|    Dec 3 Sat, 2016 11:07 pm
FLASH NEWS

മീഡിയാ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രിംകോടതിയില്‍

Published : 22nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡിയാ റൂം വീണ്ടും തുറക്കുന്നതില്‍ എതിര്‍പ്പുകളുണ്ടെന്ന് സുപ്രിംകോടതിയില്‍ ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. വി ഗിരിയാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വരുന്നതില്‍ ഒരു എതിര്‍പ്പുമില്ല.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. മീഡിയാ റൂം തുറന്നുതരണമെന്നും മാധ്യമപ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസിന്റെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ പലതവണ ചര്‍ച്ച നടന്നിരുന്നു. ഹൈക്കോടതിയില്‍ പൂട്ടിക്കിടക്കുന്ന മീഡിയാ റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കിടയില്‍ വിയോജിപ്പുണ്ട്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമം. ഇതിനായി ഊര്‍ജിത ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് നാലാഴ്ച സമയം അനുവദിക്കണമെന്ന് വി ഗിരി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു യു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
രജിസ്ട്രാറുടെ വിശദീകരണം കേട്ട ജസ്റ്റിസ് യു യു ലളിത്, മീഡിയാ റൂം മാധ്യമങ്ങള്‍ക്കുള്ള സൗകര്യമല്ലേ, അത് തുറന്നുകൊടുക്കുന്നതില്‍ എന്താണു പ്രശ്‌നമെന്ന് ചോദിച്ചു. അതേസമയം, നാലാഴ്ചയോളം ഇനിയും പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനാവില്ലെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. ഇതോടെ പ്രശ്‌നപരിഹാരത്തിന് രണ്ടാഴ്ച അനുവദിച്ചതായി സുപ്രിംകോടതി അറിയിച്ചു. കേസ് അടുത്തമാസം ഏഴിനു വീണ്ടും പരിഗണിക്കും. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രശ്‌നപരിഹാരം സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ കഴിയുമെന്നും വി ഗിരി ബോധിപ്പിച്ചു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏകപക്ഷീയമായ രീതിയിലാണ് മീഡിയാ റൂം പൂട്ടുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടതെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, ഹൈക്കോടതി രജിസ്ട്രാര്‍ തുടങ്ങിയവര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പായിട്ടില്ലെന്നും കെയുഡബ്ല്യുജെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ രജിസ്ട്രാര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിനെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കക്ഷിചേര്‍ത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day