|    Oct 27 Thu, 2016 12:37 pm
FLASH NEWS

മുഹമ്മദ് അലിയെപ്പറ്റി അബദ്ധ പരാമര്‍ശം; ഇ പി ജയരാജനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Published : 5th June 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: അന്തരിച്ച ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെപ്പറ്റി ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി പുലിവാലുപിടിച്ച കായികമന്ത്രി ഇ പി ജയരാജനെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ. ചാനല്‍ വാര്‍ത്തയ്ക്കിടെ അവതാരകയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയായിരുന്നു ജയരാജനെ വെട്ടിലാക്കിയത്. മുഹമ്മദ് അലിയുടെ വേര്‍പാടിനെപ്പറ്റി എന്താണു പറയാനുള്ളതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്റെ കായികലോകത്തു പ്രഗല്‍ഭനായിരുന്നെന്നും സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ ജയരാജനെ പൊങ്കാലയിടാന്‍ ഉപയോഗിക്കുന്നത്.

സിനിമാരംഗങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയാണ് ജയരാജനെതിരേ ട്രോളുകള്‍ നിറയുന്നത്. മുന്‍ കായിക, സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊക്കെ ജയരാജനുമുന്നില്‍ ഒന്നുമല്ലെന്നായിരുന്നു പ്രധാന ട്രോള്‍. കമോണ്‍ ട്രോളേഴ്‌സ് എന്നു പറഞ്ഞ് കസബ എന്ന സിനിമയില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിനു പകരം ഇന്നലെ ജയരാജനായിരുന്നു താരം. ഉചിത സമയത്ത് വാര്‍ത്താ അവതാരക ഇടപെട്ടില്ലായിരുന്നെങ്കില്‍ അലിയുടെ മൃതദേഹം കേരളത്തില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നു ജയരാജന്‍ പറയുമായിരുന്നുവെന്നായിരുന്നു ചിലരുടെ കമന്റ്. സന്ദേശത്തിലെ മാമുക്കോയയുടെ കമന്റുകളും പലരും എടുത്തടിക്കുന്നു. പട്ടണപ്രവേശം സിനിമയില്‍ ശ്രീനിവാസന്‍, തിലകന്‍ എന്നിവര്‍ സൈക്കിളില്‍ സഞ്ചരിക്കവെ പറയുന്ന കമന്റില്‍ ഇരുവരുടെയും മുഖത്തിന് പകരം രണ്ടു മന്ത്രിമാരുടെയും മുഖം വച്ചാണ് മറ്റൊരു ട്രോള്‍. 1983 സിനിമയില്‍ നടന്‍ നിവിന്‍പോളിയുടെ ഭാര്യ ആദ്യരാത്രിയില്‍ സചിന്റെ ചിത്രം നോക്കി പറയുന്ന ഡയലോഗുകളും ചിലര്‍ ഇ പി ജയരാജനുമായി താരതമ്യപ്പെടുത്തുന്നു.
ഇതിനിടെ മലപ്പുറത്തെ ഏതോ മുഹമ്മദ് അലിയാണെന്ന് ഓര്‍ത്താണ് ജയരാജന്‍ അങ്ങനെ പറഞ്ഞത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയരാജനു മുന്നില്‍ ആയുധംവച്ചു കീഴടങ്ങുന്ന രീതിയിലുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പറന്നുനടക്കുന്നു. ട്രോളുകള്‍മൂലം ആദ്യമൊക്കെ ഇത്തിരി അസൗകര്യം കാണുമെന്നും അതുകഴിഞ്ഞാല്‍ ശരിയായിക്കൊള്ളുമെന്നും താന്‍ അഞ്ചുവര്‍ഷം തികച്ചില്ലേയെന്നും തിരുവഞ്ചൂര്‍ ജയരാജനോടു പറയുന്നതു കാണാം. മീശമാധവനിലെ ജഗതി, കൊച്ചിന്‍ ഹനീഫ എന്നിവരാണ് ഈ ട്രോളില്‍ ഇരു മന്ത്രിമാരുടെയും വേഷത്തിലെത്തുന്നത്. ഇതിനിടെ 46,000 വോട്ടിനു ജയരാജനെ ജയിപ്പിച്ച മട്ടന്നൂരുകാരെ സമ്മതിക്കണം എന്നാണു ചിലര്‍ പറയുന്നത്. ദേശാഭിമാനിയില്‍ എന്തോ വലിയ പോസ്റ്റിലൊക്കെ കുറേക്കാലം ഇരുന്ന ആളാണ്, പക്ഷേ സ്‌പോര്‍ട്‌സ് പേജ് തുറന്നുനോക്കീട്ടില്ല എന്നും ചിലര്‍ പരിഹസിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 753 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day