|    Dec 10 Sat, 2016 2:46 am
FLASH NEWS

മുണ്ടക്കയം കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയതായി പരാതി

Published : 16th November 2016 | Posted By: SMR

മുണ്ടക്കയം: കുടുംബശ്രീയുടെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടത്തിയതായി പരാതി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീയില്‍ സമഗ്ര പദ്ധതി പ്രകാരം  ഗ്രൂപ്പുകളുണ്ടാക്കി കോഴി വളര്‍ത്തല്‍ പദ്ധതിക്കു രൂപം നല്‍കിയിരുന്നു. ഇതിനായി വിജയബാങ്ക് മുണ്ടക്കയം ശാഖയില്‍ നിന്ന് വീട്ടമ്മമാര്‍ എടുത്ത പണമാണ് തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്നത്. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെ. ഭാരത് സേവാ സമാജ് സംഘടിപ്പിക്കുന്ന കോഴി വളര്‍ത്തല്‍ പദ്ധതിക്ക് ബാങ്കു വായ്പ ലഭിക്കുമെന്നും ബാങ്കില്‍ നിന്നു ലഭിക്കുന്ന തുക സമാജിനു അടച്ചാല്‍ 25 കോഴിക്കുഞ്ഞുങ്ങള്‍, കൂട്, തീറ്റ എന്നിവ ലഭിക്കുമെന്നും കൂടാതെ ആറു മാസം പ്രായമാവുമ്പോള്‍ കോഴികളെ സമാജ് തന്നെ തിരികെ എടുക്കുമെന്നും കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ ബോധ്യപ്പെടുത്തി. കൂടാതെ കോഴിയുടെ കാഷ്ടം കൃത്യമായി തിരികെയെടുത്തു അതിനു വില നല്‍കുമെന്നും ഇതിനായി ബന്ധപ്പെട്ട കോഓഡിനേറ്റര്‍ എന്നു സ്വയം പരിചയപെടുത്തിയ പുഞ്ചവയല്‍ പാക്കാനം സ്വദേശി ഷിബു പറഞ്ഞു തട്ടിപ്പു നടത്തിയതായതാണ് ആക്ഷേപം.അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ചാണ് ബാങ്കില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതനുസരിച്ചു മുണ്ടക്കയം പഞ്ചായത്തില്‍ 39 ഗ്രൂപ്പുകളാണ് രൂപീകരിച്ച് വിജയ ബാങ്കില്‍ നിന്ന് കോഴി വളര്‍ത്തല്‍ പദ്ധതിയെന്ന പേരില്‍ പണം വാങ്ങിയെടുത്ത്. ഗ്രൂപ്പ് അംഗങ്ങള്‍ ഒരുമിച്ചെത്തി ബാങ്കില്‍ ഒപ്പിട്ടു നല്‍കുക മാത്രമാണ് ചെയ്തത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റ് തന്നെ പണം വാങ്ങിയെടുക്കുകയും പഞ്ചായത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ചു കോഴികുഞ്ഞുങ്ങളെയും കൂടുകളും വിതരണം ചെയ്യുകയും ചെയ്തു. ഹൈടെക് കോഴിക്കൂട് വിതരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത ഇടംപിടിക്കുകയും ചെയ്തിരുന്നു. പദ്ധതി അനുസരിച്ച് കോഴിയും കോഴിക്കൂടും മാത്രം ലഭിക്കുകയും മറ്റു തുടര്‍ നടപടികള്‍ ഉണ്ടാവാതിരുന്നതോടെ കുടുംബശ്രീ അധികൃതര്‍  മുഖാന്തരം ഇടനിലക്കാരനായ ഷിബുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. കോഴികളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ 500 രൂപ ആളുകളോട് വാങ്ങിയെങ്കിലും നടപടിയായില്ല. കോഴികള്‍ പലതും ചത്തുപോയെങ്കിലും ഇന്‍ഷ്വര്‍ ഇല്ലാത്തതിനാല്‍ പ്രയോജനമുണ്ടായില്ല. തുടര്‍ന്നു സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രഭ രാജന്‍ ഷിബുവിനെതിരേ മുണ്ടക്കയം പോലിസില്‍ പരാതി നല്‍കി. പാരതിയിന്‍മേല്‍ ഇയാളെ വിളിച്ചുവരുത്തിയെങ്കിലും അന്ന് പോലിസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലന്നും ആക്ഷേപമുണ്ട്. ഇതിനിടയിലാണ് ബാങ്കില്‍ നിന്നു വീട്ടമ്മമാര്‍ക്കു ജപ്തി നോട്ടീസ് ലഭിച്ചു തുടങ്ങിയത്. പണം തിരിച്ചടച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാവുമെന്നറിഞ്ഞതോടെ ഇവര്‍ പഞ്ചായത്ത് അധികാരികളേയും സിഡിഎസ് ചെയര്‍പേഴ്‌സനെയും വിവരം അറിയിച്ചു. ഇവര്‍ ഭാരത് സേവാ സമാജത്തിന്റെ തിരുവനന്തപുരത്തെ ഓഫിസുമായി ബന്ധപ്പെട്ടു. ഇത്തരം പദ്ധതിക്കു ബിഎസ്എസിനു യാതൊരു പങ്കുമില്ലന്നും ഇവിടെ നിന്നു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വാങ്ങുന്ന പദ്ധതികള്‍ക്കു മാത്രമേ തങ്ങളുടെ ഭാഗത്തു നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാവുകയുളളുവെന്നും അധികൃതര്‍ അറിയിച്ചു. ബിഎസ്എസ് കോഓഡിനേറ്റര്‍ എന്നു പറഞ്ഞ് മുണ്ടക്കയത്ത് പദ്ധതിയൊരുക്കിയ ഷിബുവുമായി ബിഎസ്എസിനു യാതൊരു ബന്ധവുമില്ലന്നും അയാളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലന്നും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day