|    Dec 9 Fri, 2016 7:02 pm
FLASH NEWS

മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നു ശിവപാല്‍; പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അഖിലേഷ്

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ചാം സ്ഥാപകദിനാഘോഷ പരിപാടിയിലും യുപി ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി. വിശാല മതേതര സഖ്യമായ ജനതാപരിവാറിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ലഖ്‌നോവിലെ വേദിയിലാണ് മുഖ്യമന്ത്രി അഖിലേഷ് യാദവും മുതിര്‍ന്ന നേതാവ് ശിവപാല്‍ യാദവും തമ്മിലുള്ള പോര് പരസ്യമായത്.
തനിക്ക് മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ ആഗ്രഹമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പറഞ്ഞുകൊണ്ടായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവ്പാല്‍ തന്റെ പ്രസംഗം തുടങ്ങിയത്. പാര്‍ട്ടിക്കായി ജീവന്‍ ത്യജിക്കാനും തയ്യാറാണ്. എന്നാല്‍, ചിലര്‍ പാര്‍ട്ടിയിലും അധികാരത്തിലും പിന്‍വാതിലിലൂടെ പ്രവേശിക്കുന്നുണ്ട്. അത് നല്ലതല്ലെന്ന് അവര്‍തന്നെ മനസ്സിലാക്കണമെന്നും പിന്‍വാതിലിലൂടെ എത്തിപ്പെടുമ്പോള്‍ പിന്തള്ളപ്പെടുന്നതു കഴിവുള്ളവരാണെന്നും അഖിലേഷിനെ ലക്ഷ്യംവച്ച് ശിവ്പാല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അപമാനിതനാവുകയോ പുറത്താക്കപ്പെടുകയോ ചെയ്താലും തന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യരുത്. എന്ത് ത്യാഗത്തിനും തയ്യാറാണെന്നും ഇക്കാര്യം ദേശീയ അധ്യക്ഷന്‍ മുലായമിന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ശിവപാല്‍ കൂട്ടിച്ചേര്‍ത്തു.
പിന്നാലെ സംസാരിച്ച അഖിലേഷ്, ശിവപാലിനു ശക്തമായ മറുപടി നല്‍കിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. തന്റെ കൈയില്‍ വാളുതന്നിട്ട് അതുപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു. ചില കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ തന്റെ വാക്ക് കേള്‍ക്കും. പക്ഷേ, അത് പാര്‍ട്ടിക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിച്ച ശേഷമായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു. പാര്‍ട്ടി എനിക്ക് വിശ്രമം വിധിക്കുകയാണെങ്കില്‍ അതനുസരിക്കാന്‍ തയ്യാറാണ്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാവും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് ബിജെപി 80ല്‍ 71 സീറ്റ് നേടി. എന്നിട്ടും അവര്‍ സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തില്ല. മുസഫര്‍നഗറിലും കൈരാനയിലും കലാപമുണ്ടാക്കുകയാണ് ബിജെപി ചെയ്തത്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും ബിജെപിയെപ്പോലുള്ള വര്‍ഗീയ ശക്തികളെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അനുവദിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. വേദിയില്‍ സംസാരിക്കുന്നതിനിടെ അഖിലേഷിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച സമാജ്‌വാദി നേതാവ് ജാവേദ് ആബിദിനെ ശിവപാല്‍ യാദവ് ഇടപെട്ടു തടഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്, ജെഡിയു നേതാവ് ശരത് യാദവ്, ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗത്താല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എന്നാല്‍, ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ ചടങ്ങിനെത്തിയില്ല. സംസ്ഥാനത്തെ പൂജ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് നിതീഷ് സംബന്ധിക്കാതിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ശിവപാല്‍ യാദവും അഖിലേഷും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ലാലുപ്രസാദ് യാദവ് പറഞ്ഞു. എന്നാല്‍, അഖിലേഷ് യാദവ് സര്‍ക്കാരിനെ പ്രശംസിച്ച് സംസാരിച്ച പാര്‍ട്ടി നേതാവ് മുലായംസിങ് പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് മൗനം പാലിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി  പാര്‍ട്ടി ആരംഭിച്ച രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെയും നേരിയ സംഘര്‍ഷമുണ്ടായി. അഖിലേഷും ശിവപാലും വേദയിലേക്ക് എത്തുന്നതിനിടെ ഇരുവരെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തലസ്ഥാനമായ ലഖ്‌നോവില്‍നിന്ന് തുടങ്ങി 75 കിലോമീറ്റര്‍ സഞ്ചരിച്ച് ഉനാവോയിലാണ് രഥയാത്ര അവസാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day