|    Oct 26 Wed, 2016 6:54 pm

മൂലമ്പിള്ളി സമരം ദേശീയ ശ്രദ്ധ നേടിയത് മഹാശ്വേതാദേവിയിലൂടെ

Published : 29th July 2016 | Posted By: SMR

കൊച്ചി: മൂലമ്പിള്ളി കുടിയിറക്ക് സമരം ദേശീയശ്രദ്ധ നേടാനായത് മഹാശ്വേതാദേവി സന്ദര്‍ശിച്ചതിലൂടെ.  മൂന്നു തവണയാണ് അവര്‍ സമര ഭൂമി സന്ദര്‍ശിച്ചത്.
വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മാണത്തിനായി 2008 ഫെബ്രുവരി ആറിനാണ് 316 കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടത്. മൂലമ്പിള്ളി, ചേരാനല്ലൂര്‍, മുളവുകാട്, ഇടപ്പള്ളി, മഞ്ഞുമ്മല്‍, കോതാട്, ഏലൂര്‍, കളമശ്ശേരി, വടുതല എന്നിവടങ്ങളില്‍ നിന്നായിരുന്നു കുടിയിറക്കല്‍. വി എസ് അച്യുതാനന്ദനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. പുനരധിവാസം നല്‍കാതെ ഇത്രയും കുടുംബത്തെ വഴിയാധാരമാക്കുന്നിതിനെതിരേ വന്‍ പ്രതിഷേധമാണ് പിന്നീട് ഉയര്‍ന്നത്. സമരം തുടങ്ങി മൂന്നുമാസം പിന്നിട്ട 2008 മെയ് 26നുതന്നെ മഹാശ്വേതാദേവി കൊച്ചിയിലെത്തി. സമരക്കാരെ സന്ദര്‍ശിച്ച അവര്‍ ഇടത് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
ബംഗാളില്‍ ബുദ്ധദേവ് കാണിച്ച തെറ്റ് കേരളത്തില്‍ വി എസിനെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരനില്‍നിന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു മഹാശ്വേതാദേവി അന്ന് പറഞ്ഞത്. പിന്നീട് 2011 ജൂണിലും 2012 ഡിസംബറിലും അവര്‍ മൂലമ്പിള്ളിയിലെത്തി. ഇടത്‌സര്‍ക്കാര്‍ മാറിയെങ്കിലും മൂലമ്പിള്ളിക്കാരുടെ പുനരധിവാസം നടപ്പാക്കാനാവാത്ത യുഡിഎഫ് സര്‍ക്കാരിനെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു കുടിയൊഴിപ്പിക്കല്‍. മുന്‍കൂര്‍ പുനരധിവാസം നല്‍കാതെ മൂലമ്പിള്ളിയിലെ ജനതയെ കുടിയിറക്കരുതെന്ന പ്രദേശവാസികളുടെ ആവശ്യം സര്‍ക്കാര്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ എറണാകുളം മേനക ജങ്ഷനില്‍ കുടില്‍കെട്ടി സമരം തുടങ്ങി. സമരം ജനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ മൂലമ്പിള്ളി കുടിയിറക്കല്‍ ദേശീയശ്രദ്ധ നേടുകയായിരുന്നു. മഹാശ്വേതാദേവി ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിട്ടും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഇന്നും അതേപടി തുടരുന്നു. കളിമണ്‍ പാത്ര നിര്‍മാണമായിരുന്നു മൂലമ്പിള്ളിക്കാരുടെ പ്രധാന ജീവിത മാര്‍ഗം. കേരളത്തിലെ സിംഗൂര്‍ എന്നാണ് മൂലമ്പിള്ളിയെ മഹാശ്വേതാദേവി പിന്നീട് വിശേഷിപ്പിച്ചത്.
സംഭാവനകള്‍ മഹത്തരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യന്‍ സാഹിത്യത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദം അക്ഷരങ്ങളിലൂടെ ഉയര്‍ത്തിയ മഹാശ്വേതാദേവി ലോകസാഹിത്യത്തിന്റെ വിശാല ഭൂമികയില്‍ ഇന്ത്യന്‍ സാഹിത്യത്തിന് തനതായ ഇടം നേടിക്കൊടുത്ത എഴുത്തുകാരിയായിരുന്നുവെ—ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മഹാശ്വേതാദേവിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.  വി എസ് അച്യുതാനന്ദന്‍,0 മന്ത്രിമാരായ എ കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരും അനുശോചിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day