|    Dec 9 Fri, 2016 7:02 pm
FLASH NEWS

മോദി ഇന്ന് രാജ്യസഭയിലെത്തിയേക്കും; രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കാണും

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നതിനിടെ മോദി ഇന്നു രാജ്യസഭയിലെത്തിയേക്കും. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി ഇന്നലെ ലോക്‌സഭയിലെത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍, പ്രതിരോധം ശക്തമാക്കി ഒറ്റക്കെട്ടായി നില്‍ക്കുന്ന പ്രതിപക്ഷ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റിലെ പ്രതിസന്ധി ഒഴിവാക്കുന്നതു സംബന്ധിച്ചു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറും കഴിഞ്ഞ ദിവസവും ചില പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
നോട്ട് വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ് ഇന്നലെയും സ്തംഭിച്ചു. സഭാനടപടികള്‍ നിര്‍ത്തിവച്ച് നോട്ട് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി രാജ്യസഭയുടെ പ്രവര്‍ത്തനവും പലതവണ തടസ്സപ്പെട്ടു.
ബഹളത്തിനിടെ പ്രതിപക്ഷാംഗത്തെ സംസാരിക്കാന്‍ അനുവദിച്ചതിനെ ചോദ്യംചെയ്ത കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. ചെയറിന്റെ അധികാരത്തില്‍ കൈകടത്തിയാല്‍ നടപടിയെടുക്കേണ്ടി വരുമെന്ന് കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ നടത്തിയ ശ്രമവും ഉപാധ്യക്ഷന്‍ തടഞ്ഞു. സഭയില്‍ ഭരണപക്ഷം ബഹളമുണ്ടാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഉപാധ്യക്ഷന്‍ കുഴപ്പക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ലോക്‌സഭ ചേര്‍ന്നയുടന്‍തന്നെ ഇന്നലെ കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഭരണപക്ഷം പുറത്ത് പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയല്ല രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയാവാമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിനു പുറമെ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബിജു ജനതാദളും ടിആര്‍എസും നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി. ഇതോടെ ഉച്ചയ്ക്ക് മുമ്പ് ഒരുവട്ടം പിരിഞ്ഞ ലോക് സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. രാജ്യസഭയിലും പ്രതിപക്ഷം പ്രധാനമന്ത്രി എത്തണമെന്നാവശ്യപ്പെട്ട് ബഹളമുയര്‍ത്തി.
നോട്ട് പിന്‍വലിച്ച വിഷയത്തില്‍ ഇന്ന് രണ്ട് മണിക്ക് ചര്‍ച്ച തുടരാമെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കിയപ്പോള്‍ മോദി ഇന്നെങ്കിലും സഭയിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ബിഎസ്പി നേതാവ് മായാവതിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും മോദി സഭയിലെത്തണമെന്ന് ആവശ്യമുന്നയിച്ചു. ബിഎസ്പി നേതാവ് മായാവതിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും മോദി സഭയിലെത്തണമെന്ന് ആവശ്യമുന്നയിച്ചു. നോട്ട് അസാധുവാക്കുന്ന വിവരം ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day