|    Oct 25 Tue, 2016 9:15 pm

യുഡിഎഫ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരേ മന്ത്രിസഭാ ഉപസമിതി; ക്രമവിരുദ്ധം

Published : 16th June 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യൂവകുപ്പ് കൈക്കൊണ്ട തീരുമാനങ്ങളില്‍ ഭൂരിഭാഗവും ക്രമവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഹോപ് പ്ലാന്റേഷന് മിച്ചഭൂമി സ്വന്തമാക്കാന്‍ ഇളവനുവദിച്ചതിലും വൈക്കം ചെമ്പില്‍ സമൃദ്ധി വില്ലേജ് സ്ഥാപിക്കാന്‍ ഭൂനിയമങ്ങളില്‍ ഇളവുനല്‍കിയതും മെത്രാന്‍ കായലിലെ ടൂറിസം പദ്ധതി ഉള്‍പ്പെടെയുള്ള ഉത്തരവുകളിലും നിയമം ലംഘിക്കപ്പെട്ടെന്നാണ് എ കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.
റവന്യൂ വകുപ്പിന്റെ 127 തീരുമാനങ്ങളാണ് ഉപസമിതി പരിഗണിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ടവയായിരുന്നു ഇതില്‍ 47 എണ്ണവും. പരിശോധന പൂര്‍ത്തിയായതോടെ ഭൂരിഭാഗവും ക്രമവിരുദ്ധമാണെന്നു സമിതി കണ്ടെത്തി.
ഇതുസംബന്ധിച്ചു വിശദമായ റിപോര്‍ട്ട് നല്‍കാന്‍ റവന്യൂവകുപ്പിനു നിര്‍ദേശംനല്‍കി. അന്തിമ റിപോര്‍ട്ട് ലഭിച്ചശേഷം ക്രമവിരുദ്ധമായ തീരുമാനങ്ങള്‍ റദ്ദാക്കാനാണ് തീരുമാനം. റിപോര്‍ട്ട് അടുത്ത ആഴ്ച ലഭിച്ചേക്കുമെന്നാണ് സൂചന. തുടര്‍നടപടികള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. റവന്യൂവകുപ്പിന് പുറമെ, മറ്റു വകുപ്പുകളുടെ ഉത്തരവുകളും വരുംദിവസങ്ങളില്‍ പരിശോധിക്കും. രണ്ട് സിറ്റിങിലൂടെ ശേഷിക്കുന്ന വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന അഭിപ്രായമാണ് ഉപസമിതി യോഗത്തില്‍ ഉയര്‍ന്നത്. വിവാദ ഉത്തരവുകളില്‍ ചിലത് കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ അതുകൊണ്ടു മാത്രം നിയമലംഘനങ്ങള്‍ അങ്ങനെയല്ലാതാവില്ലെന്ന വിലയിരുത്തലുണ്ടായി.
നിയമവകുപ്പുമായി കൂടിയാലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോവാനും തീരുമാനിച്ചു. വിവാദ ഉത്തരവുകള്‍ക്കെതിരേ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിലപാടുകള്‍ എടുത്തിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
2015 ജനുവരി ഒന്നുമുതല്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളിലും ഉത്തരവുകളിലും നിയമവിരുദ്ധമായവ പുനപ്പരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ കെ ബാലന്‍ അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.
അന്വേഷണം സ്വാഗതംചെയ്യുന്നു: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായി മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. വിവാദ ഭൂമി ഇടപാടുകളില്‍ തന്നെ മാത്രം ബലിയാടാക്കാനുള്ള നീക്കം ന്യായീകരിക്കാനാവില്ല. ഉത്തരവുകള്‍ക്കു പിന്നില്‍ ആരാണെന്നും ഏത് വകുപ്പാണെന്നും അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.
മാന്യതയുടെയും മുന്നണി മര്യാദയുടെയും പേരിലാണു താന്‍ മിണ്ടാതിരിക്കുന്നത്. ഭൂമി സംബന്ധമായ കാര്യമായതുകൊണ്ടുമാത്രം അതിന്റെ ഉത്തരവാദിത്തം റവന്യൂ വകുപ്പിന് ഏറ്റെടുക്കാനാവില്ല.
വിവാദ ഉത്തരവുകള്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായെന്നു രമേശ് ചെന്നിത്തല പറയുമ്പോള്‍ ഉത്തരവുകള്‍ എങ്ങനെ വന്നുവെന്നുകൂടി അദ്ദേഹം വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day