|    Dec 9 Fri, 2016 9:21 am
FLASH NEWS

മുന്‍ സ്പീക്കറുടെ ട്രസ്റ്റിന് കീഴിലുള്ള എന്‍ജിനീയറിങ് കോളജില്‍ അവകാശത്തര്‍ക്കം രൂക്ഷം

Published : 21st November 2016 | Posted By: SMR

കാസര്‍കോട്: മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ടി എസ് ജോണ്‍ ചെയര്‍മാനായ ട്രസ്റ്റിന് കീഴില്‍ ആരംഭിച്ച പെര്‍ള ദേവലോകത്തെ സെന്റ് ഗ്രിഗോറിയസ് എന്‍ജിനീയറിങ് കോളജില്‍ അവകാശത്തര്‍ക്കം രൂക്ഷമാവുന്നു. ജോണിന്റെ മരണത്തോടെ പ്രതിസന്ധിയിലായ കോളജ് ആറുമാസം മുമ്പ് അടച്ചുപൂട്ടിയിരുന്നു.
ഇവിടെ പഠിച്ചിരുന്ന 54 കുട്ടികള്‍ മറ്റു കോളജിലേക്കു മാറിയിട്ടുണ്ട്. 2014 ആഗസ്തിലാണു ദേവലോകത്ത് എന്‍ജിനീയറിങ് കോളജ് ആരംഭിച്ചത്. 25 ഏക്കറിലായി മൂന്നുനിലക്കെട്ടിടത്തില്‍ അഞ്ച് കോഴ്‌സുകള്‍ക്കായിരുന്നു ഇവിടെ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 54 കുട്ടികള്‍ മാത്രമാണു പഠിച്ചിരുന്നത്. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതോടെ കോളജ് പ്രതിസന്ധിയിലാവുകയും കുട്ടികള്‍ കാഞ്ഞങ്ങാട് നിത്യാനന്ദ, നോര്‍ത്ത്മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോവുകയുമായിരുന്നു. കേരള ഫിനാന്‍സ് കോര്‍പറേഷന്‍ കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് 40 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എട്ട് അനധ്യാപക ജീവനക്കാര്‍ക്ക് അഞ്ചരമാസം വീതം ശമ്പളവും കുടിശ്ശികയായി നല്‍കാനുണ്ട്. 11 അധ്യാപകരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ ബാധ്യത തീര്‍ത്തിരുന്നു. ടി എസ് ജോണ്‍, ഭാര്യ, മകന്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ സംഘത്തിന്റെ പേരിലായിരുന്നു ട്രസ്റ്റ്.
ജോണിന്റെ മകന്‍ ജോസ്‌കുട്ടി ജോണിന്റെ പേരില്‍ പെര്‍ളയില്‍ 10 ഏക്കര്‍ സ്ഥലം വേറെയുമുണ്ട്. മലപ്പുറം നിലമ്പൂരിലെ ഭാസ്‌കരപിള്ളയ്ക്ക് 45 ലക്ഷം രൂപയും ചങ്ങനാശ്ശേരിയിലെ തോമസിന് 10 ലക്ഷം രൂപയും കാസര്‍കോട്ടെ ശ്രീകൃഷ്ണ ഹാര്‍ഡ് വെയേഴ്‌സിന് 2.54 ലക്ഷം രൂപയും കോളജ് സ്ഥിതിചെയ്യുന്ന പെര്‍ള പ്രദേശത്തെ പരിസരവാസികള്‍ക്ക് ഒരുലക്ഷം രൂപയും ഇനിയും കുടിശ്ശികയായി നല്‍കാനുണ്ട്. ജോണിന്റെ മരണത്തോടെ കോളജിനുവേണ്ടിയുള്ള അവകാശ തര്‍ക്കം രൂക്ഷമായതാണു പ്രതിസന്ധി ഉടലെടുത്തത്. ഇദ്ദേഹത്തിന്റെ മരണശേഷം ട്രസ്റ്റില്‍ രണ്ടുപേരെ കൂടി എഴുതിച്ചേര്‍ത്തു. ഇതും പ്രതിസന്ധിക്കു കാരണമായി.
എന്നാല്‍ കോളജിന്റെ ബസ്സും കാറും കംപ്യൂട്ടറും ഫര്‍ണിച്ചറുകളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സിന്റെ അനുമതിക്കായി കെട്ടിവച്ച 35 ലക്ഷം രൂപ പിന്‍വലിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കുടിശ്ശിക ലഭിക്കാനുള്ളവര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്ക് ഇതുസംബന്ധിച്ചു പരാതി അടുത്തയാഴ്ച നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day