|    Dec 7 Wed, 2016 7:50 pm
FLASH NEWS

യമനില്‍ സൗദി ആക്രമണം; 60 മരണം; കൊല്ലപ്പെട്ടവരില്‍ ഹൂഥികളും തടവുപുള്ളികളും

Published : 31st October 2016 | Posted By: SMR

saudi-infocus

സന്‍ആ: യമനില്‍ തടവുകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ തുറമുഖനഗരമായ ഹുദായത്തിലെ അല്‍ സെയ്ദിയയിലുള്ള സുരക്ഷാ ആസ്ഥാനത്താണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.
2014 മുതല്‍ സര്‍ക്കാരിനെതിരേ ആക്രമണം നടത്തുന്ന ഹൂഥികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. കൊല്ലപ്പെട്ടവരില്‍ വിമതരും തടവുപുള്ളികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. 84 തടവുകാരാണു സംഭവസമയം തടവറയില്‍ ഉണ്ടായിരുന്നത്. മൂന്നുതവണയാണു കെട്ടിടത്തിനുനേരെ ആക്രമണമുണ്ടായത്.
പ്രവാസിയായ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ചാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ വ്യോമാക്രമണം നടത്തുന്നത്. സംഭവത്തിനു പിന്നാലെ ഹാദിക്കെതിരേ വിമര്‍ശനമുയര്‍ന്നു. ഈ മാസം ആദ്യം സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഒരുജനക്കൂട്ടത്തിനെതിരേ നടന്ന വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടിരുന്നു. യമന്‍ തലസ്ഥാനമായ സന്‍ആയിലായിരുന്നു സംഭവം.
തെറ്റായ വിവരത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്നു സഖ്യസേന പിന്നീട് അറിയിച്ചിരുന്നു. യുഎന്‍ നയതന്ത്രജ്ഞന്‍ ഇസ്മായില്‍ ഔദ് ശെയ്ഖ് അഹ്മദ് സമര്‍പ്പിച്ച സമാധാന പദ്ധതി ഹാദി സര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണു പുതിയ ആക്രമണം. സൗദി അറേബ്യയിലാണ് അദ്ദേഹമിപ്പോള്‍ താമസം. പ്രസിഡന്റിന്റെ അധികാരം വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയില്‍ ഉണ്ടായിരുന്നെന്നാണു സൂചന.
യമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദന്‍ ആസ്ഥാനമായാണു രാജ്യത്ത് ഹാദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. തലസ്ഥാനമായ സന്‍ആ ഹൂഥികള്‍ പിടിച്ചെടുത്തതോടെയായിരുന്നു ഇത്. 2015 മാര്‍ച്ചിലാണു സൗദി സഖ്യസേന ഹൂഥികള്‍ക്കെതിരേ ആക്രമണം ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 294 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day