|    Dec 9 Fri, 2016 10:53 pm
FLASH NEWS

മുച്ചക്രം അനുവദിക്കുന്നതില്‍ അനാസ്ഥ; നടുവ് തളര്‍ന്ന വയോധികന്‍ സത്യഗ്രഹം കിടന്നു

Published : 21st November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: അപേക്ഷ നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും മുച്ചക്ര വാഹനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടുവ് തളര്‍ന്ന വയോധികന്‍ സത്യഗ്രഹ സമരം നടത്തി. എരുമേലി പഞ്ചായത്തിലെ 10ാം വാര്‍ഡിലെ തുമരംപാറ സ്വദേശി തഴക്കവയലില്‍ വീട്ടില്‍ കരുണാകരന്‍ (ജോയി-58) ആണ് സത്യഗ്രഹം കിടന്നത്. കഴിഞ്ഞ ജനുവരി 28ന് ഇദ്ദേഹത്തിനു സാമൂഹിക നീതി വകുപ്പില്‍ നിന്നു മുച്ചക്ര വാഹനത്തിന് അര്‍ഹനാണെന്നു കാണിച്ച് അറിയിപ്പു ലഭിച്ചിരുന്നു.ഇതു പ്രകാരം മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലേക്കു നിരവധി തവണ അപേക്ഷയുമായിട്ട് ചെന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. തടിവെട്ട് ജോലിക്കാരനായിരുന്ന ഇദ്ദേഹം തടിവെട്ടുന്നതിനിടെ അപകടത്തില്‍പ്പെട്ടാണ് നടുവു തളര്‍ന്നത്. നിലത്തുകൂടി ഇഴഞ്ഞാണ് ഇദ്ദേഹം അപേക്ഷകളുമായി ഒരു വര്‍ഷമായി സര്‍ക്കാര്‍ ഓഫിസ് പടി കയറിയിറങ്ങുന്നത്. കലക്ടര്‍ക്കും എഡിഎമ്മിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടന്‍ മുച്ചക്ര വാഹനം അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ തിരുവനന്തപുരത്തിനു പോവുന്നതറിഞ്ഞ് സാമൂഹിക നീതി വകുപ്പില്‍ നിന്നു വിളിച്ച് പരാതി നല്‍കരുതെന്നും ഉടന്‍ മുച്ചക്ര വാഹനം നല്‍കാമെന്നും അറിയിച്ചിരുന്നു. ഇതു പ്രകാരം വാഹനം വാങ്ങനെത്തിയപ്പോള്‍ അധികാരികള്‍ കൈമലര്‍ത്തിയതിനെ തുടര്‍ന്നാണ് സത്യഗ്രഹം ഇരിക്കാന്‍ തീരുമാനച്ചതെന്ന് കരുണാകരന്‍ പറഞ്ഞു. നിലവില്‍ ഇദ്ദേഹത്തിനു ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ശനിയാഴ്ച്ച 12ഓടെ ബ്ലോക്ക് ഓഫിസിലെത്തിയ വയോധികന്‍ ഓഫിസിന്റെ മുന്നില്‍ കിടന്നാണ് പ്രതിഷേധമറിയിച്ചത്.എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ടല്ല മുച്ചക്ര വാഹനം ലഭിക്കുന്നതിനു കാലതാമസം ഉണ്ടായതെന്നും സാമൂഹിക നീതി വകുപ്പില്‍ നിന്നും അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച്ച പറ്റിയതാണ് ഇതിനു കാരണമെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.ഉടന്‍ തന്നെ മുച്ചക്ര വാഹനം ലഭ്യമാക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോസഫും വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയും ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് വൈകീട്ട് മൂന്നോടെ സമരം അവസാനിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day