|    Oct 27 Thu, 2016 8:25 pm
FLASH NEWS

മുന്നണികള്‍ക്ക് അടിതെറ്റി; അജയ്യനായി പൂഞ്ഞാറിന്റെ പുത്രന്‍

Published : 20th May 2016 | Posted By: SMR

പി എം അഹ്മദ്

കോട്ടയം: ചതുഷ്‌കോണ മല്‍സരം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പൂഞ്ഞാറില്‍ മുന്നണികള്‍ കടപുഴകി വീണപ്പോള്‍ പൂഞ്ഞാറിന്റെ പുത്രന്‍ പി സി ജോര്‍ജ് വീണ്ടും അജയ്യനായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി 2011ല്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വതന്ത്രനായി മല്‍സരിച്ച ജോ ര്‍ജ് ഇത്തവണ കരസ്ഥമാക്കിയത്. 27821 വോട്ടിനാണ് തൊട്ടടുത്ത യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് മാണിയിലെ ജോര്‍ജ്കുട്ടി അഗസ്തിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. പി സി ജോര്‍ജിന് 63,621ഉം ജോര്‍ജ്കുട്ടിക്ക് 35,800 വോട്ടും ലഭിച്ചു.
162 ബൂത്തുകളുള്ള മണ്ഡലത്തില്‍ തപാല്‍ വോട്ടുകളിലുള്‍പ്പെടെ തുടക്കം മുതല്‍ ജോര്‍ജ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോര്‍ജ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ അധികമാണ് നേടിയിരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജനാധിപത്യ കേരളാ കോ ണ്‍ഗ്രസ്സിലെ പി സി ജോസഫിന് 22,270 വോട്ടാണ് ലഭിച്ചത്. പി സി ജോര്‍ജിന്റെ ഭൂരിപക്ഷത്തേക്കാ ള്‍ താഴെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയ വോട്ട്. 2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി സി ജോര്‍ജ് 59809 വോട്ടായിരുന്നു നേടിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മോഹന്‍ തോമസ് 44105 വോട്ടു നേടിയിടത്താണ് പി സി ജോസഫ് കേവലം 22,270 വോട്ട് മാത്രം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി എം ആര്‍ ഉല്ലാസിന് 19966 വോട്ടും ലഭിച്ചു.
മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ ജോര്‍ജിന് പരസ്യപിന്തുണയുമായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. എസ്ഡിപിഐ പിന്തുണ മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതിന് സഹായകമായി. ആദിവാസി, ദലിത് സംഘടനകളും ശക്തമായി ജോര്‍ജിനൊപ്പം നിലകൊണ്ടു.
പി സി ജോര്‍ജില്ലാത്ത പതിനാലാം നിയമസഭ സ്വപ്‌നം കണ്ട എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജോര്‍ജിന്റെ പരാജയം അഭിമാനമായി കണ്ട പിണറായി വിജയനുള്ള ജനങ്ങളുടെ മറുപടികൂടിയാണ് പി സിയുടെ വിജയം. ഒരു തവണ രഹസ്യമായും പിന്നീട് പൊതുസമ്മേളനത്തിലും പിണറായി ജോര്‍ജിനെതിരേ രംഗത്തു വന്നിരുന്നു. ജയരാജനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയും രംഗത്തിറക്കി. മണ്ഡലത്തിലെത്തിയ വിഎസ് പ്രസംഗസമയം വെട്ടിച്ചുരുക്കിയതും പിസിക്ക് ഗുണകരമായി. യുഡിഎഫാവട്ടെ ആന്റോ ആന്റണി എംപിക്ക് പ്രത്യേക ചുമതല നല്‍കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തിലുടനീളം ജനകീയനായ ജോര്‍ജിന്റെ പോരാട്ടത്തില്‍ പ്രബല മുന്നണികളെല്ലാം അടിപതറുകയായിരുന്നു. ഇത് എഴാം തവണയാണ് പൂഞ്ഞാ ര്‍ മണ്ഡലത്തില്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെടുന്നത്.
പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ അഴിമതിക്കാരെയും അവിഹിതക്കാരെയും തുറന്നു കാട്ടുന്ന പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തീരാ തലവേദനയായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം മാണിയുമായി തെറ്റിപ്പിരിയുകയും എല്‍ഡിഎഫുമായി അടുപ്പത്തിലാവുകയും ചെയ്തു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി ശക്തമായ പ്രചാരണം നടത്തിയ ജോ ര്‍ജ് പൂഞ്ഞാറില്‍ ഇടതു പിന്തുണയില്‍ ഇത്തവണ മല്‍സരിക്കാമെന്ന് കണക്കു കൂട്ടിയിരുന്നു. എന്നാല്‍, ജോര്‍ജിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം ശക്തമായ നിലപാട് എടുത്തു. അതോടെ, സിപിഎമ്മിനും പിണറായി വിജയനും എതിരേ ആഞ്ഞടിച്ച് സ്വതന്ത്ര വേഷത്തില്‍ ജോര്‍ജ് മല്‍സരത്തിന് ഇറങ്ങി. അഴിമതിക്കെതിരേ സ്വീകരിക്കുന്ന സന്ധിയില്ലാത്ത നിലപാടിന്റെ പേരിലാണ് ജോര്‍ജിനെ എഴാം തവണയും നിയമസഭയിലേക്ക് അയക്കാന്‍ പൂഞ്ഞാറുകാര്‍ തീരുമാനിച്ചത്.
ജോര്‍ജിന്റെ ശത്രു അദ്ദേഹത്തിന്റെ നാവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പൂഞ്ഞാറിലെ സിപിഎമ്മുകാര്‍ തനിക്കാണ് വോട്ടു ചെയ്യുകയെന്ന് ജോര്‍ജ് പ്രഖ്യാപിച്ചത് അക്ഷരംപ്രതി ശരിയായെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day