|    Oct 24 Mon, 2016 10:54 am
FLASH NEWS

മൂന്ന് പതിറ്റാണ്ടു നീണ്ട ബന്ധത്തിന് അന്ത്യം

Published : 8th August 2016 | Posted By: SMR

അഫീര്‍ഖാന്‍ അസീസ്

കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫ് വിട്ടതോടെ അവസാനമാവുന്നത് മൂന്ന് പതിറ്റാണ്ടു നീണ്ട ബന്ധത്തിന്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര കര്‍ഷകര്‍ക്കിടയിലെ സ്വാധീനം ഈ പാര്‍ട്ടിയെ കേരള രാഷ്ട്രീയത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറ്റി. കെ എം ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും നേതൃത്വത്തില്‍ കോട്ടയത്ത് 1964 ഒക്ടോബറില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ രൂപീകരണ സമയത്ത് കെ എം മാണി കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസ്സുകാരനായി പൊതുപ്രവര്‍ത്ത—നം ആരംഭിച്ച മാണിക്ക് അവസാനം യുഡിഎഫില്‍ നിന്ന് പിണക്കത്തോടേ മാത്രമേ പടിയിറങ്ങാന്‍ കഴിഞ്ഞുള്ളൂ.
യുഡിഎഫ് എപ്പോഴെല്ലാം അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം കേരളാ കോണ്‍ഗ്രസ്(എം) എന്നും മുന്നണിയില്‍ പ്രധാന കക്ഷിയായി തന്നെയുണ്ടായിരുന്നു. 1965ലെ തിരഞ്ഞെടുപ്പില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ കെ എം മാണിയെ കണ്ടെത്തിയതോടെ പിന്നീടങ്ങോട്ടുള്ള മുന്നണി രാഷ്ട്രീയത്തില്‍ കെ എം മാണി വളര്‍ന്നു. 65ലെ തിരഞ്ഞെടുപ്പില്‍ 26 സീറ്റ് നേടി ശക്തിതെളിയിച്ച കേരളാ കോണ്‍ഗ്രസ്സിന് അനിഷേധ്യമായ സ്ഥാനം യുഡിഎഫില്‍ ലഭിച്ചു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 40 സീറ്റാണു ലഭിച്ചത്.
1965നു ശേഷം കെ എം മാണി ഒളിഞ്ഞും തെളിഞ്ഞും കെ എം ജോര്‍ജിനെതിരേയും പാര്‍ട്ടി നേതൃത്വത്തിനെതിരേയും കരുക്കള്‍നീക്കി. കെ എം ജോര്‍ജ് മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെച്ചൊല്ലി കെ എം മാണി ആര്‍ ബാലകൃഷ്ണപ്പിള്ളയുമായി ഏറ്റുമുട്ടിയതോടെ കേരളാ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇതോടെ 77ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. 79ല്‍ പി ജെ ജോസഫുമായി ഉടക്കിയതോടെ കെ എം മാണി കേരളാ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് എം രൂപീകരിച്ചു. അന്ന് മാണിയും കൂട്ടരും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ പി ജെ ജോസഫ് എല്‍ഡിഎഫ് പക്ഷത്തു നിലയുറപ്പിച്ചു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം 80ല്‍ എ കെ ആന്റണിക്കൊപ്പം എല്‍ഡിഎഫ് പക്ഷത്തേക്കു മാറിയപ്പോള്‍ പി ജെ ജോസഫും ഒപ്പംകൂടി. 80ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മാണി 82ല്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫിലേക്കു ചേക്കേറി. 87ലെ തിരഞ്ഞെടുപ്പോടെ മാണി ഗ്രൂപ്പ് പുനര്‍ജനിച്ചു. അന്ന് മാണിക്കൊപ്പം നിന്ന ടി എം ജേക്കബ് ഒരു വിഭാഗം നേതാക്കളെ കൂട്ടി 93ല്‍ ജേക്കബ് ഗ്രൂപ്പ് ഉണ്ടാക്കിയതോടെ മറ്റൊരു പിളര്‍പ്പിനും കേരളാ കോണ്‍ഗ്രസ് സാക്ഷിയായി.
2000നു ശേഷം കേരളം പല പിളര്‍പ്പിനും ലയനത്തിനും സാക്ഷിയായി. മുന്‍ എംപിയും പി ടി ചാക്കോയുടെ മകനുമായി പി സി തോമസ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് ഐഎഫ്ഡിപിക്ക് രൂപം നല്‍കി. ഇതിനിടെ പി ജെ ജോസഫ് വിഭാഗത്തില്‍ നിന്ന് പി സി ജോര്‍ജ് പുറത്തുപോവുകയും കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ രൂപീകരിക്കുകയും ചെയ്തു. 2009ല്‍ പി സി ജോര്‍ജും 2010ല്‍ ഇടതുപക്ഷത്തായിരുന്ന പി ജെ ജോസഫും മാണിക്കൊപ്പം ചേര്‍ന്നു. ഇതോടെ യുഡിഎഫില്‍ കെ എം മാണി കരുത്തു തെളിയിച്ചു. പിന്നീട് 2016 ആദ്യം കേരളാ കോണ്‍ഗ്രസ് സ്ഥാപകനായ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് മാണി ഗ്രൂപ്പിനോട് വിടപറഞ്ഞു. ഇതിനിടെ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സെക്യൂലര്‍ മാണി ഗ്രൂപ്പില്‍ നിന്നു പുറത്തുവന്നു. എന്നാല്‍, സെക്യൂലറിന്റെ ചെയര്‍മാനായ ടി എസ് ജോണ്‍ പി സി ജോര്‍ജിനെ പുറത്താക്കുകയും ചെയ്തു. അവസാനം മൂന്നു പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബാന്ധവത്തിന് അവസാനമിട്ട് കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ ചരിത്രം ആവര്‍ത്തിച്ച് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day