാന്റെ ആശയമായിരുന്നു. ഇതേ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തന്നെയാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. മേയര്‍മാര്‍ക്കെതിരേ നടപടിക്ക് അംഗീകാരം നല്‍കുന്ന ബില്ല് തടഞ്ഞുവച്ചതിനെ ഖാന്‍, നേരത്തേ ഗവര്‍ണറെ കുറ്റപ്പെടുത്തിയിരുന്നു. ഒരു പ്രത്യേക പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിന് ഗവര്‍ണര്‍ക്ക് താല്‍പര്യമില്ലെന്നാണ് ബില്ല് സംബന്ധിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഖാന്‍ പറഞ്ഞത്.
സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ച മേയര്‍മാരെ പുറത്താക്കാനുള്ള ബില്ല് ഒരു പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങി ഗവര്‍ണര്‍ തടഞ്ഞുവച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഖാനും ഗവര്‍ണറും കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. രാംനായിക് യുപിയില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം വര്‍ഗീയാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാണ് ഖാന്റെയും സമാദജ്‌വാദി പാര്‍ട്ടിയുടെയും ആരോപണം. ബില്ലില്‍ മേയര്‍മാരെ നീക്കം ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day