|    Oct 25 Tue, 2016 10:34 am
FLASH NEWS

മാര്‍ക്‌സ് വായനകള്‍ അഥവാ ചിന്തയെ കുറിച്ചുളള ചിന്തകള്‍

Published : 16th October 2015 | Posted By: TK
പുസ്തക നിരൂപണം/സഫീര്‍ ഷാബാസ്


മാര്‍ക്‌സിസത്തെ ഭയക്കുന്നത് മുതലാളിത്തം മാത്രമല്ല മുതലാളിത്തത്തോടൊപ്പം സത്തയുടെ അധിനിവേശത്തില്‍ പങ്കാളികളാകുന്ന സത്താ മാര്‍ക്‌സിസ്റ്റുകളുമാണ്.അതായത് അധികാരം ആഗ്രഹിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്കും മാര്‍ക്‌സിസം അതിന്റെ അപനിര്‍മ്മിതി പക്ഷത്തില്‍ ഒരു ഭീഷണിയാണ്.


 

മാര്‍ക്‌സിസത്തെ കമ്മ്യൂണിസ്റ്റ് മൗലിക വാദത്തില്‍ നിന്നും വേര്‍പ്പെടുത്തുക എന്നത് വിമോചന ദൈവശാസ്ത്രം ഏറ്റെടുത്ത ദൗത്യത്തേക്കള്‍ സങ്കീര്‍ണ്ണമായ കാര്യമാണ്.സംഘടിത മതങ്ങ(semtic relegion)ളുടെ വിശ്വാസ പ്രമാണം പോലെ ഇളക്കി പ്രതിഷ്ഠ നടത്താനാവാത്ത വിധം അത് വേരുകളില്‍ അടിയുറച്ച് പോയി എന്നത് തന്നെ കാരണം.

നവോത്ഥാനം സംഭവിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭ്രമാത്മക കല്പനയായി മൗലിക വാദം എന്നും കൂടെയുണ്ട്-അതിന്റെ ശക്തി സ്‌ത്രോസ്സെന്നോണം.ഇതുകൊണ്ട് തന്നെ അത് സമഗ്രാധിപത്യ വ്യവസ്ഥയുടേതായ ജനാധിപത്യ വിരുദ്ധമുഖങ്ങള്‍ പലപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതും.സ്വന്തമായി നീതിശാസ്ത്രം ഇല്ല എന്നതും മാര്‍ക്‌സിന്റെ വിമര്‍ശകര്‍ പോരായ്മയായി ആരോപിക്കാറുണ്ട്.

ദൈവത്തേയും സന്മാര്‍ഗ്ഗത്തേയും ഒരേ പോലെ നിരാകരിക്കുന്ന വീക്ഷണം.എന്നാല്‍ മനസ്സിനേയും ബോധത്തേയും യാഥാര്‍ഥ്യമായി കാണുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പരികല്പന മുന്നോട്ടുവച്ചു എന്നതാണ് മാര്‍ക്‌സിന്റെ ശ്രദ്ധേമായ കാല്‍വെയ്പ്പ്.marxമാര്‍ക്‌സിസ്റ്റ് ചിന്താ പദ്ധതികള്‍ക്ക് ക്ലാസ്സിക്കല്‍ മാനം നല്‍കുന്നതും ഈ ആശയം തന്നെ.യുക്തിയുക്തമായത് എവിടെ കണ്ടാലും അതിനെ സ്വംശീകരിക്കുന്നതിന് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന് മടിയില്ല.എന്നാല്‍ ഇത്തരത്തില്‍ തുറന്ന മനസ്സോടെ ശാസ്ത്രീയമായാണോ വ്യവസ്ഥാപിത മാര്‍ക്‌സിസം ആശയവാദം(Idealsim) ഉള്‍പ്പെടെയുളള ചിന്താ പദ്ധതികളെ സമീപിക്കുന്നത് ?.മാര്‍ക്‌സിസത്തെ വിമോചിപ്പിക്കുക എന്നത് വിമോചന ദൈവശാസ്ത്രത്തിന്റെ ദൗത്യത്തേക്കാള്‍ ശ്രമകരമാകുന്നതും ഇവിടെയാണ്.ആഗോളവത്കരണത്തിന്റെ നവ ലിബറല്‍ ലോകക്രമത്തില്‍ മാര്‍ക്‌സിസത്തെ അപനിര്‍മ്മിക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കയാണ് ഇവിടെ ഒരു കൂട്ടം ചിന്തകര്‍-ഒരു ബൃഹദ് ആഖ്യാനത്തിന്റെ ഉടച്ചുവാര്‍ക്കല്‍.

മാര്‍ക്‌സിസത്തെ കുറിച്ച് ഇന്നോളം ഇറങ്ങിയ ഗ്രന്ഥങ്ങള്‍ പക്ഷാന്തര ചിന്തകളില്‍ നിന്നോ വൈരനിര്യാതന ബുദ്ധിയില്‍ നിന്നോ  പിറന്നുവീണതാണ്.ഇതിനു മധ്യേയുളള സഞ്ചാരമാണ് ‘മാര്‍ക്‌സ് വായനകള്‍'(എഡിറ്റര്‍ ടി വി മധു.റാസ്‌ബെറി ബുക്‌സ് കോഴിക്കോട്).മാര്‍ക്‌സിലേക്ക് പിന്‍മടങ്ങാനോ മാര്‍ക്‌സില്‍ നിന്ന് പിന്‍മടങ്ങാനോ ഉളള ആഹ്വാനങ്ങളേതുമില്ലാതെ മാര്‍ക്‌സിന്റെ ചിന്തന സാമഗ്രികളെ വിചിന്തനം ചെയ്യുകയാണ് വിഭിന്ന ശ്രേണിയില്‍പ്പെട്ട എഴുത്തുകാര്‍. മാര്‍ക്‌സിസ്സ് ഇതര തത്വചിന്തകര്‍ വരെ വിചാരങ്ങള്‍ പങ്കു വെക്കുന്നു എന്നതാണ് മാര്‍ക്‌സ് വായനയെ മൗലികമായ വായനാനുഭവമാക്കിത്തീര്‍ക്കുന്നത്.

പുസ്തകത്തിന് മൂന്നു ഭാഗങ്ങള്‍.മാര്‍ക്‌സിന്റെ പരികല്പനകളെ വിമര്‍ശനാത്മക പഠനത്തിന് വിധേയമാക്കുന്നതാണ് ഒന്നാം ഭാഗം.ലോകോത്തര മാര്‍ക്‌സ് വായനകളെ ഗഹനമായി പരിചയപ്പടുത്തുന്നതാണ് രണ്ടാം ഭാഗം.മൗലിക പ്രതിഭയുളള ഏതാനും ചിന്തകരുമായുളള അഭിമുഖ സംഭാഷണങ്ങളാണ് ഒടുവിലത്തേത്.

സിസെക്ക്,നെഗ്രി,ദെറിദ,അല്‍ത്തൂസര്‍,ഹോബ്‌സ്‌ബോം,അഗംബെന്‍,ഈഗിള്‍ട്ടന്‍,ലഫെബര്‍,കാള്‍ പോപ്പര്‍ തുടങ്ങിയ പാശ്ചാത്യ ചിന്തകരും നിസാര്‍ അഹമ്മദ്,വി സനില്‍,ഉദയകുമാര്‍,ബി രാജീവന്‍,വി സി ശ്രീജന്‍,ടി വി മധു,സച്ചിദാനന്ദന്‍  തൂടങ്ങിയ ഇന്ത്യന്‍ ചിന്തകരും ചിന്തയെ കുറിച്ചുളള ചിന്ത തന്നെ വായനക്കാരുമായി പങ്ക് വെക്കുന്നത്.

മതത്തെ ഇല്ലാതാക്കുന്നതിലൂടെ മനുഷ്യസത്തയെ മോചിപ്പിക്കാമെന്ന്
മാര്‍ക്‌സ് കരുതിയില്ല

ഫോയര്‍ബാഖ് തിസീസുകളെ മുന്‍നിര്‍ത്തി മാര്‍ക്‌സ് മുന്നോട്ടുവയ്ക്കുന്ന ആശയത്തെ മധു ആമുഖത്തില്‍ ഇങ്ങനെ വിചിന്തനം ചെയ്യുന്നു.’ചിന്തയുടെ അകവും യാഥാര്‍ഥ്യത്തിന്റെ പുറവും പരസ്പരം മുറിഞ്ഞ് നില്‍ക്കുന്നുവെന്ന് കരുതുമ്പോള്‍ മാത്രമേ സത്യം എന്നത് ഒരു സൈദ്ധാന്തിക പ്രശ്നമാകുന്നുളളൂ. വാസ്തവത്തില്‍ ചിന്തനത്തിന് വസ്തുനിഷ്ഠമായ സത്യത ആരോപിക്കാനാവുമോ ഇല്ലയോ എന്നത് സൈദ്ധാന്തിക പ്രശ്നമല്ല,മറിച്ച് ഒരു പ്രായോഗിക പ്രശ്നമാണ്’.സൈദ്ധാന്തികമായ മനോഭാവത്തെ സാക്ഷാത്തായ മാനുഷിക മനോഭാവമായി കാണാതിരിക്കുകയും സിദ്ധാന്തത്തെ പ്രാക്‌സില്‍ നിന്ന്  വേറിട്ടുനില്‍ക്കുന്ന സവിശേഷമായ മാനുഷിക പ്രവൃത്തിയായി കാണാതിരിക്കുകയും ചെയ്യുമ്പോള്‍ സത്യത്തേയും വസ്തുനിഷ്ഠതയേയും കുറിച്ചുളള പഴയ ചോദ്യങ്ങള്‍ തന്നെ അസ്ഥാനത്താവുമെന്നും മധു ചൂണ്ടികാട്ടുന്നു.

മാര്‍ക്‌സിന്റെ ജൂതര്‍:അധികാരം അവകാശം വിമോചനം എന്ന ശീര്‍ഷകത്തില്‍ ഉദയകുമാറിന്റെ പ്രബന്ധമാണ് ഈ ബൃഹദ് സമാഹാരത്തില്‍ ആദ്യത്തേത്.മാര്‍ക്‌സിന്റെ ‘ജൂത പ്രശ്‌നത്തെ പറ്റി’ എന്ന ദീര്‍ഘ ലേഖനത്തെ ആസ്പദമാക്കിയുളള മൗലിക അന്വേഷണമാണ് ഉദയകുമാര്‍ നടത്തുന്നത്.ബൗവറിന്റെ അഭിപ്രായങ്ങള്‍ സൈദ്ധാന്തികമായ ഹ്രസ്വദൃഷ്ടിയില്‍ നിന്നാണ് വരുന്നതെന്നും ഭരണകൂടത്തെ മതനിരപേക്ഷമാക്കുന്നത്‌കൊണ്ട് മതം ഇല്ലാതെയാവുന്നില്ലെന്നും(ഉദാ:അമേരിക്ക)മാര്‍ക്‌സ് പ്രസ്താവിച്ച കാര്യം ഉദയകുമാര്‍ എടുത്തുപറയുന്നുണ്ട്. മതത്തെ ഇല്ലാതാക്കുന്നതിലൂടെ മനുഷ്യസത്തയെ മോചിപ്പിക്കാനാകുമെന്ന് മാര്‍ക്‌സ് കരുതിയില്ലെന്നു പ്രബന്ധം പറയുന്നു.

‘മാര്‍ക്‌സിന്റെ ഭൂതങ്ങള്‍’എന്ന ദെറിദയുടെ വിഖ്യാത പ്രബന്ധമാണ് രണ്ടാം ഭാഗത്തെ പ്രൗഢമാക്കുന്നത്.പരാജയത്തിന്റെ (മരണത്തിന്റേയും ഭൂതങ്ങളുടേയും )പക്ഷത്തു നിന്നുകൊണ്ട് മാര്‍ക്‌സിന്റെ പുതിയ പ്രസക്തി വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് അപനിര്‍മ്മാണ(de construction)തത്വചിന്തയുടെ ആചാര്യന്‍.മാര്‍ക്‌സിസത്തിന്റെ അന്ത:സത്ത തന്നെ അപനിര്‍മ്മാണമാണെന്ന് ദറിദ പറയുന്നു.മാറ്റത്തെ തന്റെ ജീവാത്മാവാക്കുമ്പോള്‍ മാര്‍ക്‌സിസം സത്താനിരാസത്തിന്റെ പരമാത്മമാവില്‍ ലയിക്കുന്നു എന്നാണ് ദറിദയുടെ മതം.

മാര്‍ക്‌സിസത്തെ ഭയക്കുന്നത് മുതലാളിത്തം മാത്രമല്ല മതലാളിത്തത്തോടൊപ്പം സത്തയുടെ അധിനിവേശത്തില്‍ പങ്കാളികളാകുന്ന സത്താ മാര്‍ക്‌സിസ്റ്റുകളുമാണ്.അതായത് അധികാരം ആഗ്രഹിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്കും മാര്‍ക്‌സിസം അതിന്റെ അപനിര്‍മ്മിതി പക്ഷത്തില്‍ ഒരു ഭീഷണിയാണ്.മാര്‍ക്‌സ് വായനകളുടെ സാമ്പ്രദായിക വഴക്കങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് അല്‍ത്തൂസറുടെ പ്രബന്ധം.


 താന്‍ മാര്‍ക്‌സിസ്റ്റല്ലെന്ന(iam not a marxsti)മാര്‍ക്‌സിന്റെ പ്രഖ്യാപനം മാര്‍ക്‌സിസം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണെന്ന പ്രകടന പത്രികയായിരുന്നു. ഗുരു ശിഷ്യനാല്‍ ‘ കൊല ചെയ്യപ്പെടേണ്ടവനാണെന്ന’സുവിശേഷ പ്രസംഗം കൂടിയായിരുന്നു അത്. എന്നാല്‍ മാര്‍ക്‌സില്‍ ആത്മീയ പ്രവാചകനെ ദര്‍ശിച്ച് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മതാത്മക യുക്തിയില്‍ തളച്ചിടാണ് വ്യവസ്ഥാപിത ഇടതുപക്ഷം എക്കാലത്തും ശ്രമിച്ചിട്ടുളളത്.


മാര്‍ക്‌സിനെ കൂടാതെ കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയുമോ എന്ന വിചിത്ര ചോദ്യം ഉയര്‍ത്തുകയാണ്  ഇതേ പേരിലെഴുതിയ പ്രബന്ധത്തിലൂടെ നെഗ്രി.മാര്‍ക്‌സിന്റെ മൂല്യം:സ്പിവാക്കിന്റെ ചിതറിയ ചിന്തകളിലൂടെ പരിശോധിക്കുന്ന വി സനിലിന്റെ പ്രബന്ധവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

സാമ്പത്തികമാത്രവാദത്തില്‍  തളച്ചിട്ട് മാര്‍ക്‌സിസത്തെ ഇഴകീറി പരിശോധിക്കുന്ന സാമ്പ്രദായിക ചാക്രിക വിശകലനങ്ങള്‍ക്കപ്പുറം മാര്‍ക്‌സ് എന്ന തത്വജ്ഞാനിയുടെ ചിന്തന സാമഗ്രികളത്രെയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നു എന്നതാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്.ഒപ്പം മാര്‍ക്‌സിസം ഒറ്റമൂലിയല്ലെന്ന ചരിത്രയാഥാര്‍ഥ്യം ഓര്‍മ്മപ്പെടുത്തുന്നു.ഇവിടെ പുസ്തകം സന്ദേഹികളുടെ വേദ ഗ്രന്ഥം കൂടിയായിത്തീരുകയാണ്.താന്‍ മാര്‍ക്‌സിസ്റ്റല്ലെന്ന(iam not a marxsti)മാര്‍ക്‌സിന്റെ പ്രഖ്യാപനം മാര്‍ക്‌സിസം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണെന്ന പ്രകടന പത്രികയായിരുന്നു. ഗുരു ശിഷ്യനാല്‍ ‘ കൊല ചെയ്യപ്പെടേണ്ടവനാണെന്ന’സുവിശേഷ പ്രസംഗം കൂടിയായിരുന്നു അത്.

marx-reading

എന്നാല്‍ മാര്‍ക്‌സില്‍ ആത്മീയ പ്രവാചകനെ ദര്‍ശിച്ച് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മതാത്മക യുക്തിയില്‍ തളച്ചിടാണ് വ്യവസ്ഥാപിത ഇടതുപക്ഷം എക്കാലത്തും ശ്രമിച്ചിട്ടുളളത്.ചിന്തയെ കുറിച്ചുളള ചിന്തയാണ് വൈരുദ്ധ്യാത്മകത ആവശ്യപ്പെടുന്ന യുക്തി.ചിന്ത എന്നത് തലച്ചോറിന്റെയോ ആത്മാവിന്റെയോ തലത്തില്‍ നടക്കുന്ന അമൂര്‍ത്തമോ ജൈവമോ ആയ പ്രവൃത്തിയല്ലെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്പിനോസ പ്രഖ്യാപിച്ചതാണ്.

വൈരുദ്ധ്യാത്മക ചിന്തയുടെ അപനിര്‍മ്മാണത്തിന് തത്വചിന്തയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും പ്രതിഭാസങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു വൈരുദ്ധ്യാത്മക ചിന്തയുടെ പിറവി.വിപരീതങ്ങളുടെ സമരത്തെ കുറിച്ചുളള ബോധതലത്തില്‍നുന്നുല്‍ഭൂതമാകുന്ന ചിന്തയാണിത്.കേവലയുക്തിയല്ലിത്.വിമൃഷ്ടി(critique) ആവശ്യപ്പെടുന്ന ചിന്ത.’നിഷേധത്തിന്റെ നിഷേധം’എന്ന ചിന്താ പദ്ധതിയില്‍ വൈരുദ്ധ്യനിയമത്തിന്റെ സര്‍ഗ്ഗാത്മകയുക്തിയുണ്ട്.വിപരീതങ്ങളോ വികാസങ്ങളോ ഇവിടെ അവസാനിക്കുന്നില്ല.തഴച്ചുവളരുകയാണ് ചെയ്യുന്നത്.വൈരുദ്ധ്യ ചിന്തയുടെ ബഹുസ്വരതയാണ് ‘മാര്‍ക്‌സ് വായനകള്‍’സര്‍ഗ്ഗാത്മക വായനാനുഭവമാക്കി തീര്‍ക്കുന്നത്.


 വൈരുദ്ധ്യ ചിന്തയുടെ ബഹുസ്വരതയാണ് ‘മാര്‍ക്‌സ് വായനകള്‍’സര്‍ഗ്ഗാത്മക വായനാനുഭവമാക്കി തീര്‍ക്കുന്നത്.ലോകത്ത് ഒരാളെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ മാര്‍ക്‌സിസത്തിന്് ചരമഗീതമെഴുതാന്‍ സമയമായിട്ടില്ലെന്നാണ് രാഷ്ട്രീയ വിവക്ഷ


ലോകത്ത് ഒരാളെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ മാര്‍ക്‌സിസത്തിന് ചരമഗീതമെഴുതാന്‍ സമയമായിട്ടില്ലെന്നാണ് രാഷ്ട്രീയ വിവക്ഷ.മാര്‍ക്‌സിസത്തിന്റ ‘കാലം കഴിഞ്ഞു’എന്ന ധാരണയുടേതായ കാലത്തും മാര്‍ക്‌സ് വായനകളെ പ്രസക്തമാക്കിത്തീര്‍ക്കുന്നതും അതുതന്നെ.ഈ സമാഹാരം എഡിറ്റ് ചെയ്ത ഡോ ടി വി മധു ചരിത്രപരമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.മധ്യവര്‍ത്തിത്വം അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ധേഹം കമ്മ്യൂണിസ്റ്റുകളെ തന്നെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് സ്പഷ്ടം.മൗലികമായി മാര്‍ക്‌സിസിറ്റ് വിരുദ്ധത ആരോപിക്കാവുന്ന ഒരു ലേഖനം പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

ഉപരിപ്ലവ ചിന്തകള്‍ പങ്കുവെക്കുന്ന കെ എന്‍ ഗണേശ്,രാജന്‍ ഗുരുക്കള്‍,കെ എസ് മാധവന്‍,പി പവിത്രന്‍,സുനില്‍ പി ഇളയിടം,സി എസ് വെങ്കിടേശ്വരന്‍ എന്നിവരുടെ ലേഖനങ്ങളും പ്രഭാത് പട്‌നായികുമായി സത്യകിറോയി നടത്തിയ അഭിമുഖ സംഭാഷണവും ഈ ഗ്രന്ഥത്തിന്റെ പ്രൗഢതയ്ക്ക് അരോചകമായി അനുഭവപ്പെടുന്നു.ഇതര പ്രബന്ധങ്ങള്‍ ജ്ഞാനാത്മക അന്വേഷണങ്ങളാണെങ്കില്‍ മൗലിക ചിന്തകളേതുമില്ലാത്ത പാണ്ഡിത്യ പ്രകടനപരതയിലൂന്നിയ അറിവുകളാണ് ഇവര്‍ പകരുന്നത്.ഫ്രാങ്ക് ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരെ അപ്പാടെ മാറ്റി നിര്‍ത്തിയിരിക്കുന്നു.

മാറുന്ന വൈരുദ്ധ്യവാദം:ഴീല്‍ ദെലേസ്,ഹേഗലീയന്‍ വൈരുദ്ധ്യവാദത്തില്‍നിന്നുളള മാര്‍ക്‌സിയന്‍ വേര്‍പ്പെടല്‍ പൂര്‍ത്തിയാകുന്നതിനെ കുറിച്ച്- പ്രൊഫ ബി രാജീവനുമായി പി പി മുഹമ്മദലി നടത്തുന്ന സംഭാഷണത്തില്‍ ഒരു കമ്മ്യൂണിസ്്റ്റ്കാരന്‍ മൗലികവാദത്തില്‍ നിന്നും വിടുതി പ്രഖ്യാപിച്ച് മൗലികചിന്തയെ പുണരുന്നത് കാണാം.നെഗ്രിയുടെ ‘ജനസഞ്ചയം’എന്ന ആശയത്തെ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ജൈവരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു രാജീവന്‍.

ഡോ നിസാര്‍ അഹമ്മദുമായി ഡോ മധു നടത്തുന്ന ദീര്‍ഘ സംഭാഷണമാണ് അവസാന ഭാഗം.’ഞാന്‍ മാര്‍ക്‌സിനേക്കാള്‍ ഭൗതികവാദിയായതുകൊണ്ട് ശരീരങ്ങള്‍(ഉടലുളളതെല്ലാം ,സ്ഥല-കാലത്തില്‍ ബന്ധിച്ചതെല്ലാം)മാത്രമേ ഉളളൂ എന്ന് ചിന്തിക്കുന്നു.ഇതാണ് തത്വചിന്തയുടെ അന്ത്യമായി ഞാന്‍ കാണുന്നത്.ഇങ്ങനെ പറയുന്ന മാത്രയില്‍ തന്നെ ശാരീരിക ജീവിതത്തിന്റെ വ്യര്‍ത്ഥതയും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്’.എന്ന നിസാറിന്റെ ദര്‍ശനം സത്താശാസ്ത്രത്തിന്റെ നൂതന വെളിപാടിനെയാണ് അടയാളപ്പെടുത്തുന്നത്.


 ‘ഞാന്‍ മാര്‍ക്‌സിനേക്കാള്‍ ഭൗതികവാദിയായതുകൊണ്ട് ശരീരങ്ങള്‍(ഉടലുളളതെല്ലാം ,സ്ഥല-കാലത്തില്‍ ബന്ധിച്ചതെല്ലാം)മാത്രമേ ഉളളൂ എന്ന് ചിന്തിക്കുന്നു.ഇതാണ് തത്വചിന്തയുടെ അന്ത്യമായി ഞാന്‍ കാണുന്നത്.ഇങ്ങനെ പറയുന്ന മാത്രയില്‍ തന്നെ ശാരീരിക ജീവിതത്തിന്റെ വ്യര്‍ത്ഥതയും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്’


 കീര്‍ക്കേഗാഡില്‍ നിന്നും സാര്‍ത്രില്‍ നിന്നും അസ്തിത്വത്തെ മോചിപ്പിക്കാനുളള ആലോചന.ശാരീരിക ജീവിതത്തിന്റെ അസംബന്ധത എന്തെങ്കിലും ഉത്തരം കണ്ടെത്തി പരിഹരിക്കേണ്ട ഒരു കാര്യമല്ല.അത് വ്യര്‍ത്ഥതതാ ബോധം ഒട്ടും ബാധിക്കാതെ ജീവിച്ചു തീര്‍ക്കേണ്ട കാര്യമാണ്.നമ്മുടെ ജീവിതങ്ങളില്‍ നിന്ന് അകറ്റി മാറ്റേണ്ട ഒന്നല്ല അസംബന്ധത.ഇങ്ങനെ ഒരു ദര്‍ശനം മാര്‍ക്‌സില്‍ കാണുന്നില്ലെന്നും നിസാര്‍ ചൂണ്ടിക്കാട്ടുന്നു.തങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്് ആളുകള്‍ക്കറിഞ്ഞുകൂടാ എന്ന സങ്കല്പനമാണ് പ്രത്യയശാസ്ത്രത്തെ പ്രസക്തമാക്കിത്തീര്‍ക്കുന്നതെന്ന സ്‌ളാവോയ് സിസേക്കിന്റെ പ്രസ്താവന നമുക്ക് ഇവിടെ കൂട്ടിവായിക്കാം.

 

 

 

 

 

 

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 263 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day