|    Oct 26 Wed, 2016 12:37 am
FLASH NEWS

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി മുഖ്യപ്രതി

Published : 15th July 2016 | Posted By: sdq

സ്വന്തം പ്രതിനിധി

vellappally-natesanതിരുവനന്തപുരം: മൈക്രോഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, സാമ്പത്തികതിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തി വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചുപേരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ കെ മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം നജീബ്, നിലവിലെ എംഡി ദിലീപ് എന്നിവരാണു മറ്റു പ്രതികള്‍. വെള്ളാപ്പള്ളി നടേശനെതിരേ ശ്രീനാരായണ ധര്‍മവേദി ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയിലാണു നടപടി.


2003-2015 കാലയളവില്‍ എസ്എന്‍ഡിപി യോഗത്തിനു കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്കു വിതരണം ചെയ്യാന്‍ പിന്നാക്കവികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. അഞ്ചുശതമാനം പലിശയ്ക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശയ്ക്കു വിതരണം ചെയ്‌തെന്നാണു കണ്ടെത്തല്‍. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണം തട്ടിയെന്നും വ്യക്തമായി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി വിജിലന്‍സ് കോടതി നേരത്തെ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം ജഡ്ജി എ ബദറുദ്ദീന്‍ അനുവദിച്ചു.
എന്നാല്‍, ഇതിനെ എതിര്‍ത്ത അച്യുതാനന്ദന്റെ അഭിഭാഷകന്‍ മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണമാരംഭിച്ചിട്ട് ഏഴുമാസം പൂര്‍ത്തിയായതായി ഓര്‍ക്കണമെന്നും കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സിന് നിലപാട് വ്യക്തമാക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഒക്ടോബര്‍ 13ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് വി എസ് ആദ്യം പരാതി നല്‍കിയത്. നടപടിയില്ലാത്തതിനാല്‍ രണ്ടാമതും പരാതി നല്‍കി. കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിന്നീട് ഹരജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day