|    Oct 26 Wed, 2016 4:10 am
FLASH NEWS

മോദിക്ക് കിട്ടുമോ ബ്രാഹ്മണശാപം?

Published : 14th August 2016 | Posted By: SMR

slug-indraprasthamഅവസാനം പശുവിന്റെ കുത്തും ചവിട്ടും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കിട്ടിത്തുടങ്ങി എന്നു തോന്നുന്നു. മോദി പ്രധാനമന്ത്രിയാണെങ്കിലും കീഴ്ജാതിക്കാരനാണ്. പണ്ടുകാലത്ത് തീണ്ടാപ്പാട് അകലത്തു നിര്‍ത്തേണ്ട കൂട്ടത്തില്‍പ്പെട്ടയാള്‍. അങ്ങേര് പശുമാതാവിനോടു കളിക്കുമ്പോള്‍ സൂക്ഷിച്ചുവേണം. അല്ലെങ്കില്‍ കളിമാറും.
അതുതന്നെയാണു സംഭവിച്ചതും. ആര്‍എസ്എസ് എത്ര ശ്രമിച്ചാലും വിശ്വഹിന്ദുപരിഷത്തിന്റെയും അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന മേല്‍ജാതിക്കോമരങ്ങളുടെയും തനിനിറം മാറ്റാന്‍ കഴിയുന്നതല്ല എന്നത് പരമയാഥാര്‍ഥ്യം. ഇത്രകാലം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശത്രുക്കളെന്നു പറഞ്ഞുപരത്തി അവരുടെ പേരില്‍ ഭീതിപരത്തി സകലരുടെയും കണ്ണില്‍ പൊടിയിട്ട് കാലംകഴിച്ചു. ഇപ്പോള്‍ ഭരണത്തില്‍ കയറിയതോടെ ഹിന്ദുത്വരുടെ തനിനിറം പുറത്തുവരാന്‍ തുടങ്ങി. വിശ്വഹിന്ദുപരിഷത്തും ഹിന്ദുമഹാസഭയും അവരുടെ പിന്നിലുള്ള നാനാപേരുകളിലുള്ള കാളികൂളിസംഘങ്ങളും പശുവിന്റെയും ദേശഭക്തിയുടെയും പേരില്‍ മുക്രയിട്ടു രംഗത്തുവരാന്‍ തുടങ്ങി.
ഇന്ത്യാമഹാരാജ്യം തങ്ങളുടെ തറവാടുവകയാണെന്നും മേല്‍ജാതി മഹേശ്വരന്മാരല്ലാത്ത സകലകൂട്ടരും ഇവിടെ രണ്ടാംതരം പൗരന്മാരാണെന്നതും അവരുടെ വിശ്വാസപ്രമാണമാണ്. അതില്‍തൊട്ടു ഒരു കളിയില്ല. ഗോമാതാജിയുടെ പേരില്‍ നടത്തിയ ബലപ്രയോഗങ്ങള്‍ അതിന്റെ ഭാഗം മാത്രമാണ്.
ആദ്യം മുസ്‌ലിംകളുടെ നേരെയാണ് കുരച്ചു ചാടിയത്. അവരില്‍ കുറേപ്പേര്‍ തോലുകൊണ്ട് ചെരിപ്പുണ്ടാക്കി വിറ്റു ജീവിക്കുന്ന കൂട്ടരാണ്. പലരും കന്നുകാലികളുടെ ഇറച്ചി വിറ്റ് ഉപജീവനം തേടുന്നവരും. കന്നുകാലികളുടെ ഇറച്ചി കഴിക്കുന്നവരുടെ കൂട്ടത്തില്‍ അവര്‍ മാത്രമല്ല ഉള്ളത്. നാട്ടിലെ മിക്കവാറും എല്ലാ ജാതിമതസ്ഥരും ഇതൊക്കെ വിഴുങ്ങുന്നവരാണ്.
മുസ്‌ലിംകളുടെ നേരെയുള്ള കടിച്ചുകീറല്‍ അധികം മുമ്പോട്ടുപോയില്ല. അതോടെ ദലിതരുടെ നേരെയായി കുരച്ചുചാട്ടം. അത് എല്ലാ സീമകളും ലംഘിച്ചതോടെ ദലിതര്‍ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമൊക്കെ അവര്‍ സംഘടിതരായി രംഗത്തെത്തി. അതോടെ മോദിയും പരിഭ്രാന്തനായി. അങ്ങനെയാണ് ഇന്നലെ വരെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ഇരുന്ന മോദി ഗോസംരക്ഷണത്തിന്റെ പേരില്‍ ചാട്ടവാറുമായി നടക്കുന്നത് സാമൂഹികവിരുദ്ധരാണ് എന്ന സത്യം തുറന്നുപറഞ്ഞത്. ഇവര്‍ക്ക് പശുവിനോട് വല്ല താല്‍പര്യവുമുണ്ടെങ്കില്‍ ചത്തപശുവിനെ മറമാടുന്ന ദലിതനോടല്ല, മറിച്ച് റോഡില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ് പശുവിന്റെ ആമാശയം കുളമാക്കി അതിനെ മരണത്തിലേക്കു നയിക്കുന്ന പ്രമാണിമാരോടാണ് കയര്‍ക്കേണ്ടത് എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞത് സത്യമാണെന്ന് നാട്ടിലെ എല്ലാവര്‍ക്കും അറിയാം. റോഡില്‍ അലഞ്ഞുതിരിയുന്ന ഗതികെട്ട പശുക്കള്‍ തിന്നുന്നത് പ്ലാസ്റ്റിക് കൂടുകളാണ്. അതിനകത്ത് വല്ല ചോറോ പച്ചക്കറിയോ കിടക്കുന്നതു കണ്ടാണ് അവറ്റ അത് അകത്താക്കുന്നത്. അങ്ങനെയാണ് ദിനംപ്രതി നൂറുകണക്കിന് കന്നുകാലികള്‍ ചാവുന്നത്.
ആരാണ് നഗരവീഥികളെ ഇങ്ങനെ മാലിന്യംകൊണ്ട് പൂരിതമാക്കുന്നത്? സ്വന്തം വീടിനകം വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം ഇതെല്ലാം പുറത്തു വലിച്ചെറിയുകയാണ് എന്നു കരുതുന്ന പ്രമാണിമാര്‍ തന്നെ. അവരാണ് നഗരങ്ങളിലെ കണ്ണായപ്രദേശങ്ങളിലൊക്കെ കഴിഞ്ഞുകൂടുന്നത്. ദലിതരും മുസ്‌ലിംകളും വല്ല ഗല്ലികളിലോ ചേരികളിലോ ആണ് ജീവിക്കുന്നത്.
ഏതായാലും വിശ്വഹിന്ദുപരിഷത്തിന്റെ തൊഗാഡിയ മുതല്‍ ആര്‍എസ്എസിലെ ചില ബ്രാഹ്മണപ്രമുഖന്മാര്‍ വരെ മോദിക്കെതിരേ തിരിഞ്ഞതായാണു കാണുന്നത്. അവര്‍ മോദിക്കെതിരേ സന്ന്യാസിമാരെയും മഠാധിപതികളെയും ഒക്കെ ഇറക്കി കളിക്കാനാണത്രെ പരിപാടി ഇടുന്നത്. അതിനായി വരുംദിവസങ്ങളില്‍ മാര്‍ഗദര്‍ശകമണ്ഡലങ്ങളുടെയും ആചാര്യപ്രമാണിമാരുടെയും ഒക്കെ മഹാസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാനും പരിപാടിയുണ്ട്.
ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നെഹ്‌റുവിന്റെ കാലത്ത് ഈ പശുഭക്തന്മാര്‍ ഗോവധം നിര്‍ത്തണമെന്നു പറഞ്ഞ് പാര്‍ലമെന്റ് വളഞ്ഞ് കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയത് ചരിത്രമാണ്. അവര്‍ക്കു വേണ്ടത് ആര്യബ്രാഹ്മണ ഭരണമാണ്. മതേതര ഭാരതം അവര്‍ക്ക് ദഹിക്കുന്നതല്ല. താണജാതിക്കാരന്‍ താണുതൊഴാതെ റോഡിലിറങ്ങി നടക്കുന്നത് അവര്‍ക്കു സഹിക്കാവുന്നതല്ല. ആള്‍ പ്രധാനമന്ത്രിയാണെങ്കിലും താണജാതിക്കാരന്‍ സ്വന്തം നില മറന്ന് പെരുമാറരുത് എന്നാണ് ആചാര്യമണ്ഡലത്തിനു പറയാനുള്ളത്. ബ്രാഹ്മണശാപമാണ് വരാനിരിക്കുന്നത് എന്ന് മോദി മനസ്സിലാക്കണം. ഓം നമോ നാരായണായ നമ:!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 453 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day