|    Oct 27 Thu, 2016 8:38 am
FLASH NEWS

മെയ്യും മനവും ഒരുക്കി തീര്‍ത്ഥാടകര്‍

Published : 9th September 2016 | Posted By: G.A.G

hajj

സലീം ഉളിയില്‍

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇന്ന് (വെള്ളി) മുതല്‍ മിനായിലേക്കു തിരിക്കുന്ന തീര്‍ത്ഥാടകര്‍ മെയ്യും മനവും ഒരുക്കി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. മുതവ്വിഫ് ഒരുക്കിയ മിനായിലേക്കുള്ള ബസ്സുകള്‍ ഹാജിമാരുടെ താമസസ്ഥലത്തേക്ക് വിവിധ സമയങ്ങളിലായെത്തും. ഔദ്യോഗിക വോളന്റിയര്‍മാരോട് രാവിലെ തന്നെ സജ്ജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിനുശേഷമായിരിക്കും ഹാജിമാരുടെ മിനായിലേക്കുള്ള യാത്ര.
നാളെ മിനായില്‍ രാപാര്‍ക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമാവുക. മുഴുവന്‍ ഹാജിമാരും ഇതിനകം തന്നെ മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ പ്രായാധിക്യമുള്ളവരടക്കമുള്ള അവശരായവര്‍ക്കായി കൂടെയെത്തിയ ബന്ധുക്കളും നാട്ടുകാരും വീല്‍ചെയറുകള്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കി. വിവിധ സന്നദ്ധപ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെയാണ് വീല്‍ചെയറുകള്‍ ലഭ്യമാക്കിയത്.
മിനായില്‍ ഇന്ത്യന്‍ ഹാജിമാരുടെ ക്യാംപ് സൗത്ത് ഏഷ്യന്‍ മുതവ്വിഫിന് കീഴിലാണ്. ജൗഹറ സ്ട്രീറ്റ്, സൂഖുല്‍ അറബ് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യന്‍ ഹാജിമാരുടെ ക്യാംപ്. ഇവിടെ തന്നെയാണു താല്‍ക്കാലികമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനവും ഒരുക്കിയിട്ടുള്ളത്.
വിവിധ രാജ്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ടെന്റുകളില്‍ അതത് രാജ്യങ്ങളുടെ പതാകകള്‍ നാട്ടിയിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളിലുള്ള ബോര്‍ഡുകളും സ്ഥാപിച്ചു. മിനായിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ നേതൃത്വം നല്‍കും. മിനായിലെ ഇന്ത്യക്കാരുടെ ടെന്റുകള്‍ വ്യക്തമാവുന്ന മാപ്പുകള്‍ ഹജ്ജ് മിഷന്‍ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ എസ്എംഎസ് സന്ദേശം അയക്കുന്നുണ്ട്. തെരുവുകളില്‍നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും സമീകൃതാഹാരം കഴിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകരുടെ ബാഹുല്യമുണ്ടാവുന്നതിനാല്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ളവ തടയുന്നതിന് ആരോഗ്യമന്ത്രാലയം വിവിധ പദ്ധതികള്‍ തയ്യാറാക്കി. മക്ക, മിന എന്നിവിടങ്ങളിലെ ആതുരാലയങ്ങളില്‍ മികച്ച സേവനം നല്‍കുന്നതിന് പരിചയസമ്പന്നരായ ഡോക്ടര്‍മാരെയും സ്റ്റാഫുകളെയും സജ്ജരാക്കിയിട്ടുണ്ട്.
ഹാജിമാര്‍ക്ക് കര്‍മങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിന് സ്വദേശികളുള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ഹാജിമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ ഉപയോഗപ്പെടുത്തി മൊഴിമാറ്റം നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിലെത്തിയാണ് ഒരോ സ്ഥലത്തും ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുന്നത്. ഇത് ആദ്യമായി ഹജ്ജിനെത്തുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day