|    Dec 7 Wed, 2016 4:00 pm
FLASH NEWS

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം; എങ്ങും ജാഗ്രതാ നിര്‍ദേശം

Published : 25th November 2016 | Posted By: SMR

എടക്കര: നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എങ്ങും ജാഗ്രതാ നിര്‍ദേശം. പോലിസ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെടുന്നത് കേരളത്തില്‍ ആദ്യ സംഭവമാണ്. കരുളായി റേഞ്ചിലെ പടുക്ക വനമേഖലയിലെ പൂളപ്പൊട്ടി കണ്ടംതരിശ് ഭാഗങ്ങളില്‍ വ്യാഴാഴ്ച പോലിസ് നടത്തിയ ഓപറേഷനില്‍ ആന്ധ്ര സ്വദേശികളായ ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കേരളത്തിലെ പോലിസ് സേനയുമായി നാളിതുവരെ മാവോവാദികള്‍ ഏറ്റുമുട്ടല്‍ നടത്തിയിട്ടില്ല. ഒന്നര വര്‍ഷം മുമ്പ് വയനാട് ജില്ലയിലെ വെള്ളമുണ്ടയിലാണ് ആദ്യമായി വെടിവയ്പ്പുണ്ടായത്. നിലമ്പൂര്‍ മേഖലയില്‍ രണ്ടുമാസം മുമ്പ് കരുളായി വനത്തിലെ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ പോലിസുകാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി മാവോവാദി സംഘം വെടിയുതിര്‍ത്തിരുന്നു. മുമ്പ് പൂക്കോട്ടുംപാടം, പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളില്‍ വനംവകുപ്പ് ജീവനക്കാരെ മാവോവാദികള്‍ തടയുകയും ഭീഷണിപ്പെടുത്തി വിട്ടയക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മേഖലയില്‍ 2012 മുതല്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുവെങ്കിലും അക്രമ സ്വഭാവത്തിലേക്ക് മാവോവാദികള്‍ എത്തിയിരുന്നില്ല. ഭൂദാനം ചെമ്പ്ര ആദിവാസി കോളനിയിലാണ് ആദ്യമായി മാവോവാദികള്‍ എത്തിയത്. ഇതിന് മുമ്പ് അപ്പന്‍കാപ്പ് കോളനിയിലെ തമ്പി എന്ന യുവാവിനെ ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ചതായും പറയപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് നക്‌സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള എസ്‌ഐ പി ജ്യോതീന്ദ്രകുമാര്‍ മരുത തണ്ണിക്കടവ് വനാതിര്‍ത്തിയില്‍ കണ്‍മുന്നിലെത്തിയ മാവോവാദികളെ വെടിവയ്ക്കുന്നതിന് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ആദ്യമൊക്കെ കെട്ടുകഥകളായി മാത്രമാണ് മാവോവാദികളുടെ സാന്നിധ്യം ജനങ്ങള്‍ ഉള്‍കൊണ്ടത്. പിന്നീട് വനമേഖലയിലെ നിരവധി വീടുകളിലും വനാന്തര്‍ ഭാഗത്തെ ആദിവാസി കോളനികളിലും മാവോവാദികള്‍ സ്ഥിരമായി എത്തിയിരുന്നു. എന്നാല്‍, ഒരിടത്തും ഇവര്‍ അക്രമ സ്വഭാവം കാട്ടിയിരുന്നില്ല. മാത്രവുമല്ല, മാവോവാദികളെത്തിയ കോളനികളിലും മറ്റ് വീടുകളിലും വളരെ മാന്യമായ പെരുമാറ്റമാണ് ആയുധധാരികള്‍ നടത്തിയത്. ഇതുകൊണ്ടുതന്നെ ആദിവാസികളിലും പൊതുജനങ്ങളിലും മാവോവാദികളെ കുറിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പോലിസ് നടത്തിയ ഓപറേഷനില്‍ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി മാവോവാദികള്‍ കടുത്ത ശത്രുതാ നിലപാട് സ്വീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day