|    Dec 5 Mon, 2016 9:56 am
FLASH NEWS

യുനിഫെഡ് ഏഷ്യാകപ്പ് ക്രിക്കറ്റ് ; ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഗുരുവിനും ശിഷ്യനും അനുമോദന പ്രവാഹം

Published : 29th October 2016 | Posted By: SMR

എടക്കര: ധാക്കയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് യുനിഫെഡ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഗുരുവും ശിഷ്യനും നാടിന്റെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുന്നു. ചുങ്കത്തറ മദര്‍ വെറോണിക്കാ സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപകനായ ജോയി തോമസ് എന്ന ജോബി(30), വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന്‍(15) എന്നിവര്‍ക്കാണ് നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ധാക്കയില്‍ നടക്കുന്ന യുനിഫെഡ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്്ഷന്‍ ലഭിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായത്. അതില്‍ ഗുരുവും ശിഷ്യനും ഉള്‍പ്പെട്ടു. ബാക്കിയുള്ള ടീമംഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് സ്‌പെഷല്‍ ഒളിംപിക്‌സ് യുനിഫെഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മദര്‍ വെറോണിക്കാ സ്‌കൂളിലാണ് നടന്നത്. തുടര്‍ന്ന് 2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന നാഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് സെലക്്ഷന്‍ ലഭിച്ചത്. പതിനൊന്നംഗ ടീമില്‍ അഞ്ച് കളിക്കാര്‍ ഭിന്നശേഷിക്കാരായിരിക്കും. ബാക്കിയുള്ള ആറ് കളിക്കാര്‍ സാധാരണ ആളുകളും. മുണ്ടേരി നെച്ചിക്കാടന്‍ മൊയ്തീന്‍കുട്ടിയുടെ മകനും മദര്‍ വെറോണിക്കാ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ മുഹമ്മദ് സിനാന്‍ ഭിന്നശേഷിയുള്ള കുട്ടിയാണ്. എന്നാല്‍, സാധാരണ ആളുകളെ വെല്ലുന്ന പ്രകടനമാണ് ക്രിക്കറ്റിലും ഫുട് ബോളിലും കാഴ്ചവയ്ക്കുന്നത്. സ്‌പെഷല്‍ ഫുട്‌ബോള്‍ കേരള ടീമിന്റെ കളിക്കാരനാണ് സിനാന്‍. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നടന്ന സ്റ്റേറ്റ് ഫുട്‌ബോള്‍ മല്‍സരത്തില്‍ കേരളത്തിനുവേണ്ടി പതിമൂന്ന് ഗോളുകളാണ് ഈ കൊച്ചു മിടുക്കന്‍ നേടിയത്. ചുങ്കത്തറ കോട്ടേപ്പാടത്തെ ചെമ്പകശ്ശേരി തോമസിന്റെ മകനാണ് അധ്യാപകനായ ജോബി. ഇന്ത്യന്‍ ടീമിലിടം നേടാനായത് ഭാഗ്യമായാണ് ഇരുവരും കരുതുന്നത്. അടുത്ത മുപ്പതിന് ഇരുവരും നെടുമ്പാശ്ശേരിയില്‍ നിന്നു കൊല്‍ക്കത്തയിലേക്ക് വിമാനം കയറും. അവിടെ നിന്നുമാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ ധാക്കയിലേക്ക് പോവുക. സിസ്റ്റര്‍ ബിയാട്രീസ പ്രിന്‍സിപ്പലായുള്ള മദര്‍ വെറോണിക്ക സ്‌പെഷല്‍ സ്‌കൂളില്‍ ഭിന്നശേഷിക്കാരായുള്ള 133 കുട്ടികളാണ് പഠനം നടത്തുന്നത്. സ്‌കൂളിനുപരി നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ജോബിയും സിനാനും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day