|    Dec 5 Mon, 2016 3:50 am

മാറാട് മദ്‌റസ: ന്യൂനപക്ഷ കമ്മീഷന്‍ അടുത്ത മാസം വാദംകേള്‍ക്കും

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: മാറാട് മദ്‌റസ തുറക്കുന്നത് സംബന്ധിച്ചും കേരളത്തിലെ ജയിലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടും സമര്‍പ്പിച്ച പരാതികളിലെ വാദം കേള്‍ക്കല്‍ ന്യൂനപക്ഷ കമ്മീഷന്‍ അടുത്ത മാസത്തേക്ക് മാറ്റി. രണ്ടാം മാറാട് സംഭവത്തോടനുബന്ധിച്ച് അടച്ചുപൂട്ടിയ ഹിദായത്തുല്‍ ഇഖ്‌വാന്‍ മദ്‌റസ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് മാറാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലെ വാദം കേള്‍ക്കലാണ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിലെ സിറ്റിങിലേക്ക് മാറ്റിയത്. മദ്‌റസ തുറക്കുന്നത് സംബന്ധിച്ച് കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പോലിസിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. ഇത് പ്രകാരം അടുത്തമാസം ഒന്നിന് മുമ്പ് പോലിസിന്റെ വിശദീകരണം കൂടി തേടിയ ശേഷം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ മുഹമ്മദ് ഹനീഫ കലക്ടറോട് ആവശ്യപ്പെട്ടു. ജയിലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജനമിത്രം കുടുംബക്ഷേമ നീതിവേദി നല്‍കിയ പരാതി വിശദമായ വാദം കേള്‍ക്കാനാണ് അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചത്. നാദാപുരം തൂണേരിയിലുണ്ടായ തീവയ്പ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലെ വാദം കേള്‍ക്കല്‍ അടുത്ത മാസത്തേക്ക് മാറ്റി. പരാതിക്കാരെത്താത്തതിനാലാണ് കേസ് മാറ്റിവച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുന്നത് സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. പരാതി കേന്ദ്ര ന്യൂനപക്ഷ കമീഷന് അയച്ചു കൊടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനാഥാലയങ്ങള്‍ക്ക് ബാധകമാക്കിയതു സംബന്ധിച്ച പരാതി, ഈ വിഷയത്തില്‍ ഹൈകോടതി വിധി വരാനിരിക്കുന്നതിനാല്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. എച്ച്എസ്എസ്ടി (അറബിക്) തസ്തികയിലെ എന്‍സിഎ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പരാതി അടുത്ത സിറ്റിങിനു മുമ്പ് പരിഹരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ആരോഗ്യ വകുപ്പില്‍ അസി. സര്‍ജന്‍ എന്‍സിഎ മുസ്‌ലിം ഒഴിവില്‍ നിയമനം ലഭിക്കുന്നതു സംബന്ധിച്ച് എ കെ മൊയ്തീന്‍ നല്‍കിയ പരാതിയില്‍ അടുത്ത സിറ്റിങിന് മുമ്പ് നടപടി സ്വീകരിക്കാമെന്ന് കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day