|    Dec 8 Thu, 2016 9:33 pm
FLASH NEWS

മുന്‍ഗണനാപട്ടിക സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്ന് മന്ത്രി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാക്കുന്ന മുന്‍ഗണനാ പട്ടിക സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നു മന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു.
ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. അര്‍ഹരായവരെ പട്ടികയില്‍നിന്നും പുറത്താക്കില്ല. കരട് മുന്‍ഗണനാപട്ടിക എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ധാരാളം പരാതികളും ആക്ഷേപങ്ങളും നിലവിലുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സമൂഹവും ഇടപെടണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നതിന് താലൂക്ക്തല റാങ്കിങ് ആണ് നടത്തിയത്.
എന്നാല്‍, ഇപ്പോള്‍ സംസ്ഥാനതല റാങ്കിങ് നടത്തുകയും കരട് പ്രസിദ്ധീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍, ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍ എന്നിവരയൊണു മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
ആദിവാസികളില്‍ ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള ജീവനക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്‍ ആണ്. എന്നാല്‍, പുതിയ മുന്‍ഗണാ വിഭാഗങ്ങള്‍ക്ക് 10.25 ലക്ഷം മെട്രിക് ടണ്‍ ആവശ്യമാണ്. പരിധിയില്‍ വരാത്ത 187 ലക്ഷത്തോളം അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ബാക്കിയുള്ള നാല് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. നിയമം നടപ്പിലാക്കുമ്പോള്‍ ക്ഷേമ പെര്‍മിറ്റുകള്‍ അനുസരിച്ചു സാമൂഹ്യക്ഷേമ സ്ഥാപനങ്ങള്‍ക്കും നാലു ലക്ഷത്തില്‍ നിന്നും ഭക്ഷ്യ ധാന്യങ്ങള്‍ കണ്ടെത്തേണ്ടി വരും. എന്നാലും, സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.
അതേസമയം, സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി കേരളത്തിന്റെ ആവശ്യകതയും പ്രത്യേകതയും മനസ്സിലാക്കാന്‍ കഴിയാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത രീതിയില്‍ റേഷന്‍ വിഹിതം നേടിയെടുക്കാന്‍ കേരളത്തിനായത് ഒറ്റക്കെട്ടായിശ്രമിച്ചതിന്റെ ഭാഗമായാണ്.
ഇത് വെട്ടിക്കുറയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കു മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day