|    Dec 9 Fri, 2016 5:32 am
FLASH NEWS

മേനകാ ഗാന്ധിക്കെതിരേ കേരളത്തിലെ ബിജെപി നേതൃത്വം

Published : 28th October 2016 | Posted By: Navas Ali kn

dog-menaka
തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയെ തള്ളിപറഞ്ഞ് സംസ്ഥാന ബിജെപി നേതൃത്വം. തെരുവുനായയുടെ കടിയേറ്റ് വൃദ്ധന്‍ കൊല്ലപ്പെടുകയും രണ്ടു വയസ്സുകാരിക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ബിജെപി നേതാക്കള്‍ മേനകാ ഗാന്ധിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞത്…തുടര്‍ന്നു വായിക്കാന്‍…. തെരു നായ്ക്കളെ കൊല്ലരുതെന്ന് ഏതെങ്കിലും കേന്ദ്രമന്ത്രി പറഞ്ഞാല്‍ അത് അതുപോലെ നടപ്പിലാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ അഭിപ്രായം. നിയമസഭയില്‍ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് രാജഗോപാല്‍ തെരുവുനായ് പ്രശ്‌നത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. തെരുവുനായ്ക്കളോടുള്ള മേനകാ ഗാന്ധിയുടെ നിലപാട് വ്യക്തിപരമാണ്. അത് മാനിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന് പറയേണ്ടിവന്നു.
നേരത്തെ ബിജെപി നേതാവ് മുരളീധരനും മേനകാഗാന്ധിയുടെ പ്രസ്താവനക്കെതിരേ രംഗത്ത് വന്നിരുന്നു. ‘തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങള്‍ക്ക് എങ്ങനെയാണ് യോജിക്കാനാകുക എന്നായിരുന്നു മുരളീധരന്‍ അഭിപ്രായം പറഞ്ഞത്. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയ്യാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.         രൂക്ഷമായ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. സ്വന്തം വകുപ്പിനു കീഴില്‍ വരാത്ത ഒരു പ്രശ്‌നത്തില്‍ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡിജിപിയോട് പറയാന്‍ താങ്കള്‍ക്ക് അവകാശമില്ലെന്നും കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുകളില്‍ കെട്ടിവയ്ക്കരുതെന്നും മുരളീധരന്‍ മേനകാഗാന്ധിയോട് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റാന്‍ മാത്രമേ ഉപകരിക്കൂവെന്നും മുരളീധരന്‍ കേന്ദ്ര മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.
ഇതോടെ തെരുവുനായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടലിനിറങ്ങിയ മേനകാ ഗാന്ധിക്ക് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പോലും പിന്‍തുണ നഷ്ടമായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 636 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day