|    Dec 8 Thu, 2016 1:47 am
FLASH NEWS

മേനകാഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന പ്രസ്താവന നടത്തിയ കേന്ദ്ര ശിശുക്ഷേമമന്ത്രി മേനകാഗാന്ധിക്കെതിരേ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് മേനകാഗാന്ധി പറയാത്തതു ഭാഗ്യമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു സംഭവമുണ്ടായിട്ടും കേന്ദ്രമന്ത്രിക്കെതിരേ ഒരു പരാമര്‍ശം പോലും നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും ഡിജിപിയെ ശാസിക്കാനും മേനകാഗാന്ധി ആരാണെന്നായിരുന്നു പി കെ ബഷീറിന്റെ ചോദ്യം. നമ്മുടെ മുഖ്യമന്ത്രി സ്വയം വില കുറച്ച് മേനകാഗാന്ധിയെ കാണരുത്, പ്രധാനമന്ത്രിയെത്തന്നെ കാണണമെന്നും പി കെ ബഷീര്‍ ആവശ്യപ്പെട്ടു.
അക്രമികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുരാണങ്ങളില്‍ പുത്രസ്‌നേഹം കൊണ്ട് അന്ധരായവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, പട്ടിസ്‌നേഹം കൊണ്ട് അന്ധയായ കേന്ദ്രമന്ത്രിയെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. തെരുവുനായ പ്രശ്‌നം രൂക്ഷമാവുന്നതിനു പിന്നില്‍ വാക്‌സിന്‍ മാഫിയയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നത് ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി വ്യക്തിപരമായി എന്തെങ്കിലും പ്രസ്താവന നടത്തിയെന്നു പറഞ്ഞ് അതില്‍ പിടിച്ചു നടക്കുകയല്ല വേണ്ടതെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ബിജെപി അംഗം ഒ രാജഗോപാലിന്റെ നിലപാട്. മേനകാഗാന്ധിക്ക് മറ്റൊരു വകുപ്പില്‍ ഇടപെടാന്‍ ആരാണ് അധികാരം കൊടുത്തതെന്നായിരുന്നു കെ ബി ഗണേഷ്‌കുമാറിന്റെ ചോദ്യം.
അതേസമയം, മൃഗസ്‌നേഹി സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി കെ ബഷീര്‍ ആവശ്യപ്പെട്ടു. ഒരു കവര്‍ച്ച നടന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞെത്തുന്ന പോലിസ്, നായ്ക്കളെ കൊന്നപ്പോള്‍ അറസ്റ്റു ചെയ്യാന്‍ ഓടിയെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day