|    Oct 24 Mon, 2016 4:06 pm
FLASH NEWS

മാമാങ്കാനന്തര അസ്വാസ്ഥ്യങ്ങള്‍

Published : 21st May 2016 | Posted By: mi.ptk

കുന്നത്തൂര്‍ രാധാകൃഷ്ണന്‍
തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞപ്പോള്‍ ചിലര്‍ കൂട്ടത്തോടെ പൂര്‍ണ കോമയിലായി എന്നതാണു വസ്ത്രമുടുക്കാത്ത സത്യം. ഇക്കൂട്ടത്തില്‍ പ്രമുഖ പുണ്യവാനാണ് വെള്ളാപ്പള്ളി മൊയ്‌ലാളി. പ്രചാരണകാലത്ത് എന്തെല്ലാമായിരുന്നു പുകില്. ബിജിമോളെ ചവിട്ടിക്കൂട്ടും. ഇടുക്കി കരിംഭൂതത്തെ കരടിയാക്കി ഭസ്മമാക്കും. അങ്ങനെ ഒത്തിരിഒത്തിരി മഹദ്വചനങ്ങള്‍. സ്വപ്‌നത്തിനും കുറവില്ലായിരുന്നു. പുന്നാരമോന്‍ തുഷാരന് കേന്ദ്രമന്ത്രി പദവി. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവര്‍ക്കു മേല്‍ തന്റെ മാത്രം കമാന്‍ഡ്. കാവി പാര്‍ട്ടിക്കാരെ അരുക്കാക്കിയുള്ള സിംഹ ഗര്‍ജനം. ന്റമ്മോ, കുളിരു കോരിയിടുന്ന ഈ സ്വപ്‌നങ്ങളല്ലേ നിലം പരിശായി പോയത്. രാജേട്ടന്‍ സഭയില്‍ കടന്നു കൂടിയത് മ്മളെ ബിഡിജെഎസിന്റെ വോട്ട് കൊണ്ടു കൂടിയാണെന്നു സമാധാനിക്കാം. എന്നാല്‍ കാവിക്കാര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഒരു കാവിക്കാരന്‍ മുഖത്തു നോക്കി ചോദിച്ചത് ഇങ്ങനെയാണത്രെ: ‘അല്ല മൊയലാളി, നായമ്മാര് ഞളെ പാര്‍ട്ടിയില് ചേര്‍ന്നോ?’ പ്രചാരണക്കാലമായതിനാല്‍ ഓന്റെ ചെപ്പയ്ക്കിട്ട് രണ്ടെണ്ണം കൊടുത്തില്ല എന്നേയുള്ളൂ. റിസല്‍ട്ട് വരെട്ടെടാ അന്നെ പൊക്കുന്നുണ്ട് എന്നു മനസ്സില്‍ ഉരുവിടുകയും ചെയ്തു. ചോപ്പന്‍മാരുടെ വോട്ട് പകുതിയാക്കി ചുരുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഈഴവവോട്ട് മുയ്മന്‍ പെട്ടിയിലാക്കി, മൈക്രോ ഫിനാന്‍സിന് ശക്തി പകരാം എന്നും കരുതി. എന്നിട്ടെന്തായി? ഈ പടച്ചോന് മനസ്സാക്ഷി എന്നൊരു സാധനമുണ്ടോ? ഒരു കമ്യൂണിസ്റ്റ് രഹിത കേരളത്തിനായി ഗുരുവായൂര്‍ അമ്പലത്തില്‍ എത്രമാത്രം തുലാഭാരം തൂക്കി. വേഷപ്രച്ഛന്നനായി അനവധി തവണ ക്യൂ നിന്നു. കേന്ദ്രത്തിലെ മോദി തമ്പ്രാന്‍ ഒരു ഹെലികോപ്റ്റര്‍ തന്നയച്ചപ്പോള്‍ ഈ ശെയ്ത്താന്റെ മണ്ണില്‍ പറന്നു കൊത്തിയില്ലേ? രാമരാജ്യത്തിനായി കാവിക്കാരേക്കാള്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കി. എന്നിട്ടോ, ഗുണം കിട്ടിയത് ചോപ്പന്മാര്‍ക്ക്. കോമ എന്ന അബോധാവസ്ഥയില്‍ നിന്ന്, സ്വപ്‌നങ്ങള്‍ വെടിഞ്ഞു കിമ എന്ന ബോധാവസ്ഥയിലേക്കു തിരിച്ചെത്തുമ്പോള്‍ മെയ്‌ലാളി ആകെ വിയര്‍ത്തു കുളിച്ചിരുന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരുത്തനെയും കാണാനില്ല. കഴിഞ്ഞ രണ്ടുമാസക്കാലം എപ്പോഴും ഓച്ചാനിച്ച് ഓശാനപാടുന്നവരുടെ വന്‍ പട തിക്കിത്തിരക്കിയിരുന്നു. അംഗരക്ഷകര്‍ എന്ന ഘടാഘടിയന്‍മാര്‍ അവരെയെല്ലാം നിലംതൊടാതെ ഓടിച്ചു. എന്നിട്ടും മല്‍സരിച്ച് ഓച്ചാനിക്കാന്‍ വീണ്ടുമെത്തിയവരെ തുരത്താന്‍ ലാത്തിയടി വേണ്ടിവന്നില്ലേ! യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്? ജന്മം മുഴുവന്‍ ഈഴവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഈ പാവം മൊയ്‌ലാളിയോട് ഈഴവര്‍ ചെയ്തതെന്താണ്? ഇത്രമാത്രം സ്‌നേഹമില്ലാത്തവരായിപ്പോയല്ലോ അവര്‍. ബിഡിജെഎസിന്റെ ഒരുത്തനെയെങ്കിലും അവര്‍ക്കു തിരഞ്ഞെടുക്കാമായിരുന്നില്ലേ?നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ജനസഞ്ചയം പോളിങ് ബൂത്തിലെത്തിയപ്പോള്‍ ചോപ്പന്‍മാരായതിന്റെ മനശ്ശാസ്ത്രം എന്തായിരിക്കും? ഫ്രോയിഡ് സായ്പിനെ വായിക്കുക തന്നെ. അല്ലെങ്കിലും ഇനി വായിക്കാന്‍ സമയം ആവശ്യത്തിലേറെയുണ്ടല്ലോ! മോദി തമ്പ്രാനെ ഇനി എങ്ങനെ ഫേസ് ചെയ്യും? സീറ്റ് വാരിക്കോരിയെടുക്കും. ചോപ്പന്മാരെ ചൈനയിലേക്ക് കെട്ടുകെട്ടിക്കും. കോണ്‍ഗ്രസ് മുക്ത കേരളം യാഥാര്‍ഥ്യമാക്കും എന്നൊക്കെയായിരുന്നല്ലോ, വെള്ളത്താടിക്കും കരിന്താടിക്കും നല്‍കിയ വാഗ്ദാനം. മന്ത്രിക്കുപ്പായം തുന്നി പെട്ടിയില്‍ സൂക്ഷിച്ച പുന്നാരച്ചെക്കന്‍ തുഷാരനെയും കാണാനില്ല. പണ്ടാരം; ഓനെവിടെപ്പോയി. മൊയ്‌ലാളി തപ്പിത്തടഞ്ഞ് ഡല്‍ഹിയിലെ വല്യമ്പ്രാനുമായി ഹോട്ട് ലൈനില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ മറുവശത്തു നിന്ന് ഒരു പൈങ്കിളിപെണ്ണ് രോഷത്തോടെ റോങ് നമ്പര്‍ എന്നു വിളിച്ചുകൂവി. എന്ത് ഹോട്ട് ലൈനിലും റോങ് നമ്പറോ? കലികാലം തന്നെ. ആശുപത്രി മുറിയില്‍ നിന്ന് മൊയ്‌ലാളി പുറത്തുകടന്നു. പുറത്ത് ഒരു ചാവാളി നായ കാവലിരിക്കുന്നു. അതിനെ ചവിട്ടാനോങ്ങിയ മൊയ്‌ലാളി അടിതെറ്റിവീണു. അയ്യോ എന്ന നിലവിളി കേട്ട് ആശുപത്രി ജീവനക്കാര്‍ സ്‌ലോമോഷനില്‍ ഓടിവന്നു. അവരോട് മൊയ്‌ലാളി വിനീതവിധേയനായി ചോദിച്ചു. ‘പുറത്ത് ന്റെ ഹെലികോപ്റ്ററുണ്ടോ?’ അപ്പോള്‍ കൃശാമണി അമ്മ എന്ന ബിഡിജെഎസ് ഡോക്ടര്‍ പറഞ്ഞു. ‘അത് കേന്ദ്രന്‍ പിന്‍വലിച്ചു. ദുഷ്ടന്മാര്‍’. വെള്ളാപ്പള്ളി, വെറും പുള്ളിയായ മൊയലാളിയായി കോമയിലേക്കു തിരിച്ചുപോകവെ ചുമരിലെ ഛായാപടത്തില്‍ നിന്നു നവോത്ഥാന നായകന്‍ ചമ്മട്ടിയുമായി ഇറങ്ങിവന്നു. നാലെണ്ണം പൊട്ടിച്ചു കൂളായി ചില്ലിനകത്തേക്കു തിരിച്ചുപോയി. അപ്പോള്‍ കൃശാമണി ആത്മഗതമായി പറഞ്ഞു. ‘അബോധാവസ്ഥ നീണ്ടുപോവുമെന്നാണു സൂചന’.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day