|    Dec 7 Wed, 2016 7:52 pm
FLASH NEWS

മുക്കുന്നി മലയില്‍ പാറമാഫിയ ഭൂമി കൈയേറിയതായി റിപോര്‍ട്ട്‌

Published : 30th November 2016 | Posted By: SMR

സ്വന്തംപ്രതിനിധി

ബാലരാമപുരം: മുക്കുന്നി മലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ക്വാറി മാഫിയ അനധികൃത പാറഖനനം നടത്തിയതായും ഇതുമൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായും വിജിലന്‍സ് സംഘം ഹൈക്കോടതിക്ക് സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായ റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും കോഴ വാങ്ങി ലൈസന്‍സ് നല്‍കിയതിന്റെ പേരില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, റവന്യൂ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍ അടങ്ങുന്ന നാല്‍പത് പേരുടെ പേരില്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് കേസ് നിലനില്‍ക്കുകയാണ്. പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.
മുക്കുന്നിമലയില്‍ അനധികൃത പാറഖനനം കണ്ടെത്താന്‍ വിജിലന്‍സ് സംഘം പലതവണ എത്തിയെങ്കിലും പാറപൊട്ടിക്കുന്നതിനാല്‍ പലപ്പോഴും സര്‍വേ നടത്താന്‍ പറ്റിയിരുന്നില്ല. പാറഖനനം നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചും ഇവിടെ പാറപൊട്ടിക്കല്‍ തുടര്‍ന്നിരുന്നു.
എന്നാല്‍, വിജിലന്‍സ് സംഘം കഴിഞ്ഞ മൂന്നുമാസം മുമ്പാണ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വീണ്ടും സര്‍വേ നടത്തിയത്. 92 ദിവസം നീണ്ട സര്‍വേയിലാണ് 23.2 ഹെക്ടര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയത്. വ്യാജരേഖകള്‍ ചമച്ചും വ്യാജ പട്ടയങ്ങള്‍ സമ്പാദിച്ചുമാണ് അനധികൃത ഖനനം നടത്തിയത്. 92 ദിവസംകൊണ്ട് 82.5 ഏക്കര്‍ ഭൂമിയാണ് വിജിലന്‍സ് സിഐ റാബിയത്തിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വേ നടത്തിയത്. കോടികളുടെ നഷ്ടത്തിന്റെ കണക്കും ഇതിന് കൂട്ടുനിന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിക്ക് വിജിലന്‍സ് സംഘം സമര്‍പ്പിക്കും. നേരത്തേ മുക്കുന്നിമല സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ക്വാറി മാഫിയക്കെതിരേ സമരപരിപാടികള്‍ നടന്നിരുന്നു.
തുടര്‍ന്ന് ഇവിടെയെത്തിയ വിജിലന്‍സ് സംഘത്തെ മാഫിയകള്‍ തടയുകയും കാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. കൂടാതെ, ക്വാറി മാഫിയക്കെതിരേ പരാതി നല്‍കിയ വീട്ടുകാരെ അക്രമിക്കുകയും ബോംബെറിയുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സമരപ്പന്തലില്‍ കയറി അക്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിജിലന്‍സിന്റെ റിപോര്‍ട്ട് പുറത്തുവരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day