|    Dec 3 Sat, 2016 5:53 am
FLASH NEWS

മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ റദ്ദാക്കിയതായി റിപോര്‍ട്ട്

Published : 16th November 2016 | Posted By: SMR

കെയ്‌റോ: പട്ടാള ഭരണകൂടം അട്ടിമറിയിലൂടെ പുറത്താക്കിയ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കിയതായി റിപോര്‍ട്ട്. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. എന്നാല്‍, കോടതി നടപടി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നു മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപോര്‍ട്ട് ചെയ്തു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഈജിപ്ഷ്യന്‍ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ 2013ലാണ് പട്ടാളം അട്ടിമറിച്ചത്. മുര്‍സി ഭാഗമായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയെയും ഈജിപ്തില്‍ അധികാരം പിടിച്ചടക്കിയ സൈനിക ഭരണകൂടം നിരോധിച്ചിരുന്നു. അട്ടിമറിയെ എതിര്‍ത്ത ബ്രദര്‍ഹുഡ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങളെ കള്ളക്കേസുകളില്‍ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
2011ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടല്‍, രാജ്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കു കൈമാറല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു വിവിധ കേസുകളിലായി ഈജിപ്ഷ്യന്‍ കോടതി മുര്‍സിക്കെതിരേ ചുമത്തിയത്. വിവിധ കേസുകളില്‍ വധശിക്ഷ, ജീവപര്യന്തം, 20വര്‍ഷം തടവ് എന്നിവയടക്കമുള്ള ശിക്ഷകളും മുര്‍സിക്കെതിരേ കോടതി വിധിച്ചിരുന്നു.
മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരമേറിയ അബ്ദുല്‍ ഫത്താ അല്‍ സിസിയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം കോടതിയെ മറയാക്കി നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചിരുന്നു. മുര്‍സിക്കെതിരായ നീക്കം രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും കടുത്ത മനുഷ്യാവകാശലംഘനമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. വിചാരണപ്രഹസനം നടത്തി നൂറുകണക്കിനു സാധാരണക്കാരെ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 162 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day