|    Dec 9 Fri, 2016 10:49 pm
FLASH NEWS

മുത്വലാഖിന്റെ പേരിലുള്ള നരേന്ദ്രമോദിയുടെ വനിതാ സ്‌നേഹം കാപട്യം: ഡോ. എം കെ മുനീര്‍

Published : 28th October 2016 | Posted By: SMR

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ ആവശ്യമെന്ന പേരില്‍ മുത്വലാഖിനുവേണ്ടി വാദിക്കുന്ന പ്രധാനമന്ത്രിയുടെ വനിതാ സ്‌നേഹം കാപട്യമാണെന്ന് ഡോ. എം കെ മുനീര്‍ എംഎല്‍എ.  ഹിന്ദു വിവാഹ നിയമത്തില്‍ വിവാഹ മോചനവും ബഹുഭാര്യത്വവും അനുവദനീയമല്ലെന്നിരിക്കെ നരേന്ദ്രമോദി ഭാര്യയെ ഒഴിവാക്കിയത് ആരോട് ചോദിച്ചിട്ടാണെന്ന് വ്യക്തമാക്കണം. സ്വന്തം വീട്ടില്‍ പീഡനത്തിന് ഇരയായ സ്ത്രീയെ കുറിച്ച് സംസാരിച്ച ശേഷമേ രാജ്യത്തെ മറ്റു സ്ത്രീകളുടെ സംരക്ഷണത്തെ കുറിച്ച് മോദി പറയേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ഏകസിവില്‍കോഡ് ഫാഷിസ്റ്റ് അജണ്ട’ സെമിനാറും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. മുലായംസിങ് യാദവിന് രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കള്‍ തമ്മിലുള്ള  കലഹമാണ് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രശ്‌നമായി മാറിയത്. മുലായം സിങ് ഏത് വ്യക്തി നിയമം അനുസരിച്ചാണ് ജീവിക്കുന്നതെന്നും മുനീര്‍ ചോദിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം മുത്ത്വലാഖ് ആണെന്ന തലത്തിലുള്ള ചര്‍ച്ചയ്ക്കു പിന്നില്‍ സംഘ്പരിവാരിന്റെ രഹസ്യ അജണ്ടയാണുള്ളത്. ഏറ്റവും പ്രാകൃതമായ വിവാഹ നിയമങ്ങള്‍ മറ്റു സമൂഹങ്ങളില്‍ നിലവിലുണ്ട്. അഞ്ചു പെണ്‍കുട്ടികളെ ഹിന്ദു മതത്തില്‍പ്പെട്ടയാള്‍ വിവാഹം ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് മുത്ത്വലാഖും ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവാഹ നിയമങ്ങള്‍ മുസ്‌ലിംകള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. വിവാഹ മോചനം ഏറ്റവും കുറവുള്ളത് മുസ്‌ലിം സമൂഹത്തിലാണെന്ന വസ്തുതയും വിസ്മരിക്കരുത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ ഭരണഘടനയിലെ മൗലീക അവകാശങ്ങള്‍ പലതും നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സി എച്ച് മഹമൂദ് സഅദി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു. അഡ്വ.ഷെഹസാദ് ഹുദവി, ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, സലാം ഫൈസി മുക്കം, ഒ പി അശ്‌റഫ്, കെ പി കോയ, അശ്‌റഫ് ബാഖവി ചാലിയം  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day