|    Dec 9 Fri, 2016 10:50 pm
FLASH NEWS

മൂന്നുവര്‍ഷംകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാവുന്ന തരത്തില്‍ സംസ്ഥാനത്തു വിഹരിക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ നിയമസഭയ്ക്കു പൊതുവികാരം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി പി കെ ബഷീര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്നായിരുന്നു ഇരുപക്ഷത്തെയും അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
മൂന്നുവര്‍ഷംകൊണ്ട് തെരുവുനായ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് തദ്ദേശമന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമുണ്ട്. ഒരാഴ്ചകൊണ്ടോ ഒരു മാസംകൊണ്ടോ  തെരുവുനായ ശല്യം ഇല്ലാതാക്കാനാവില്ല. വന്ധ്യംകരണ പ്രക്രിയയിലൂടെ മൂന്നുവര്‍ഷം കൊണ്ട് മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാനാവൂ. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ പോലിസ് കേസെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തെരുവുനായ്ക്കള്‍ക്കെതിരേ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയാന്‍ ജനം കാത്തിരിക്കുകയാണെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. പി കെ ബഷീറിന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ ബി ഗണേഷ് കുമാര്‍, തോമസ് ചാണ്ടി, എം വിന്‍സന്റ് തുടങ്ങിയവരും അപകടകാരികളായ നായ്ക്കളെ കൊല്ലണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. വി എസ് ജോയ്, ഒ രാജഗോപാല്‍ എന്നിവരും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ടിന് മുതിര്‍ന്നില്ല. സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ 8,374 എണ്ണത്തെ വന്ധ്യംകരണത്തിന് വിധേയമാക്കി.പട്ടിപിടിത്തക്കാരെ കിട്ടാത്തതാണ് ഇക്കാര്യത്തില്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day