|    Oct 24 Mon, 2016 9:31 pm
FLASH NEWS

മുംബൈ സ്വദേശി 10 ദിവസമായി എംബസിക്കു പുറത്ത് ഷെഡില്‍

Published : 24th December 2015 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: സ്‌പോണ്‍സറുടെ കടുത്ത പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ മുംബൈ സ്വദേശി 10 ദിവസമായി ഇന്ത്യന്‍ എംബസിക്കു പുറത്തെ കാര്‍ ഷെഡില്‍ ദുരിതജീവിതം നയിക്കുന്നു.
മുംബൈയിലെ മലാഡീസ് പട്ടാന്‍വാഡി സ്വദേശി ഫിറോസ് ഇസ്മാഈല്‍ പട്ടേലാണ് ഈ ഹതഭാഗ്യന്‍. 20 മാസം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ ഫിറോസ് സൈലിയയിലെ ഒരു വിട്ടിലെത്തിയത്. രാവിലെ 6 മുതല്‍ രാത്രി 1 മണിവരെയും ചിലപ്പോള്‍ അതില്‍ കൂടുതലും ജോലി ചെയ്യേണ്ടിവന്നതായി ഫിറോസ് ഗള്‍ഫ് തേജസിനോടു പറഞ്ഞു. സ്‌പോ ണ്‍സറുടെ വീട്ടിലെ ഡ്രൈവിങ് ജോലിക്കും മറ്റു വീട്ടുജോലികള്‍ക്കും പുറമേ ബന്ധുവീടുകളിലെ ജോലികളും കൂടി ചെയ്യേണ്ടിവന്നു. ഫിംഗര്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയതല്ലാതെ ഖത്തര്‍ ഐഡിയോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലാതെയാണ് ഇത്രയും കാലം പണിയെടുപ്പിച്ചത്. പാസ്‌പോര്‍ട്ട് നേരത്തേ വാങ്ങിവച്ചിരുന്നു. ഐഡിയും ലൈസന്‍സും ഇല്ലാതെ ഡ്രൈവിങ് ജോലി ചെയ്താലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മര്‍ദ്ദനവും ചീത്തവിളിയുമായിരുന്നു മറുപടിയെന്ന് ഫിറോസ് പറയുന്നു. രണ്ടാഴ്ച മുമ്പ് തന്നോട് സൗദിയിലെ ഫാമിലേക്ക് ആടിനെയും ഒട്ടകത്തെയും മറ്റും മേയ്ക്കുന്ന പണിക്കു പോവാന്‍ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വീടുവിട്ടിറങ്ങാനിടയാക്കിയ സംഭവത്തിനു ഹേതുവായതെന്ന് ഫിറോസ് പറഞ്ഞു. ഫാമിലെ പണി തനിക്കു പറ്റില്ലെന്നും രണ്ടു വര്‍ഷം പൂര്‍ത്തിയായാല്‍ തന്നെ നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്നും സ്‌പോണ്‍സറോട് അഭ്യര്‍ഥിച്ചു. ഇതില്‍ കുപിതരായ സ്‌പോണ്‍സറുടെ മക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണുകള്‍, ടാബ്, പഴ്‌സ്, സൗദി ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളും വാങ്ങിവയ്ക്കുകയും ചെയ്തു.
താമസിച്ചിരുന്ന മുറിയുടെ താക്കോല്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങി. അവിടെ നിന്നാല്‍ ആടുജീവിതം നയിക്കേണ്ടി വരുമെന്നു മനസ്സിലാക്കിയതോടെയാണ് വീടുവിട്ടിറങ്ങി സിഐഡി ഓഫിസില്‍ ബന്ധപ്പെട്ടത്. അവിടെ നിന്ന് എംബസിയുടെ കത്തുവാങ്ങി വരാന്‍ ആവശ്യപ്പെട്ടു. കത്തുമായി ചെന്നപ്പോള്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വരുത്തിക്കാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാല്‍ വിളിക്കാമെന്നും മറുപടി നല്‍കി. ഈ മാസം 13നാണ് സിഐഡി ഓഫിസില്‍ ബന്ധപ്പെട്ടത്. എന്നാല്‍, ഇതേവരെ വിളിയൊന്നും കാണാത്തതിനാല്‍ കഴിഞ്ഞ ദിവസം വീണ്ടും അവിടെ ചെന്നെങ്കിലും പാസ്‌പോര്‍ട്ട് ഇതേവരെ കിട്ടിയില്ലെന്ന മറുപടിയാണു ലഭിച്ചതെന്ന് ഫിറോസ് പറയുന്നു.
1300 റിയാല്‍ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഫിറോസിന് കഴിഞ്ഞ നാലു മാസത്തെ ശമ്പളം കിട്ടാനുണ്ട്. 40,000 രൂപ വിസയ്ക്കു നല്‍കിയിരുന്നു. കൈയില്‍ ഒരു റിയാല്‍ പോലുമില്ലാതെയാണ് താമസ സ്ഥലത്തു നിന്ന് ഇറങ്ങേണ്ടിവന്നത്. എംബസിയില്‍ വരുന്നവരും മറ്റും വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഇപ്പോള്‍ തണുപ്പുകാലം ആരംഭിച്ചതോടെ എംബസിക്കു പുറത്തെ കാര്‍ ഷെഡില്‍ കഴിയുന്നത് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. തന്നെപ്പോലെ സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ വേറെയും പന്ത്രണ്ടോളം പേര്‍ എംബസിക്കു പുറത്തു കഴിയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day