|    Dec 8 Thu, 2016 3:21 pm
FLASH NEWS

മുട്ടാര്‍ പുഴയില്‍ ഓക്‌സിജന്‍ ഇല്ല; നേരിയതോതില്‍ ആസിഡിന്റെ സാന്നിധ്യമുണ്ടെന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡ്

Published : 14th November 2016 | Posted By: SMR

കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയില്‍ വെള്ളത്തില്‍ ഓക്‌സിജന്റെ കുറവുള്ളതായി മലിനീകരണനിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളത്തില്‍ ആസിഡിന്റെ സാന്നിധ്യമുള്ളതും പിഎച്ച് മൂല്യം കുറവ് ഉള്ളതായി പറയുന്നു. കഴിഞ്ഞമാസം 31 മുതല്‍ കഴിഞ്ഞ ദിവസം വരെ മുട്ടാര്‍ പുഴയില്‍ പലഭാഗത്തും ഓക്‌സിജന്റെ അളവ് തീരെ കുറവാണ്. ഏലൂര്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഏലൂര്‍ ഓഫിസ് മുട്ടാര്‍ പുഴയിലെ പുത്തലം കടവില്‍നിന്നും ശേഖരിച്ച വെള്ളം പരിശോധനയില്‍ ആണ് ഓക്‌സിജന്റെ കുറവ് കണ്ടെത്തിയത്. മുട്ടാര്‍ പുഴയിലെ പലഭാഗത്തുനിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനയില്‍ ഓക്‌സിജന്റെ അളവ് പൂജ്യം കണ്ട സ്ഥലങ്ങളും ഉണ്ട്. കൂടാതെ വെള്ളം നിറം മാറി ഒഴുകുന്നതും ആസിഡിന്റെ സാന്നിധ്യം കാണുന്നതും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. വെള്ളത്തിന്റെ ദുര്‍ഗന്ധവും ഓക്‌സിജന്റെ കുറവും ഒഴുക്ക് കുറഞ്ഞതും പുഴയിലെ മല്‍സ്യസമ്പത്തിന് ഭീഷണിയാവുന്നുണ്ട്. മുട്ടാര്‍ പുഴയില്‍ പുല്ലുകളും പായലും നിറഞ്ഞിരിക്കുന്നതും ഭൂതത്താന്‍ കെട്ടില്‍നിന്നും വെള്ളംതുറന്നു വിടാത്തതും പെരിയാറിലും മുട്ടാര്‍ പുഴയിലും വെള്ളം കുറയാന്‍ കാരണമാവുന്നുണ്ട്. പെരിയാറിനെ മൂടിക്കിടക്കുന്ന പുല്ലുകളും പായലുകളും കാരണം ഒഴുക്കും കുറഞ്ഞിരിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഉപ്പ് വെള്ളം മുകളിലേക്ക് കയറാതിരിക്കാന്‍ മഞ്ഞുമ്മല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറക്കാതിരിക്കുന്നതും പ്രശ്‌നമാവുന്നുണ്ട്. നിരവധി കമ്പനികളും ആശുപത്രികള്‍ ഉള്‍പെടെ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയില്‍ ഓക്‌സിജന്റെ കുറവും ആസിഡിന്റെ സാന്നിധ്യവും കുടിവെള്ളവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതര്‍ക്ക് ഉണ്ട്. പ്രതീക്ഷിച്ചത്ര തുലാവര്‍ഷം ലഭിക്കാതിരുന്നതും പുഴയില്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നതും വെള്ളത്തിന്റെ നിറംമാറ്റവും ദുര്‍ഗന്ധവും ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. മുട്ടാര്‍ പുഴയിലെ പായലുകളും പുല്ലുകളും നീക്കംചെയ്യണമെന്നും ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യത്തിന് മഴലഭിച്ചില്ലെങ്കില്‍ ഭൂതത്താന്‍കെട്ടില്‍നിന്നും കൂടുതല്‍വെള്ളം തുറന്നുവിടാന്‍ നടപടി സ്വീകരിച്ചാല്‍ ആശങ്കയ്ക്കു പരിഹാരമാവുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day