|    Oct 25 Tue, 2016 10:30 am
FLASH NEWS

യാസര്‍ വധം: നീതി ലഭിച്ചില്ലെന്ന സങ്കടത്തോടെ കുടുംബം

Published : 22nd July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തിരൂര്‍: ഇസ്‌ലാംമതം സ്വീകരിച്ച യാസറിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ സുപ്രിം കോടതി വെറുതെ വിട്ടതില്‍ കുടുംബം നിരാശയില്‍. ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഒന്‍പത് പേരെയാണ് ദൃക്‌സാക്ഷിയുടെ മൊഴിയെടുക്കാന്‍ പോലിസ് വൈകിയെന്ന കാരണം പറഞ്ഞ് ഇന്നലെ സുപ്രിംകോടതി വെറുതെവിട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ ഘാതകരെ വെറുതെവിട്ടതിലെ സങ്കടം പങ്കുവയ്ക്കുകയാണ് ഭാര്യ സുമയ്യയും മകള്‍ ആരിഫയും ആബിദയും. ഇത്തരം ക്രൂര കൃത്യങ്ങളിലെ അക്രമികളെ നീതി പീഡങ്ങള്‍ വെറുതെവിടുന്നത് അക്രമങ്ങള്‍ക്കു കൂടുതല്‍ പ്രചോദനമാവുമെന്നും അവര്‍ പറയുന്നു. വെറുതെ വിട്ട പ്രതികളെല്ലാം തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും ആര്‍എസ്എസ് പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്.
നന്ദകുമാര്‍, തിരൂര്‍ താലൂക്ക് കാര്യവാഹകും നാരായണന്‍കുട്ടി മണ്ഡല്‍ കാര്യവാഹകും നേരത്തെ കൊല്ലപ്പെട്ട തിരുനിലത്ത്കണ്ടി രവി തിരുനാവായ മണ്ഡല്‍ കാര്യവാഹകുമാണ്. ശിവപ്രസാദാവട്ടെ ശാരീരിക കാര്യവാഹകാണ്. 1998ല്‍ പയ്യനങ്ങാടിയിലെ വീടിനടുത്തുവച്ചാണ് ആര്‍എസ്എസ് സംഘം ആഭരണശാല നടത്തിയിരുന്ന യാസറിനെയും കൂടെയുണ്ടായിരുന്ന അസീസിനെയും അക്രമിച്ചത്. യാസറിന്റെ മരണം ഉറപ്പു വരുത്തിയാണ് പ്രതികള്‍ പോയത്. ഗുരുതരമായി പരിക്കേറ്റ അസീസിന്റെ ജീവന്‍ തിരിച്ചു കിട്ടി. സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ പരാതിയും ജില്ലയിലാകെ പോസ്റ്ററും പ്രത്യക്ഷപ്പെട്ട മഞ്ചേരി ഫാസ്റ്റ്ട്രാക്ക് ജഡ്ജി കെ ചന്ദ്രദാസാണ് 2005 ജൂണില്‍ ഈ കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടത്. വിചാരണകോടതിയില്‍ പക്ഷപാതപരമായി പെരുമാറിയ ന്യായാധിപനെതിരേ യാസറും മക്കളും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് കുത്തിക്കുത്തി ചോദിച്ച് സുമയ്യയേയും മക്കളെയും ചന്ദ്രദാസ് കരയിപ്പിച്ചത് അന്നു വലിയ വാര്‍ത്തയായിരുന്നു. സാക്ഷികളുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നു പറഞ്ഞാണ് ഇയാള്‍ പ്രതികളെ വെറുതെവിട്ടത്. 2009 നവംബര്‍ മാസത്തില്‍് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എട്ടു പ്രതികളെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബാലകൃഷ്ണനെ വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയിലെ ജഡ്ജിമാരായ ബാലചന്ദ്രനും ബവദാസും വിധിയില്‍ ഫാസ്റ്റ്ട്രാക്ക് ജഡ്ജി ചന്ദ്രദാസിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. വിധിന്യായം എഴുതിയതിനു ശേഷം ഒരു ന്യായാധിപനും വിചാരണപ്രഹസനം നടത്തരുതെന്നായിരുന്നു അവരുടെ കമന്റ്. 2013ലാണ് സുപ്രിംകോടതിയില്‍ നിരന്തരം ഹരജി കൊടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത്. ഇസ്‌ലാം സ്വീകരിച്ച തട്ടാന്‍ ജോലി ചെയ്യുന്ന യാസറും ഇസ്‌ലാം സ്വീകരിച്ച ബൈജു എന്ന അബ്ദുല്‍ അസീസും ഈ മേഖലയില്‍ സജീവമായ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചിരുന്നതാണ് ആര്‍എസ്എസുകാര്‍ക്ക് പ്രകോപനമായത്. ബൈജു എന്ന അബ്ദുല്‍ അസീസ് മുന്‍പ് കണ്ണംകുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. യാസറും അബ്ദുല്‍ അസീസും മുഖേന നിരവധി പേര്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെന്നതായിരുന്നു കൊലപാതകത്തിനു കാരണം. അന്നത്തെ തിരൂര്‍ ഡിവൈഎസ്പി കെ സുബൈര്‍, സിഐ വി പി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ വെറുതെ വിട്ടതില്‍ തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും മതേതര മനസ്സുള്ളവര്‍ നിരാശയിലാണ്. ഈ പ്രദേശത്തെ മുസ്‌ലിംകള്‍ കക്ഷിഭേദമന്യേ കമ്മിറ്റി രൂപീകരിച്ചാണ് കേസ് നടത്തിയതും കുടുംബത്തെ സഹായിച്ചതും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day