|    Oct 28 Fri, 2016 4:05 am
FLASH NEWS

മുസ്‌ലിം പ്രീണനമോ? എന്തൊരു തമാശ!

Published : 27th September 2016 | Posted By: SMR

ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകളെ പ്രീണിപ്പിക്കാനോ അവഗണിക്കാനോ തങ്ങളില്ലെന്നും അവരെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുധാരയുടെ ഭാഗമായി കണ്ട് വികസനമുന്നേറ്റത്തില്‍ ഒപ്പം കൂട്ടാനാണ് പാര്‍ട്ടി ശ്രമിക്കുകയെന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. സര്‍വജന സുജയാം, സര്‍വജന ഹിതായാം (എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി) എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. ജനകല്യാണ്‍ അഥവാ സമൂഹക്ഷേമം മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ ക്ഷേമനടപടികളുമായി മുമ്പോട്ടുപോവുമെന്നും പ്രധാനമന്ത്രി പറയുന്നു.
വളരെ നല്ലതുതന്നെ. രാജ്യത്തെ ന്യൂനപക്ഷങ്ങളോ ദലിത്-പിന്നാക്കവിഭാഗങ്ങളോ തങ്ങളെ ഭരണാധികാരികള്‍ പ്രീണിപ്പിക്കണമെന്നു പറഞ്ഞ് ഇതുവരെയും അങ്ങോട്ട് പാഞ്ഞുചെന്നതായി കേട്ടറിവു പോലുമില്ല. സാമൂഹിക മണ്ഡലത്തില്‍ രാജ്യത്തെ പൗരജനങ്ങള്‍ എന്ന നിലയില്‍ തുല്യതയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുള്ളതാണ്. അതിനപ്പുറം എന്തു പ്രത്യേക അവകാശങ്ങളാണ് ഇങ്ങനെ പ്രീണനാര്‍ഥം അവര്‍ ആവശ്യപ്പെടുകയോ നേടിയെടുക്കുകയോ ചെയ്തിട്ടുള്ളത്?
വസ്തുതകള്‍ നേരെ മറിച്ചാണെന്ന് പ്രധാനമന്ത്രിക്കുമറിയാം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ തനിമ നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ പൗരാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണ്. ദലിത്-പിന്നാക്കവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്ന ഹീനമായ ജാതിവ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യ ഭീകരതയുടെയും ഭാഗമായി അവര്‍ നേരിട്ടുവന്നതും ഇപ്പോഴും നേരിടുന്നതുമായ അധഃസ്ഥിതാവസ്ഥയെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഭാഗമായിത്തന്നെ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. സംവരണം പോലുള്ള നടപടികള്‍ അത്തരം സാമൂഹിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആവിഷ്‌കരിച്ചത്.
എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും കടുത്ത പീഡനങ്ങളും അതിക്രമങ്ങളും പിന്നാക്കാവസ്ഥയും നേരിടുന്നത് മുസ്‌ലിം-ദലിത് സമൂഹങ്ങളാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ കൊടികുത്തി വാഴുകയാണ്. അതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സമീപകാലത്ത് ഏറ്റവും വലിയ അമാന്തം കാണിച്ച ഭരണകൂടമാണ് നരേന്ദ്ര മോദിയുടേത്. സംഘപരിവാര സംഘടനകള്‍ തന്നെയാണ് രാജ്യമെമ്പാടും ഇത്തരം അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.
രാജ്യത്ത് സമീപകാലത്തു നടന്ന ന്യൂനപക്ഷ-ദലിത് പീഡനങ്ങളില്‍ എന്തുകൊണ്ട് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ആത്മവിമര്‍ശനപരമായി പരിശോധിക്കുകയാണ് നരേന്ദ്ര മോദി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനൊന്നും മോദി കോഴിക്കോട് പ്രസംഗത്തില്‍ മുതിര്‍ന്നതായി കാണുന്നില്ല. രാഷ്ട്രീയ ലാഭം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നു വളരെ വ്യക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 463 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day