|    Oct 25 Tue, 2016 2:07 pm
FLASH NEWS

മുസ്താഫിസുറിന് കന്നിവോട്ടാണ്; പക്ഷേ ചെയ്യില്ല

Published : 25th March 2016 | Posted By: RKN

നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ നിന്ന്: അടുത്ത മാസം നാലിന് തുടങ്ങുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ 20കാരന്‍ മുഹമ്മദ് മുസ്താഫിസുറിന് കന്നി വോട്ടാണ്. പക്ഷേ ചെയ്യാന്‍ നിവൃത്തിയില്ല. ധുബ്രി ജില്ലയിലെ മന്‍കാച്ചറില്‍ ദാരിദ്ര്യം മുച്ചൂടും മുടിയ ഏഴംഗ കുടുംബത്തിന്റെ ഏക അത്താണിയായ ഈ യുവാവ് ഗുവാഹത്തി-ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഡല്‍ഹിയിലെത്തി ബന്ധുവിനെ കാണണം, സുരക്ഷാ ഗാര്‍ഡ് ആയോ വെല്‍ഡറായോ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞിട്ടുണ്ട്. മാസത്തില്‍ 5000 രൂപ വീട്ടിലേക്ക് അയക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. വാചാലനായ മുസ്താഫിസുര്‍ അസമില്‍നിന്ന് ആദ്യമായി പുറത്ത് പോവുന്നതിന്റെ ആശങ്കയും പങ്കുവച്ചു. എംപിയെയോ എംഎല്‍എയെയോ അറിയുമെങ്കിലേ അസമില്‍ ജോലി കിട്ടൂ. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള എനിക്ക് ഇവിടെ നിന്നാല്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരും. യുവാവിന്റെ മുഖത്ത് നിരാശയും പുച്ഛവും. തൊഴില്‍ രഹിതരായ യുവാക്കള്‍ നിറയുന്ന അസമിലെ ദരിദ്ര കുടുംബങ്ങളുടെ നേര്‍സാക്ഷ്യമാണ് മുസ്താഫിസുര്‍. ജോലിയില്ലാത്ത ഗ്രാമീണര്‍ ഏറ്റവും കൂടുതലുള്ള രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് അസം. നഗരങ്ങളിലെ യുവജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ ശേഷിയില്ലാത്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലും അസമുണ്ട്. നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന കഴിഞ്ഞ 15 വര്‍ഷത്തിനിടെ പ്രഖ്യാപിച്ച 60 ശതമാനത്തിലധികം നിര്‍മാണ പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അസോച്ചം തയ്യാറാക്കിയ റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 10 വര്‍ഷം സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നു ട്രെയിനിലെ യാത്രക്കാരനായ 30കാരന്‍ ബികുല്‍ പറഞ്ഞു. പത്രം വില്‍ക്കുകയാണ് ഇയാളുടെ ഇപ്പോഴത്തെ ജോലി. ജോലി ഒഴിവുകള്‍ കുറവും ആവശ്യക്കാര്‍ ഏറെയുമാണ് സംസ്ഥാനത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ്സും ബിജെപിയും തൊഴിലവസരങ്ങളെക്കുറിച്ച് കുറേ സംസാരിക്കുന്നുണ്ടെന്നും ബികുല്‍ പരിഹസിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കിയെന്നാണ് തരുണ്‍ ഗൊഗോയിയുടെ അവകാശവാദം. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും  സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. പുതിയ റെയില്‍പാളങ്ങളുണ്ടാക്കുമെന്നും യുവാക്കള്‍ക്ക് ജോലിയാവശ്യാര്‍ഥം പുറത്ത് പോവേണ്ട സാഹചര്യമൊഴിവാക്കുമെന്നും ബിജെപി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ അടുത്തിടെ അസമില്‍ നടത്തിയ ഈ പ്രഖ്യാപനങ്ങളിലൊന്നും പക്ഷേ, അസമുകാര്‍ക്ക് പ്രതീക്ഷയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
ALSO READ rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day