|    Dec 9 Fri, 2016 9:15 am
FLASH NEWS

മൂവാറ്റുപുഴയില്‍ ലോറി ഇടിച്ച് ലോറി ഉടമ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലിസ്

Published : 21st October 2016 | Posted By: SMR

മൂവാറ്റുപുഴ: പാറമടയില്‍നിന്നു കരിങ്കല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി മറ്റൊരു ലോറിയിലിടിച്ചു ലോറി ഉടമ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലിസ്. ലോറി ഉടമയായ പാണാവള്ളി അരൂകുറ്റി അറേശ്ശേരിചിറ റഷീദിന്റെ മരണം മനപൂര്‍വമായി ഉണ്ടാക്കിയ അപകടത്തെ തുടര്‍ന്നാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ലോറി ഡ്രൈവര്‍ ലത്തീഫിന്റെ മൊഴിയിലും പാറമടയിലെ തൊഴിലാളികളുടെ മൊഴിയിലും വൈരുദ്ധ്യം ശ്രദ്ധയില്‍പെട്ടതോടെ പോലിസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയാണ്. 19ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആരക്കുഴ മീന്‍കുന്നം റോഡില്‍ അക്കാന്തിരി ജോയിയുടെ പാറമടയ്ക്കു സമീപമാണ് അപകടമുണ്ടായത്. പാറമടയില്‍നിന്നു കരിങ്കല്‍ കയറ്റി റോഡിലേക്കു കടക്കുന്നതിനിടെ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പോലിസിനു നല്‍കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി പാറമടയിലെത്തി പോലിസ് തെളിവെടുപ്പുനടത്തിയിരുന്നു. പാറമടയില്‍ കരിങ്കല്‍ കയറ്റുന്നതിനിടെ ലോറി ഉടമ റഷീദും, ലോറി ഡ്രൈവറായ ലത്തീഫും തമ്മില്‍ വക്കുതര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നതായി ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പിണങ്ങിയതിനെതുടര്‍ന്ന് അമിത വേഗത്തിലാണ് ലത്തീഫ് ലോറി ഓടിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോറിയില്‍ ഡ്രൈവറുടെ കാബിനില്‍ അരികിലിരുന്ന റഷീദ് അപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ലത്തീഫിനു പരിക്കുണ്ടായിരുന്നില്ലെന്നതും സംശയം ഉയര്‍ത്തിയിരുന്നു. ലത്തീഫിന്റെ കൈയില്‍ കണ്ട മുറിവ് റഷീദ് കടിച്ചതാണെന്നും വ്യക്തമായി. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ റഷീദിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെ മക്കളെ നോക്കി കൊള്ളണമെന്നു പറഞ്ഞു തന്റെ കൈയില്‍ കടിക്കുകയായിരുന്നുവെന്നാണ് ലത്തീഫ് മുറിവിനെ കുറിച്ചു പോലിസിനു നല്‍കിയിരിക്കുന്ന മൊഴി. റഷീദ് ലത്തീഫിനെ ഓട്ടോറിക്ഷയില്‍വച്ചു കടിച്ചതായി കണ്ടിട്ടില്ലെന്നു റഷീദിനെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day